പ്രമുഖർക്ക് വിശ്രമം
മുംബയ്: ഈ മാസം 22 മുതൽ 27വരെ വെസ്റ്റിൻഡീസിനെതിരെ അവരുടെ നാട്ടിൽ നടക്കുന്ന മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. വെറ്റ്റൻ ഓപ്പണർ ശിഖർ ധവാൻ ആണ് ക്യാപ്ടൻ. സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കൊഹ്ലി, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്,മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർക്ക് ബി.സി.സി.ഐ വിശ്രമം അനുവദിച്ചു. ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ ഇല്ല. രവീന്ദ്ര ജഡേജയാണ് 16 അംഗ ടീമിന്റെ വൈസ് ക്യാപ്ടൻ.
ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. 2021 ജൂലായ് 23ന് ശ്രീലങ്കയ്ക്ക് എതിരെ കളിച്ച ഒരേഒരു ഏകദിനം മാത്രമാണ് സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിൽ ആകെയുള്ളത്. ആ മത്സരത്തിൽ 46 റൺസ് നേടിയിരുന്നെങ്കിലും പിന്നീട് സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. അയർലൻഡിനെതിരെ നടന്ന ട്വന്റി-20 പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇപ്പോൾ സഞ്ജുവിന് തുണയായത്.
ടീം: ധവാൻ (ക്യാപ്ടൻ), ജഡേജ (വൈസ് ക്യാപ്ടൻ), റുതുരാജ്, ഗിൽ,ഹൂഡ,സൂര്യകുമാർ,ശ്രേയസ്, ഇഷാൻ,സഞ്ജു,ഷർദ്ദുൾ,ചഹൽ,അക്ഷർ,ആവേശ്,പ്രസിദ്ധ്, സിറാജ്, അർഷദീപ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |