SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.28 AM IST

ബ്രിട്ടണിൽ മന്ത്രിമാരുടെ കൂട്ട രാജി, ബോറിസ് പ്രതിസന്ധിയിൽ  32 മന്ത്രിമാരും സഹ ഉദ്യോഗസ്ഥരും പദവി ഒഴിഞ്ഞു

boris

ലണ്ടൻ: ബ്രിട്ടണിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനെ പ്രതിസന്ധിയിലാക്കി കാബിനറ്റ് പദവിയിലുണ്ടായിരുന്ന ധനമന്ത്രി റിഷി സുനക്, ആരോഗ്യ മന്ത്രി സാജിദ് ജാവിദ് എന്നിവർക്ക് പിന്നാലെ കൂട്ടരാജിയുമായി മന്ത്രിമാർ.

വിൽ ക്വിൻസ് (ശിശു കുടുംബകാര്യം), റോബിൻ വാക്കർ (വിദ്യാഭ്യാസം), അലക് ചോൽക് (സോളിസിറ്റർ ജനറൽ), ജോൺ ഗ്ലെൻ (ട്രഷറി), വിക്ടോറിയ അറ്റ്‌കിൻസ് (നീതി), ജോ ചർച്ചിൽ ( പരിസ്ഥിതി ), സ്റ്റുവാർട്ട് ആൻഡ്രൂ ( ഹൗസിംഗ് ) എന്നിവരുൾപ്പെടെ 15 ജൂനിയർ മന്ത്രിമാരാണ് ഇതുവരെ ബോറിസ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. കൂടാതെ, ലോറ ട്രോട്ട് ( ഗതാഗതം ) ഉൾപ്പെടെ 12 പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാരും രാജിവച്ചവരിൽ ഉൾപ്പെടുന്നു. ആകെ 32 മന്ത്രിമാരും സഹ ഉദ്യോഗസ്ഥരുമാണ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്.

കൺസർവേറ്റീവ് എം.പി ക്രിസ് സ്കിഡ്‌മോർ ബോറിസിനെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനുള്ള കത്ത് സമർപ്പിച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിലെ വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിവയ്ക്ക് കാരണമായി ഇവർ വിശദീകരിക്കുന്നത്. ബോറിസിന്റെ കൺസർവേ​റ്റീവ് പാർട്ടിയിലെ പ്രമുഖനാണ് റോബിൻ വാക്കർ. റോബിന്റെ പിതാവ് പീ​റ്റർ വാക്കർ മാർഗ്ര​റ്റ് താച്ചറുടെ കാലത്ത് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.

പാർട്ടിഗേറ്റ് വിവാദങ്ങളിൽ പ്രതിച്ഛായ മങ്ങിയതിന് പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജി ബോറിസിന്റെ സമ്മർദ്ദം ഇരട്ടിയാക്കിയിരിക്കുകയാണ്. ബോറിസ് രാജിവയ്ക്കണമെന്നും പാർട്ടിയിൽ നേതൃമാറ്റം വേണമെന്നുമുള്ള ആവശ്യം പാർട്ടിയ്ക്കുള്ളിൽ തന്നെ ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബോറിസ് മന്ത്രിസഭയിലെ ഏഷ്യൻ മുഖങ്ങളായ ഇന്ത്യൻ വംശജൻ റിഷി സുനകും പാക് വംശജൻ സാജിദ് ജാവിദും രാജിവച്ചത്. ബോറിസിന്റെ പ്രകടനത്തിലെ അതൃപ്തി തുറന്നു പറഞ്ഞാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്.

നേരത്തെ, ലൈംഗിക അപവാദം നേരിട്ട ക്രിസ് പിൻചറെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിന്റെ പേരിൽ പുലിവാൽ പിടിച്ച ബോറിസ് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, ബോറിസ് വീണ്ടും വീഴ്ചകൾ ആവർത്തിക്കുന്നതായാണ് രാജിവച്ച മന്ത്രിമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ മാസമാണ് സ്വന്തം കക്ഷിയായ കൺസർവേ​റ്റീവ് പാർട്ടിയിലെ വിമത എം.പിമാർ കൊണ്ടുവന്ന പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പിനെ 211 വോട്ടുകൾ നേടി ബോറിസ് അതിജീവിച്ചത്. 180 എം.പിമാരുടെ പിന്തുണയായിരുന്നു അവിശ്വാസം അതിജീവിക്കാൻ വേണ്ടിയിരുന്നത്. പാർലമെന്റിൽ 359 അംഗങ്ങളുള്ള കൺസർവേ​റ്റീവ് പാർട്ടിയിലെ 148 പേർ ബോറിസിനെതിരായി വോട്ട് ചെയ്തിരുന്നു. മന്ത്രിമാർ കൂട്ടരാജിയ്ക്കൊരുങ്ങുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കസേരയിലെ അതിജീവനം ബോറിസിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്.

 കൈയൊഴിഞ്ഞത് വിശ്വസ്തൻ

ബോറിസ് ജോൺസന്റെ വിശ്വസ്തരിൽ ഒരാളായാണ് ധനമന്ത്രി റിഷി സുനക് ( 41 ) അറിയപ്പെട്ടിരുന്നത്. പാർട്ടി ഗേറ്റ് വിവാദങ്ങൾക്കിടെ ബോറിസ് രാജിവച്ചാൽ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് റിഷി സുനകിന്റെ പേരാണ് പലരും ഉയർത്തിയിരുന്നത്. ബോറിസിനേക്കാൾ ജനപ്രീതി റിഷിയ്ക്ക് ബ്രിട്ടണിലുണ്ടെന്നാണ് സർവേ ഫലങ്ങൾ. സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ നിർണ്ണായക നീക്കങ്ങൾ നടത്തിയ ആളാണ് റിഷി. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ ഭർത്താവാണ് റിഷി.

പുതിയ മന്ത്രിമാരെ നിയമിച്ച് ബോറിസ്

ബ്രിട്ടണിൽ രാജിവച്ച ഇന്ത്യൻ വംശജനായ ധനമന്ത്രി റിഷി സുനകിന് പകരം ഇറാഖ് വംശജനായ നദീം സഹാവിയെ നിയമിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എജ്യുക്കേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

55കാരനായ നദീം കുട്ടിയായിരിക്കെയാണ് തന്റെ കുർദ്ദിഷ് കുടുംബത്തോടൊപ്പം ബ്രിട്ടണിലേക്ക് കുടിയേറിയത്. 2010ൽ ആദ്യമായി എം.പിയായി. നദീം വഹിച്ചിരുന്ന എജ്യുക്കേഷൻ സെക്രട്ടറി പദവിയിലേക്ക് പാർട്ടിയിലെ വിശ്വസ്തയായ മിഷേൽ ഡൊനെലനെ ബോറിസ് നിയമിച്ചു.

അതേസമയം, രാജിവച്ച ആരോഗ്യ മന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദിന് പകരം ബോറിസിന്റെ മുൻ ചീഫ് ഒഫ് സ്റ്റാഫായ സ്റ്റീവ് ബാർക്ലേയെ നിയമിച്ചു.

മുന്നോട്ട് പോകും : ബോറിസ്

പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ബോറിസ് ജോൺസൺ. ഇന്നലെ ചേർന്ന പാർലമെന്റ് യോഗത്തിനിടെ ബോറിസ് രാജിവയ്ക്കണമെന്ന ആവശ്യം ഭരണപക്ഷ എം.പിമാരിൽ നിന്ന് ഉൾപ്പെടെ ഉയർന്നു. എന്നാൽ, പ്രയാസകരമായ ഈ സാഹചര്യത്തിലും തന്റെ ജോലി തുടരുമെന്ന് ബോറിസ് പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.