തിരുവനന്തപുരം: പെൺസുഹൃത്തിനെ കാണാനായി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. നരുവാമൂട് സ്വദേശിയായ കിരണിനെയാണ് കാണാതായത്. പെൺസുഹൃത്തിന്റെ ബന്ധുക്കൾ യുവാവിനെ തട്ടിക്കൊണ്ടുപോയന്നാണ് ആരോപണം.
വിഴിഞ്ഞം സ്വദേശിയായ പെൺകുട്ടിയെ കാണാനായി ഇന്നലെയാണ് കിരൺ രണ്ടു സുഹൃത്തുക്കളുമായെത്തിയത്. എന്നാൽ വീടിന് മുന്നിൽവച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ കിരണിനെയും സുഹൃത്തുക്കളെയും കാറിലും ബൈക്കിലുമായി കൂട്ടിക്കൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെൽവിൽ പറഞ്ഞു. ഇടയ്ക്ക് ബൈക്ക് നിർത്തിയപ്പോൾ കിരൺ ഇറങ്ങിയോടിയെന്ന് ബന്ധുക്കൾ പറയുന്നു.
കിരണിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരൻ കടലിൽ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവ് കടലിൽ ചാടിയതായാണ് സംശയം. തുടർന്ന് നടത്തിയ പരിശോധനയിൽ ആഴിമലയിൽ നിന്ന് യുവാവിന്റെ ചെരുപ്പ് കോസ്റ്റൽ പൊലീസിന് ലഭിച്ചു. കിരണിനായി തിരച്ചിൽ തുടരുകയാണ്. തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കുന്നവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |