പരവൂർ: കോട്ടുവൻകോണം മിലൻ ജംഗ്ഷനിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 2.45 ന് ആണ് സംഭവം. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീ പിടിക്കുകയായിരുന്നു. സമീപത്തെ മറ്റൊരു കടയും കത്തിനശിച്ചു.കടയിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. മുക്കട സ്വദേശിയായ ദേവരാജന്റെ ചായക്കടയ്ക്കാണ് തീപിടിച്ചത്. തീ ചെറുതായി പടർന്നപ്പോൾ തന്നെ കടയിൽ ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി. പാചകം ചെയ്തു കൊണ്ടിരുന്നപ്പോൾ ഗ്യാസ് ലീക്കായി തീ പടരുകയായിരുന്നു. ഉടൻ പരവൂരിൽ നിന്നു ഫയർഫോഴ്സ് എത്തി. വലിയ ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയിൽ പ്രദേശവാസികളും ഭയന്നു. രണ്ട് കടകളും പൂർണമായും കത്തിയമർന്നു. അപകടത്തെത്തുടർന്ന് പരവൂർ പാരിപ്പള്ളി റോഡിൽ ഗതാഗത കുരുക്കും ഉണ്ടായി. തുടർന്ന് പരവൂർ പൊലീസ് എത്തിയ ശേഷം വാഹനങ്ങൾ കടത്തിവിട്ടു. അഞ്ച് ഗ്യാസ് സിലിണ്ടറുകളാണ് കടയിൽ ഉണ്ടായിരുന്നത്. കൃത്യസമയം ഫയർഫോഴ്സ് എത്തിയതോടെയാണ് വൻ ദുരന്തം ഒഴിവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |