കന്യാകുമാരി:തന്റെ പേന കാണാനില്ലെന്ന പരാതിയുമായി കന്യാകുമാരിയിലെ കോൺഗ്രസ് എംപി വിജയ് വസന്ത്. വെറുമൊരു പേനയല്ല ഒന്നരലക്ഷത്തോളം വിലയുള്ള മോണ്ട്ബ്ലാങ്ക് ഫൗണ്ടൻ പേനയാണ് കാണാതെ പോയത്. കന്യാകുമാരി എംപിയായിരുന്ന പരേതനായ പിതാവ് എച്ച്. വസന്തകുമാറിൽ നിന്ന് തനിക്ക് പാരമ്പര്യമായി ലഭിച്ചതാണ് എന്ന വൈകാരിക അടുപ്പം കൂടി വിജയ് വസന്തിന് ഈ പേനയോടുണ്ട്. അടുത്തിടെ ചെന്നൈയിലെത്തിയ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് പേന നഷ്ടപ്പെട്ടതെന്നാണ് എം പി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
പൊതുജനങ്ങൾ ആരും പങ്കെടുക്കാത്ത ചടങ്ങിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷിയിലെ നേതാക്കളും ജനപ്രതിനിധികളും മാത്രമാണ് ഉണ്ടായിരുന്നത്. ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണത്രേ പേന നഷ്ടപ്പെട്ട വിവരം അറിയുന്നത്. തിരക്കിനിടെ പേന താഴെ വീണതാകാനാണ് സാദ്ധ്യതയെന്നാണ് എം പി പറയുന്നത്. ഇതുസംബന്ധിച്ച ്ഹോട്ടൽ ജീവനക്കാരെയും അറിയിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരെങ്കിലും പേന മോഷ്ടിച്ചതാവാനിടയില്ലെന്നാണ് വിജയ് വസന്ത് പറയുന്നത്.
പിതാവും കന്യാകുമാരി എം പിയുമായ വസന്തകുമാർ കുറച്ചുനാൾ ഉപയോഗിച്ചശേഷമാണ് വിജയ് വസന്തിന് ഇത് സമ്മാനമായി നൽകിയത്. പരാതി ലഭിച്ചതോടെ പൊലീസ് മേൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും തുമ്പ് ലഭിച്ചോ എന്ന് വ്യക്തമല്ല.