SignIn
Kerala Kaumudi Online
Saturday, 20 April 2024 4.59 AM IST

അവസരങ്ങളെ വെല്ലുവിളിച്ച് ആൾപ്പെരുപ്പം

photo

ജനസംഖ്യാപരമായ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1989 മുതലാണ് ജൂലായ് 11 ലോകജനസംഖ്യാദിനമായി ആചരിക്കുന്നത്. '800 കോടി ജനങ്ങളുടെ ഒരു ലോകം അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവരുടെയും അവകാശങ്ങളും സാദ്ധ്യതകളും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ എല്ലാവർക്കും സുസ്ഥിര ഭാവി' എന്നതാണ് ഈ വർഷത്തെ ജനസംഖ്യാദിനത്തിന്റെ വിഷയം.

ലോകജനസംഖ്യ ഇന്ന് 800 കോടിക്കടുത്ത് എത്തിയിരിക്കുകയാണ്. 2030 ആകുമ്പോഴേക്കും ഇത് ഏകദേശം 850 കോടിയും 2050 ൽ ഏകദേശം 970 കോടിയുമായി വർദ്ധിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലോകജനസംഖ്യാ വർദ്ധനവിന്റെ ഏകദേശം നാലിൽ മൂന്നും ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാണ് നടക്കുന്നത്. 1800ൽ മാത്രമാണ് ലോകജനസംഖ്യ 100 കോടി തികഞ്ഞത്. ഏഴ് മടങ്ങ് വർദ്ധിച്ച് 2011 ൽ ഇത് 700 കോടിയായി. എന്നാൽ കഴിഞ്ഞ കുറെ ദശകങ്ങളായി വർദ്ധനവിന്റെ തോത് കുറയുന്നുണ്ട്. ഇതുമൂലം 2100ഓടു കൂടി ലോകജനസംഖ്യ 1100 കോടിയിലെത്തുമെന്നും അതിനുശേഷം വളർച്ച തുലോം കുറവായിരിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ചൈന കഴിഞ്ഞാൽ ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിലെ ജനസംഖ്യ 139 കോടിയായിട്ടുണ്ട്. വിസ്തൃതിയിൽ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ വലിപ്പം 32,87,263 ചതുരശ്ര കിലോമീറ്ററാണ്. ഭൂമിയുടെ കരവിസ്തൃതിയുടെ 2.4 ശതമാനമാണിത്. എന്നാൽ ലോകത്തിലെ 17.5 ശതമാനം ജനങ്ങളും വസിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ജനസംഖ്യ ഒരുവർഷം 1.7 ശതമാനം വർദ്ധിക്കുന്നെന്ന് 2011 ലെ സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു. 1901ൽ 23.8 കോടിയായിരുന്ന നമ്മുടെ ജനസംഖ്യ 1901 നും 2022 നുമിടയിൽ അഞ്ചുമടങ്ങിലധികം വർദ്ധിച്ചു.
സുസ്ഥിരവികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ നിർമാർജനം, ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം, കുടുംബാസൂത്രണ മാർഗങ്ങളുടെ ലഭ്യത തുടങ്ങിയവയിൽ 2030 ഓടുകൂടി ലക്ഷ്യപ്രാപ്തി കൈവരിക്കേണ്ടത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്.

അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) പ്രകാരം സുസ്ഥിരവികസന ലക്ഷ്യങ്ങളിലെ സൂചകങ്ങൾ പലതും കൈവരിക്കാൻ ഇന്ത്യക്ക് സാധിക്കുമോ എന്ന സംശയമുണ്ട്. സാർവത്രിക ശുചിത്വം സമ്പൂർണ ആരോഗ്യപരിരക്ഷ തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യയ്‌ക്ക് ഇനിയും ഏറെ മുന്നേറാനുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സുസ്ഥിരവികസന ലക്ഷ്യസൂചകങ്ങളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടെന്നത് ആശാവഹമാണ്. പല സൂചകങ്ങളിലുമുള്ള ഗ്രാമ-നഗര വ്യത്യാസങ്ങളും കുറയുന്നുണ്ട്. മാതൃമരണനിരക്ക് 70 ആയി കുറയ്‌ക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. അമ്മമാരുടെ ആരോഗ്യം സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന ജനനി സുരക്ഷാ യോജന, മാതൃശിശു സുരക്ഷാ കാര്യക്രം, മുതലായ പദ്ധതികൾ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. അതേസമയം എല്ലാത്തരം പോഷകാഹാരക്കുറവും ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കുക എന്നത് ഇന്ത്യയ്‌ക്ക് വെല്ലുവിളിയാണെന്ന് NFHS-5 ന്റെ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് വിളർച്ചയുള്ള സ്ത്രീകളുടെ എണ്ണത്തിൽ നാല്
ശതമാനം വർദ്ധനവാണ് NFHS-5 കാണിക്കുന്നത്, കുട്ടികളുടെ പോഷകാഹാരക്കുറവും വലിയ പ്രശ്നമായി അവശേഷിക്കുന്നു. കുട്ടികളിലെ മുരടിപ്പ്, ഭാരക്കുറവ് തുടങ്ങിയ സൂചകങ്ങളിൽ ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകൾ ഇന്ത്യയിലാണ്. ദേശീയ പാർപ്പിട പദ്ധതി, ദാരിദ്ര്യ നിർമാർജന പദ്ധതി, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതികൾ, സംയോജിത ശിശുവികസന പദ്ധതി തുടങ്ങിയവയെല്ലാം സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്നവയാണ്. മനുഷ്യാവകാശങ്ങൾക്ക് തെല്ലും കോട്ടം തട്ടാത്ത വിധത്തിൽ സുസ്ഥിരവികസന ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനുതകുന്ന പദ്ധതികൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകളും കുട്ടികളും, ദുർബലവിഭാഗക്കാർ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെയെല്ലാം ആരോഗ്യ സാമൂഹ്യ സാമ്പത്തിക പരിരക്ഷ വിവേചനങ്ങൾക്ക് അതീതമായി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

ലോകത്താകമാനം ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും ചെയ്യുന്നു. ഇതുമൂലം ജനസംഖ്യയുടെ ശരാശരിപ്രായം വർദ്ധിക്കുന്നു. 60 വയസിനുമുകളിൽ പ്രായമുള്ള ജനങ്ങളുടെ അനുപാതവും വർദ്ധിക്കുന്നു. ജനസംഖ്യയിലെ പ്രായഘടനയിലുണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങൾ മൂലം പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. സാംക്രമികേതര രോഗങ്ങളുടെ അഭൂതപൂർവമായ വർദ്ധനവിനുള്ള ഒരു പ്രധാന കാരണം ജനവാർദ്ധക്യം തന്നെയാണ്. ഇന്ത്യയിൽ 2050 ഓടെ 20 ശതമാനം പേ‌ർ വൃദ്ധരായിരിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജനവാർദ്ധക്യം മറ്റുപല സാമൂഹ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് കാണാം.
പാർപ്പിടം, ഉപജീവനം, പരിചരണവും പിന്തുണയും എന്നിവ വയോജനങ്ങൾക്ക് പ്രാപ്യമാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ജനസംഖ്യയുടെ ഭാവി നിർണയിക്കാനും വികാസനോന്മുഖമായ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാനും അടിസ്ഥാനതലം വരെയുള്ള സ്ഥിതിവിവര കണക്കുകൾ അത്യാവശ്യമാണ്. പല രാഷ്ട്രങ്ങളും ജനപ്പെരുപ്പത്തിന്റെ തോത് കുറയുകയാണോ കൂടുകയാണോ എന്ന ആശങ്കയ്‌ക്ക് പിറകെ സഞ്ചരിക്കുമ്പോൾ ജനങ്ങളുടെ അവകാശങ്ങളും അവസരങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം തമസ്‌കരിക്കപ്പെടുന്നു.
ഇത്തവണത്തെ ജനസംഖ്യാദിനത്തിന്റെ പ്രതിപാദ്യവിഷയം ആഹ്വാനം ചെയ്യുന്നതുപോലെ എല്ലാവരുടെയും പ്രത്യുത്പാദനപരമായ അവകാശങ്ങൾ സംരക്ഷിച്ചും, എല്ലാവർക്കും വിവേചനരഹിതമായി അവസരങ്ങൾ ലഭ്യമാക്കിയും ജനങ്ങൾക്ക് സുസ്ഥിരഭാവി പ്രദാനം ചെയ്യാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കഴിയട്ടയെന്ന് ആശിക്കാം.

കേരള സർവകലാശാല പോപ്പുലേഷൻ റിസർച്ച് സെന്റർ ഡയറക്‌ടറും ഡിപ്പാർട്ട്മെന്റ് ഒഫ് ഡെമോഗ്രഫി തലവനുമാണ് ലേഖകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD POPULATION DAY, POPULATION DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.