കൊച്ചി: ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിനിന്റെ ഭാഗമായി ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യാപക എതിർപ്പ്. പരിശോധന ചുമതല സ്വകാര്യ ഏജൻസികൾ വഴിയായതാണ് കാരണം. കേന്ദ്രസർക്കാർ വിഭാവനം ചെയ്തതാണ് പദ്ധതി. 35 സ്വകാര്യ ഏജൻസികളാണ് ഹോട്ടലുകളുടെ നിലവാരം പരിശോധിച്ച് റേറ്റിംഗ് നൽകുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് അംഗീകരിച്ച ഏജൻസികളാണെങ്കിലും ഇത് ഉചിതമല്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർ തന്നെ പരിശോധന നടത്തണമെന്നാണ് സംഘടനകളുടെ വാദം. എറണാകുളം ജില്ലയിൽ 57 സ്ഥാപനങ്ങൾക്കാണ് റേറ്റിംഗ് നൽകിയത്. ഹോട്ടലുകളും ബേക്കറികളുമായി 5,000ലേറെ സ്ഥാപനങ്ങളുണ്ട് ജില്ലയിൽ. ഇതിൽനിന്ന് 57എണ്ണത്തിന് മാത്രം റേറ്റിംഗ് എന്നത് അവിശ്വസനീയമാണെന്നും കെ.എച്ച്.ആർ.എ ആരോപിക്കുന്നു.
പരിശോധനയ്ക്കെതിരെ നിരവധി ഹോട്ടലുകളും പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ ഏജൻസികൾ മറ്റ് താത്പര്യങ്ങൾക്ക് വഴങ്ങി റേറ്റിംഗ് നൽകുന്നതിൽ കൃത്രിമം കാണിക്കുമെന്ന ആശങ്കയാണ് ഇവർ പങ്കുവയ്ക്കുന്നത്.
പരിശോധന പുരോഗമിക്കുന്നു
ജില്ലയിലെ തിരഞ്ഞെടുത്ത ഹോട്ടലുകളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സ്റ്റാർ റേറ്റിംഗ് പരിശോധന നടത്തിയത്. ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗാണു നൽകുന്നത്. വൃത്തിയോടൊപ്പം നാൽപ്പതോളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിക്കും.
ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കും. ആപ്പിലൂടെയും തൊട്ടടുത്ത് സർട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകളറിയാൻ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്നു പൊതുജനങ്ങൾക്കു കണ്ടെത്താൻ സാധിക്കും.
പരിഗണിക്കുന്നത് 40ഓളം മാനദണ്ഡങ്ങൾ
റേറ്റിംഗ് രണ്ടു വർഷത്തേക്ക്
രണ്ടു വർഷത്തേക്കാണ് സ്റ്റാർ റേറ്റിംഗ്. രണ്ടു വർഷത്തിനു ശേഷം മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിർത്താം. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫോൺ നമ്പർ ഉൾപ്പെടെ പ്രദർശിപ്പിക്കണം. സ്ഥാപനങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരീക്ഷിക്കും. ഓരോ ഹോട്ടലിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയർത്താം.
ഫൈവ് സ്റ്റാർ റേറ്റിംഗ്- ഗ്രീൻ കാറ്റഗറി
ഫോർ സ്റ്റാർ റേറ്റിംഗ്- ബ്ലൂ കാറ്റഗറി
ത്രീ സ്റ്റാർ റേറ്റിംഗ്- യെല്ലോ കാറ്റഗറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |