SignIn
Kerala Kaumudi Online
Saturday, 20 April 2024 7.59 AM IST

വളർത്തുമൃഗങ്ങൾക്ക് രാപ്പകൽ സേവനം മാത്രം പോരാ...

cow

വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ വിദഗ്ധപരിചരണവുമായി മൃഗസംരക്ഷണ വകുപ്പ് വളർത്തുമൃഗങ്ങൾക്ക് രാത്രികാല സേവനം ഉറപ്പാക്കിയിരിക്കുകയാണ്. വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന അത്യാഹിതങ്ങൾക്കാണ് ഈ രാത്രികാല സേവനം. പ്രസവസംബന്ധമായ പ്രശ്‌നങ്ങൾ, ഗുരുതരമായ രോഗബാധ, പെട്ടെന്ന് തളർന്നുവീഴുക എന്നിവയ്ക്കെല്ലാം ഏത് പാതിരാത്രിയിലും ചികിത്സ നൽകുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങൾക്കെല്ലാം സേവനം ലഭ്യമാക്കുന്നുണ്ട്. അത്യാവശ്യം മരുന്നുകളും നൽകും. മലയോര മേഖലകളിൽ ഉൾപ്പെടെ രാത്രിയിൽ അടിയന്തരമായി ഡോക്ടർമാരുടെ സേവനം ആവശ്യമായി വരുന്നതിനാലാണ് വെറ്ററിനറി സേവനം നടപ്പിലാക്കിയത്. സംസ്ഥാന തലത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനുളള പ്രവർത്തനങ്ങൾ സജീവമാക്കുന്നതെല്ലാം നല്ലതു തന്നെ. പക്ഷേ, പശുവിനേയും ആടിനേയുമെല്ലാം വളർത്തുന്നവരുടെ വേദനകളും പരാതികളും ഇപ്പോഴും സർക്കാർ ഉൾക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. ക്ഷീരകർഷകരിൽ ഭൂരിഭാഗവും പാൽവിൽപ്പനയ്ക്ക് ആശ്രയിക്കുന്നത് ക്ഷീരസംഘങ്ങളെയാണ്. ഒരു ലിറ്റർ പാലിന് പരമാവധി 40 രൂപയാണ് കർഷർക്ക് ലഭിക്കുന്നത്. അമ്പത് രൂപയ്ക്കാണ് ഇത് സംഘങ്ങൾ വിൽക്കുന്നത്. രാവിലെ അളക്കുന്ന പാലിന് ഗുണനിലവാരവും കൊഴുപ്പും കുറവാണെന്ന് പറഞ്ഞ് വീണ്ടും വില വെട്ടിക്കുറയ്ക്കും.

അനുദിനം കൂടുന്ന കാലിത്തീറ്റയുടെ വിലവർദ്ധന ഒരുവശത്ത്. അതോടൊപ്പം രോഗബാധയും കൂടുകയാണ്. മരുന്ന് വിലയും പശുവിന്റെ വിലയും എല്ലാം കർഷകർക്ക് താങ്ങാവുന്നതിലപ്പുറമാണ്. കാലിത്തീറ്റ വിപണിയിൽ പ്രമുഖ കമ്പനികളെല്ലാം ഇനിയും വില കൂട്ടാനുള്ള തയാറെടുപ്പിലാണ്.

22 മാസത്തിനിടെ ആറുതവണയാണ് കാലിത്തീറ്റ വില കൂട്ടിയതെന്നാണ് കർഷകർ പറയുന്നത്. കാലിത്തീറ്റ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും അവർക്ക് പരാതിയുണ്ട്. ഒരുവർഷത്തിനിടെ ചില കമ്പനികൾ 200 രൂപയോളമാണ് കൂട്ടിയത്. പത്ത് പശുവുള്ള ക്ഷീരകർഷകന് 80 കിലോ കാലിത്തീറ്റവേണമെന്ന് കണക്കാക്കിയാൽ മാസം 8000 രൂപയോളം അധികച്ചെലവുണ്ടെന്നാണ് പറയുന്നത്. കാലിത്തീറ്റയ്ക്ക് മാത്രമല്ല, പുല്ലിനും ചോളത്തിനും പിണ്ണാക്കിനും വരെ വില കുതിച്ചുയർന്നു. അതുകൊണ്ടു തന്നെ പാലിന് വില കൂട്ടുന്നതിനൊപ്പം കൂടുതൽ സബ്സിഡികളും മറ്റും നൽകി ക്ഷീരകർഷകർക്ക് താങ്ങാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചുരുക്കത്തിൽ, പശുവിനെ വളർത്താനുള്ള ദൈനംദിന ചെലവുകൾ നോക്കിയാൽ ഒരു ലിറ്റർ പാലിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയെങ്കിലും ലഭിക്കണമെന്നാണ് കർഷകർ പറയുന്നത്. ആട്, എരുമ, കോഴി തുടങ്ങിയവയെ വളർത്തുന്ന കർഷകർക്ക് ഇതെല്ലാം ജീവിതമാർഗത്തിനുളള തൊഴിലായി കൊണ്ടുനടക്കാവുന്ന സ്ഥിതിയല്ല. മറ്റെന്തെങ്കിലും തൊഴിലുണ്ടെങ്കിൽ അതിൻ്റെ ഭാഗമായി മാത്രമേ നടത്താൻ കഴിയൂവെന്നതാണ് സത്യം.

  • രോഗങ്ങളും വെല്ലുവിളി

കഴിഞ്ഞദിവസങ്ങളിൽ ആന്ത്രാക്‌സ് ഭീഷണി വരെ അതിരപ്പിള്ളി ഭാഗങ്ങളിലുണ്ടായി. അതിരപ്പിള്ളി വനമേഖലയിൽ കൂട്ടത്തോടെ ചത്ത കാട്ടുപന്നികൾക്ക് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാലാണ് വളർത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ടായത്. രോഗം പകരാനുള്ള സാദ്ധ്യത മുന്നിൽകണ്ട് അതിരപ്പിള്ളി പഞ്ചായത്തിലെ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്ക് അടിയന്തരമായി വാക്‌സിൻ നൽകാൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. വളർത്തു മൃഗങ്ങൾക്ക് രോഗലക്ഷണങ്ങൾ കാണുന്ന പക്ഷം ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മൃഗങ്ങളുടെ മൃതദേഹം മറവ് ചെയ്യുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. മനുഷ്യർക്കും വന്യമൃഗങ്ങൾക്കുമെല്ലാം ഉണ്ടാകുന്ന രോഗങ്ങൾ പലതും വളർത്തുമൃഗങ്ങളേയും ബാധിക്കുന്നുവെന്ന് ചുരുക്കം.

  • മഴക്കാലത്ത് പ്രതിസന്ധികളേറെ


സംസ്ഥാനത്ത് മഴശക്തമായതോടെ മഴക്കാലരോഗങ്ങൾ വളർത്തുമൃഗങ്ങൾക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നു. കൊതുകുജന്യരോഗങ്ങൾ മുതൽ കുളമ്പുരോഗം വരെയുളള രോഗബാധകളുടെ നടുവിലാണ് വളർത്തുമൃഗങ്ങൾ. രോഗങ്ങൾക്കെതിരേയുളള വാക്‌സിനേഷനുകളും മറ്റും നടക്കുന്നുണ്ടെങ്കിലും രോഗപ്രതിരാേധം എങ്ങനെ വേണമെന്നത് സംബന്ധിച്ച് കൃത്യമായ ബോധവൽക്കരണം കർഷകരിലേക്ക് എത്തുന്നില്ലെന്നതാണ് സത്യം.

തൊഴുത്തുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് മഴക്കാലത്ത് ഏറെ പ്രയാസകരമാണ്. ഷീറ്റ് മേഞ്ഞ തൊഴുത്തുകൾ ശക്തമായ കാറ്റിൽ തകരുന്നതും പതിവായിട്ടുണ്ട്. കൊതുക് അടക്കമുള്ളവയുടെ ശല്യവും രൂക്ഷമാണ്. ഇതിനെ പ്രതിരോധിക്കാനുളള മരുന്നുകൾക്കും വിലയേറെയാണ്. ചിലർ ഫാനുകളും മറ്റും പ്രവർത്തിപ്പിച്ചാണ് കൊതുകുശല്യം കുറയ്ക്കുന്നത്. അങ്ങനെ കാണാച്ചെലവുകളും ഏറെയുണ്ട് കർഷകർക്ക്.

ക്ഷീരകർഷകർ ഉൾപ്പടെയുള്ളവർക്ക് വാതിൽപ്പടി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് രാത്രികാല സേവനം തുടങ്ങിയിരിക്കുന്നതെങ്കിലും മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരുടെ ക്ഷാമം വലിയ വെല്ലുവിളിയാണ്. ഡോക്ടറെ കൂടാതെ ഒരു അറ്റൻഡറിന്റെ സേവനവും രാത്രികാലത്ത് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വ്യാപകമായ ചികിത്സ വേണ്ടിവരുമ്പോൾ ഇത് മതിയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കരാർ അടിസ്ഥാനത്തിലാണ് ഡോക്ടർമാരെ നിയമിക്കുന്നത്. മൃഗാശുപത്രി,ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ ഡോക്ടർമാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാൽ രാത്രിയിൽ ആവശ്യഘട്ടങ്ങളിൽ പരിചരണം ലഭ്യമാക്കേണ്ട സ്ഥലത്ത് എത്തുന്നതിനുള്ള വാഹനത്തിന്റെ ചെലവ് കർഷകർ വഹിക്കണമെന്ന നിബന്ധനയിൽ കർഷകർക്ക് പ്രതിഷേധമുണ്ട്. ആവശ്യമുള്ള മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാണെന്നും ഫീൽഡിൽ പരിശോധനയ്ക്ക് എത്തുന്ന ഡോക്ടർമാർ ഈ മരുന്നുകൾ നൽകുമെന്നും തൃശൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സുരജ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAIRY FARMING
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.