SignIn
Kerala Kaumudi Online
Thursday, 25 April 2024 11.19 AM IST

അഞ്ച് മാസം, കടത്തിയത് 18.87 കോടിയുടെ സ്വർണ്ണം: കരിപ്പൂരിൽ സുരക്ഷാസംവിധാനങ്ങൾ നോക്കുകുത്തി

gold

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചുള്ള സ്വർണ്ണക്കടത്ത് വീണ്ടും വർദ്ധിക്കുന്നു. അ‍ഞ്ച് മാസത്തിനിടെ 18.87 കോടി രൂപ വില വരുന്ന 36.67 കിലോഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയത്. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയുടെ ഭാഗമായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും പൊലീസ് സ്വർണ്ണം പിടികൂടാറുള്ളത്. കസ്റ്റംസും പൊലീസും അറിയാതെ പോവുന്ന സ്വർണ്ണക്കടത്ത് ഇതിന്റെ പലയിരട്ടി വരും. സ്വർണ്ണം കടത്തുന്നവരെ വിമാനത്താവളത്തിൽ വച്ച് തന്നെ പിടികൂടാനായാലേ സ്വർണക്കടത്ത് കുറയ്ക്കാനാവൂ. അതിവിദഗ്ദ്ധമായാണ് സ്വർണ്ണം കടത്തുന്നതെന്നതിനാൽ ഇവ കണ്ടുപിടിക്കാൻ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും കസ്റ്റംസിന് ഒരുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കസ്റ്റംസിൽ ജീവനക്കാരുടെ കുറവുണ്ട്.

വേണ്ടി വന്നാൽ കൊലപാതകം വരെ

ഫെബ്രുവരി മുതൽ ജൂൺ വരെ 43 കേസുകളിലായി 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികളിൽ ഏറെയുമെന്ന് പൊലീസ് പറഞ്ഞു. 25 വാഹനങ്ങളും പിടികൂടി. സ്വർണ്ണക്കടത്തിന്റെ പേരിൽ കൊലപാതകങ്ങൾ വരെ നടക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് സ്വർണ്ണക്കടത്ത് കാരിയറായി പ്രവർത്തിച്ചിരുന്ന പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുൾ ജലീൽ ക്രൂരമായ മർദ്ദനമേറ്റ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു. കടത്തികൊണ്ടുവന്ന സ്വർണ്ണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ സുഹൃത്തുക്കളും പരിചയക്കാരും തന്നുവിടുന്ന സാധനങ്ങൾ എന്താണെന്ന് നോക്കാത്തത് മൂലം വിമാനത്താവളത്തിൽ കുടുങ്ങുന്നവരുമുണ്ട്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നൽകണമെന്ന് പറഞ്ഞ് ഏൽപ്പിക്കുന്നത് ഇത്തരത്തിൽ സ്വർണ്ണപ്പൊതികളായിരിക്കും. പിടികൂടുന്നത് വലിയ അളവിലുള്ളതാണെങ്കിൽ ജയിൽ ശിക്ഷയടക്കം അനുഭവിക്കേണ്ടി വരുമെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പേകുന്നു.

അഞ്ച് മാസത്തെ സ്വർണ്ണക്കടത്ത് കണക്ക്

പൊലീസ് കേസ് - 43

പിടികൂടിയ സ്വർണ്ണം - 36.3 കിലോ

തുക - 1,​88,371,493 രൂപ

പിടിച്ചെടുത്ത വാഹനങ്ങൾ - 25

പ്രതികളുടെ എണ്ണം - 42

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.