SignIn
Kerala Kaumudi Online
Thursday, 25 April 2024 6.47 AM IST

4.10 ലക്ഷം വിലമതിക്കുന്ന ടോയ്‌ലെറ്റ് മുതൽ സെക്‌സ് ടൂറിസം വരെ: സജി ചെറിയാൻ എന്ന വിവാദ നായകൻ

saji-cheriyan

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനം തീഷ്ണ സമരത്താൽ ഉഴുതുമറിച്ച ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ടാം പിണറായി സർക്കാരിലെ ഏക സി.പി.എം പ്രതിനിധിയാണ് വിവാദ പ്രസംഗത്തിൽ പുലിവാല് പിടിച്ച് പുറത്തേക്ക് പോയത്. സംഘടനാപരമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന സജി ചെറിയാന്റെ രാജി, ആലപ്പുഴ ജില്ലയ്ക്ക് തെല്ലൊരു അമ്പരപ്പുമായി.

അസാധാരണ വേഗമായിരുന്നു പാർലമെന്ററി രംഗത്തുള്ള സജിയുടെ വളർച്ചയ്ക്ക്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടര വർഷത്തോളം മാത്രം സാമാജികനായിരുന്ന സജി, അടുത്ത സർക്കാരിൽ ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പിൻഗാമിയായി മന്ത്രി പദവിയിലെത്തി. നിയമസഭയിൽ അതിന്റേതായ തലയെടുപ്പിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതും.

ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട.സ്റ്റാറ്റിസ്റ്രിക്കൽ ഓഫീസർ ടി.ടി.ചെറിയാന്റെയും റിട്ട.പ്രധാനാദ്ധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965ലാണ് ജനനം. എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്.എഫ്.ഐയിൽ ആകൃഷ്ടനായി. കാൽ നൂറ്റാണ്ട് കെ.എസ്.യു കുത്തപ്പാട്ടത്തിലാക്കിയിരുന്ന മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി.

തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമ വിദ്യാഭ്യാസം. 1980ൽ സി.പി.എം അംഗമായി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. 1995ൽ മുളക്കുഴ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസർവകലാശാല സിൻഡിക്കേറ്റംഗം, സ്‌പോർട്സ് കൗൺസിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2001ൽ പാർട്ടി ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായി.

2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും പി.സി.വിഷ്ണുനാഥിനോട് 5321 വോട്ടുകൾക്ക് പരാജയപ്പെട്ടു. കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്ന് ചെങ്ങന്നൂരിൽ 2018ലെ ഉപതിരഞ്ഞെടുപ്പിൽ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2021ൽ കോൺഗ്രസിന്റെ ജില്ലയിലെ കരുത്തനായ നേതാവ് എം.മുരളിയെ തോൽപ്പിക്കുമ്പോൾ സജിയുടെ ഭൂരിപക്ഷം 32,093 വോട്ടുകളായി വർദ്ധിച്ചു. ക്രിസ്റ്റീനയാണ് ഭാര്യ. മക്കൾ: ഡോ.നിത്യ, ഡോ.ദൃശ്യ, എം.ബി.ബി.എസ് വിദ്യാർത്ഥിനി ശ്രവ്യ.

ദത്ത് വിവാദത്തിലും അധിക്ഷേപം: സജി രക്ഷപ്പെട്ടത് കഷ്‌ടിച്ച്

എട്ടുമാസം മുൻപ് ദത്ത് വിവാദത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കൂടിയായ അമ്മ അനുപമയ്ക്കെതിരെ സജി ചെറിയാൻ നടത്തിയ വിമർശനങ്ങൾ സ്‌ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന പരാതി പൊലീസ് ഒതുക്കിയതുകൊണ്ടാണ് അദ്ദേഹം രക്ഷപെട്ടത്.

കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിൽ 'സമം' സ്ത്രീ നാടകക്കളരി ഉദ്ഘാടനത്തിലായിരുന്നു സജിയുടെ വിവാദപരാമർശങ്ങൾ. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന അനുപമയുടെ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല.


അന്നത്തെ സജിയുടെ വാക്കുകൾ - "കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോവുക. അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത് ".

തന്റെ പങ്കാളി അജിത്തിന് മറ്റ് കുട്ടികളില്ലെന്നും ഇല്ലാക്കഥകൾ പറഞ്ഞ് തങ്ങളെ സജിചെറിയാൻ ആക്ഷേപിക്കുകയാണെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും കാട്ടിയാണ് അനുപമ പരാതിപ്പെട്ടത്. പ്രസംഗത്തിൽ താൻ അനുപമയുടെ പേരു പറഞ്ഞിട്ടില്ലെന്ന പിടിവള്ളിയിൽ സജിചെറിയാൻ രക്ഷപെട്ടു.

സ്‌കൂൾ, സർവകലാശാല പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നും ആ പ്രസംഗത്തിലുണ്ടായിരുന്നു. സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിൽ സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്നു പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനിൽ ലഹരി ഉപയോഗം വ്യാപകമായപ്പോൾ കഞ്ചാവ് നിയമവിധേയമാക്കിയെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

ചെറിയാന്റെ ടോയ്‌ലെറ്റിന് 4.10 ലക്ഷം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ പുതിയ ടോയ്‌ലെറ്റ് നിർമ്മിക്കാൻ 4.10ലക്ഷം രൂപ അനുവദിച്ചത് വൻ വിവാദമായിരുന്നു. ലൈഫ് പദ്ധതിയിൽ പാവപ്പെട്ടവന് നാലു ലക്ഷം രൂപ നൽകി അതുകൊണ്ട് വീട് വയ്ക്കണമെന്ന് പറയുന്ന സർക്കാരാണ് ഇതും ചെയ്തത്. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലായിരുന്നു സജി ചെറിയാന്റെ ഓഫീസ്. തന്റെ ഓഫീസിൽ ടോയ്‌ലെറ്റ് ഇല്ലായിരുന്നെന്നും എത്ര രൂപയാണ് ശുചിമുറി പണിയുന്നതിനായി അനുവദിച്ചതെന്നും ശ്രദ്ധിച്ചിട്ടില്ലെന്നുമായിരുന്നു ചെറിയാന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയവേയാണ് അത്യാധുനിക ടോയ്‌ലെറ്റ് നിർമ്മിക്കാൻ ഭരണാനുമതി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAJI CHERIYAN, SAJI CHERIYAN RESIGNATION, CONTROVERSIES OF SAJI CHERIYAN, POLITICS, CPIM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.