SignIn
Kerala Kaumudi Online
Friday, 19 April 2024 10.49 PM IST

വിദേശത്തിരുന്ന് പ്രതിക്ക് മുൻകൂർ ജാമ്യം തേടാമോ?

dubai

കുറ്റകൃത്യത്തിൽ ഏർപ്പെട്ടശേഷം രാജ്യംവിട്ട പ്രതിക്ക് പിന്നീട് മുൻകൂർ ജാമ്യം തേടാൻ അവകാശമുണ്ടോ എന്ന ചോദ്യം നിയമരംഗത്ത് തർക്കവിഷയമാവുകയാണ്. വ്യത്യസ്ത കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഇക്കാര്യം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും വലിയൊരു വാദപ്രതിവാദം കോടതിയിലുയരുമെന്നതിൽ സംശയം വേണ്ട. ചലച്ചിത്രതാരം വിജയ്ബാബു പ്രതിയായ ബലാത്സംഗകേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതാണ് നിയമരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. എന്നാൽ, മറ്റൊരു കേസിൽ ഈ വിധിയോട് വിയോജിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തുവന്നു.

മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ കോടതിയുടേത് വിവേചനാധികാരമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിനാൽ ഈ അധികാരം വിനിയോഗിക്കേണ്ടത് ഓരോ കേസിന്റെയും വസ്തുതകളും പ്രതിയുടെ പശ്ചാത്തലവും അടക്കമുള്ള കാര്യങ്ങൾ ഉൾക്കൊണ്ടായിരിക്കണം. കേസന്വേഷണത്തിനും അറസ്റ്റിനും പൊലീസിന് അവകാശമുള്ളതുപോലെ പൗരന് അറസ്റ്റിൽനിന്നും സംരക്ഷണം തേടാൻ കോടതിയെ സമീപിക്കാനും സാഹചര്യമുണ്ടാകണമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് പറയാം. നീതിതേടി കോടതിയെ സമീപിക്കാനും വിദേശരാജ്യങ്ങൾ സന്ദർശിക്കാനുമുള്ള പൗരന്റെ അവകാശം മൗലികാവകാശമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിട്ടുണ്ട് . എന്നാൽ ചില സന്ദർഭങ്ങളിൽ കേസിൽ പ്രതിയായശേഷം രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് രാജ്യംവിടുകയും തുടർന്ന് കോടതിയിൽ മുൻകൂർജാമ്യം തേടുകയും ചെയ്യുന്നവരുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതാണ് പുതിയ നിയമചർച്ചകൾക്ക് ആധാരം.

പ്രതിയെ നിയമത്തിന്റെ ചട്ടക്കൂട്ടിൽ കൊണ്ടുവരാൻ വിദേശത്തു കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയിലൂടെ കഴിയുമെന്നാണ് ചിലരുടെ അഭിപ്രായം. ഇത് കേസന്വേഷണത്തിനും കാലതാമസം കൂടാതെയുള്ള വിചാരണയ്‌ക്കും സഹായകരമാവുമെന്നും വിലയിരുത്തുന്നവരുണ്ട്. എന്നാൽ ഗുരുതര കേസുകളിൽ ഏർപ്പെട്ടശേഷം രാജ്യം വിടാനും തന്റെ സൗകര്യാർത്ഥം മുൻകൂർ ജാമ്യം തേടാനും പ്രതികൾക്ക് അവസരമൊരുക്കുന്നതാണ് വിദേശത്തുനിന്നും മുൻകൂർ ജാമ്യം തേടാനുള്ള അനുവാദമെന്നും അഭിപ്രായം ഉയർത്തുന്നവരാണ് മറ്റൊരു വിഭാഗം.

വിദേശത്തുള്ള പ്രതിക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സിംഗിൾബെഞ്ച് ഈ വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ ഒരു പോക്‌സോ കേസിൽ പ്രതിയായ യുവതി കുവൈത്തിൽ നിന്ന് മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിഷയം ഡിവിഷൻ ബെഞ്ചിനു വിട്ടത്. നേരത്തെ യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ദുബായിൽ നിന്നു മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോൾ മറ്റൊരു ബെഞ്ച് ഇയാളുടെ അറസ്റ്റ് തടഞ്ഞ് നാട്ടിലെത്താൻ അവസരം ഒരുക്കുകയും പിന്നീടു ഹർജിയിൽ വാദം കേട്ട് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ നടപടിയോടു വിയോജിപ്പുണ്ടെന്നും വിദേശത്തുള്ള പ്രതിക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നും എസ്.എം ഷാഫി കേസിൽ 2020 ൽ മറ്റൊരു സിംഗിൾ ബെഞ്ചിന്റെ വിധിയുള്ളതാണെന്നുമുള്ള ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ നിരീക്ഷണമാണ് ഇപ്പോൾ മറ്റൊരു നിയമയുദ്ധത്തിന് വഴിതുറന്നിരിക്കുന്നത്. പോക്‌സോ കേസിൽ യുവതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ അവർ കുവൈത്തിലാണെന്ന കാരണത്താൽ തള്ളാൻ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ ബെഞ്ച് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് അറസ്റ്റ് തടഞ്ഞ് ദുബായിൽ നിന്ന് നാട്ടിലെത്താൻ മറ്റൊരു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. തുടർന്നാണ് തനിക്കു വിജയ് ബാബു കേസിലെ വിധിയോടു വിയോജിപ്പുണ്ടെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞത്. വിദേശത്തേക്കു മുങ്ങിയ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിക്കു പരിഗണിക്കാമോ, ഇത്തരം പ്രതികൾക്ക് ഇടക്കാല മുൻകൂർ ജാമ്യം നൽകാമോ, അറസ്റ്റ് തടഞ്ഞു ഉത്തരവു നൽകാമോ എന്നീ കാര്യങ്ങളിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം തേടിയിട്ടുള്ളത്. അതുവരെ യുവതിക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.

വിദേശത്തുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു എസ്.എം ഷാഫി കേസിലും ഷാർജ സെക്‌സ് റാക്കറ്റ് കേസിലെ പ്രതി സൗദ ബീവിയുടെ കേസിലും സിംഗിൾബെഞ്ചുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വിയോജിപ്പുണ്ടെങ്കിൽ ഡിവിഷൻ ബെഞ്ചിനു വിടുകയാണ് ചെയ്യേണ്ടിയിരുന്നത്. തനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞുകൊണ്ട് നിയമത്തെ വെല്ലുവിളിച്ച് വിദേശത്തേക്കു കടന്ന പ്രതി അവിടെനിന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകുമ്പോൾ അതനുവദിക്കുന്നതാണ് ഇവിടെ ചോദ്യചിഹ്‌നമായി ഉയരുന്നത്. ഇത്തരം പ്രതികളെ കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകി നാട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല. അയാളെ പിടിച്ചുകൊണ്ടുവരേണ്ടത് അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്വമാണ്. വിജയ് ബാബു കേസിൽ ഇതിനു വിരുദ്ധമായാണ് മറ്റൊരു ബെഞ്ച് തീരുമാനമെടുത്തത്. ഇന്ത്യയിലേക്കെത്താൻ അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടു. ഇത്തരത്തിൽ അറസ്റ്റ് തടയാൻ കോടതിക്ക് കഴിയില്ല. ആവശ്യമെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം നൽകാമായിരുന്നു എന്നുമുള്ള ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം നിയമരംഗത്ത് വ്യാപകമായ ചർച്ചയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്.

അതേസമയം ഇതേ വിഷയത്തിൽ മറ്റൊരു ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചും ഡിവിഷൻ ബെഞ്ചിന് വിട്ടിട്ടുണ്ട്. ഗാർഹിക പീഡനക്കേസിൽ പ്രതിയായ കളമശേരി സ്വദേശി മുഹമ്മദ് അനീസിന്റെ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഡിവിഷൻ ബെഞ്ചിനു വിട്ടത്. ദമാമിലുള്ള ഹർജിക്കാരൻ വിജയ് ബാബു കേസിലെ ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ജൂലായ് പത്തിന് നാട്ടിലെത്താൻ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാമോയെന്ന വിഷയം ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിനാൽ ഈ ഹർജിയും അവിടേക്ക് റഫർ ചെയ്യുകയായിരുന്നു. വിദേശയാത്ര നടത്താനും കോടതിയെ സമീപിക്കാനും പൗരനു മൗലികാവകാശമുണ്ടെന്നിരിക്കെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതി നാട്ടിലുണ്ടാവണമെന്നതു നിർബന്ധമാണോ എന്നതാണ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഉന്നയിക്കുന്ന ചോദ്യം. നിയമപ്രശ്‌നത്തിൽ ഉത്തരം തേടി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് കേസ് ജൂലായ് 15 ന് പരിഗണിക്കുമ്പോൾ നിയമരംഗം കാതോർക്കുകയാണ്. വിധി എന്തുതന്നെയായാലും അത് നിയമപുസ്തകത്തിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BAIL FROM ABROAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.