SignIn
Kerala Kaumudi Online
Friday, 19 April 2024 5.08 PM IST

പെൻഷൻ ബാദ്ധ്യതയെന്ന്; വയോജനങ്ങളെ മുറിവേല്‌പിച്ച് സർക്കാരിന്റെ നീതികേട്

pension

പാവപ്പെട്ട 53 ലക്ഷത്തോളം പേർക്ക് കഴിഞ്ഞ ആറുവർഷമായി പ്രതിമാസം മുടങ്ങാതെ പെൻഷൻ നൽകുന്ന സംസ്ഥാനമെന്ന നിലയിലാണ് കേരളം രാജ്യശ്രദ്ധ നേടുന്നത്. വികസ്വരരാജ്യങ്ങളിൽ നടപ്പാക്കുന്ന തരത്തിൽ പാവപ്പെട്ടവരിൽ നിന്നും ആലംബഹീനരിൽ നിന്നും നയാപൈസ സർക്കാരിലേക്ക് ഈടാക്കാതെ പ്രതിമാസം പെൻഷൻ നൽകുന്ന ഏറ്റവും മാതൃകാപരമായ പദ്ധതി.

ഉണ്ടൊരു മറുവശം

പെൻഷൻ എത്രനാൾ മുടങ്ങാതെ കിട്ടുമെന്നറിയാതെ

കെ.എസ്.ആർ.ടി.സി.യിലും കെ.എസ്.ഇ.ബി.യിലും അടക്കം പല പൊതുമേഖലാസ്ഥാപനങ്ങളിലേയും പെൻഷൻകാർ അനുഭവിക്കുന്ന ആശങ്കയാണ് ഇതിന്റെ മറുവശം . അതിലും ദയനീയമാണ് എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻകാരുടെ സ്ഥിതി. ആയുഷ്ക്കാലം മുഴുവൻ നല്ലരീതിയിൽ ജോലിചെയ്ത് ജീവിതസായാഹ്നത്തിൽ പി.എഫ്. പെൻഷനെങ്കിലും തുണയാകുമെന്ന് കരുതിയിരിക്കുന്നവരെ നാമമാത്ര പെൻഷൻ നൽകി കബളിപ്പിക്കുന്നു കേന്ദ്രസർക്കാരിന്റെ ഈ നീതികേട്.

രാജ്യത്ത് 73ലക്ഷം പേരാണ് പി.എഫ്. പെൻഷനിലുള്ളത്. 15000രൂപയാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കേണ്ട വിഹിതത്തിന്റെ പരിധി. കുറഞ്ഞപെൻഷൻ 1000 രൂപ. കൂടിയ പെൻഷൻ 3000രൂപ. എത്ര ശമ്പളം വാങ്ങി ജോലിചെയ്താലും പെൻഷൻ ഇൗ തുകയിലൊതുങ്ങും. മുഴുവൻ ശമ്പളത്തിനും പെൻഷൻവിഹിതം അടച്ചവർക്ക് ആനുപാതിക പെൻഷൻ നൽകണമെന്നാണ് കേരള ഹൈക്കോടതി വിധി. അത് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് കേന്ദ്രസർക്കാർ വാദം. വിധിക്കെതിരെ അപ്പീൽ നല്കിയും നടപടികൾ അനന്തമായി നീട്ടികൊണ്ടുപോയും സർക്കാർ പാവപ്പെട്ട പെൻഷൻകാരെ പ്രതീക്ഷ നൽകി നരകിപ്പിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങളും രോഗങ്ങളും അലട്ടുന്ന മനുഷ്യരെയാണ് അവർക്ക് സാന്ത്വനമാകേണ്ട സർക്കാർ സംവിധാനങ്ങൾ തന്നെ പീഡിപ്പിക്കുന്നത്. പെൻഷൻ ഫണ്ടിൽ അവകാശികളില്ലാതെ 32,000 കോടി രൂപ കെട്ടിക്കിടപ്പുണ്ടെന്ന് സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇൗ അധികബാദ്ധ്യതയുടെ ദാരിദ്ര്യം പറച്ചിൽ !

ക്ഷേമരാജ്യത്തിന്റെ പ്രധാന അളവുകോലുകളിൽ ഒന്നാണ് പൗരന് , മികച്ചതല്ലെങ്കിലും ജീവിക്കാനാവശ്യമായ സാഹചര്യം. സൈന്യത്തിലായാലും പൊതുമേഖലാ സ്ഥാപനങ്ങളിലായാലും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലായാലും പെൻഷൻ നൽകേണ്ടിവരുമ്പോഴുള്ള ബാദ്ധ്യത താങ്ങാനാവില്ലെന്നാണ് അവർ കരുതുന്നത്. ആയുർദൈർഘ്യം കൂടുമ്പോൾ പെൻഷനടക്കമുളള ബാദ്ധ്യത സർക്കാരുകൾക്ക് നിറവേറ്റേണ്ടിവരുമെന്നത് സുനിശ്ചിതമാണ്. അത് തിരിച്ചറിഞ്ഞ് മുൻകരുതലുകളെടുക്കാത്തതാണ് പെൻഷൻ ബാദ്ധ്യതയാകാൻ ഇടയാക്കുന്നത്. പകരം എങ്ങനെ പെൻഷൻ നല്കാതിരിക്കാം, എങ്ങനെ വെട്ടിക്കുറയ്‌ക്കാം എന്നൊക്കെയാണ് സർക്കാരുകളുടെ ചിന്ത.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് സാമൂഹ്യപെൻഷൻ നൽകാനുള്ള കേരള സർക്കാരിന്റെ പദ്ധതി മാതൃകാപരമാണ്. സാമൂഹ്യസുരക്ഷാപെൻഷൻ നൽകാൻ ഒരു കമ്പനി തന്നെയുണ്ടാക്കി. അവർ തൽക്കാലം വായ്പയെടുത്ത് പെൻഷൻ വിതരണം ഉറപ്പാക്കുകയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സാമാനസ്വഭാവമുള്ള വിവിധ പദ്ധതികളിലായി നൽകുന്ന ബഡ്ജറ്റ് വിഹിതമെടുത്ത് വായ്പ പിന്നീട് തിരിച്ചടക്കുകയും ചെയ്യും. ഇത് പറ്റില്ലെന്ന നിലപാടാണ് കേന്ദ്രത്തിന് ഇപ്പോഴുള്ളത്. ഇൗ മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് പകരം അതില്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം കേന്ദ്രത്തിന്റേത്. ദു:ഖകരമാണ്.

രാജ്യത്ത് നിലവിലിരുന്ന 29 തൊഴിൽനിയമങ്ങൾ തൊഴിലാളി താത്പര്യങ്ങൾ വിസ്മരിച്ചുകൊണ്ട് നാല് കോഡുകളാക്കി പാസാക്കിയെടുത്ത തൊഴിലാളിവിരുദ്ധ നടപടികളുടെ തുടർച്ചയാണ് പ്രോവിഡന്റ് ഫണ്ട് പെൻഷന്റെ കാര്യത്തിലും കേന്ദ്ര സർക്കാർ പിന്തുടരുന്നത്. അതിന്റെ ഭാഗമായാണ് ഇ.പി.എഫ് പെൻഷനിൽ തൊഴിലാളികൾക്ക് അനുകൂലമായ കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതി ബെഞ്ചിന്റെയും വിധിക്കെതിരായി വീണ്ടും സുപ്രീംകോടതിയിൽ അപ്പീലും പുനഃപരിശോധന ഹർജിയും നൽകിയത്‌. പ്രോവിഡന്റ് ഫണ്ട് ഔദാര്യമല്ല തൊഴിലാളിവർഗത്തിന്റെ അവകാശമാണ്. ഈ അവകാശം നേടിയെടുക്കാൻ ദശാബ്ദങ്ങൾ നീണ്ട പ്രക്ഷോഭങ്ങളും നടത്തേണ്ടി വന്നിട്ടുണ്ട് തൊഴിലാളികൾക്ക്. കുടുംബ പെൻഷൻ പദ്ധതിയും ഇൻഷുറൻസ് സ്‌കീമുമെല്ലാം ഉൾപ്പെട്ടതാണ്‌ പ്രോവിഡന്റ് ഫണ്ട് സ്‌കീം .ഇത് അപ്രസക്തമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

തൊഴിലാളിവിരുദ്ധ നിയമങ്ങളുടെ പരമ്പരയിൽപെട്ട ഒന്നായിരുന്നു കേന്ദ്ര എംപ്ലോയീസ്‌ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ പുറപ്പെടുവിച്ച വിജ്ഞാപനം. നിശ്ചിത തുകയിൽ കൂടുതൽ വേതനം പറ്റുന്ന തൊഴിലാളികൾക്ക് അതിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ നിഷേധിക്കുന്നതായിരുന്നു വിജ്ഞാപനം. ഇതിനെതിരായി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലൂടെ സംസ്ഥാനത്തെ രണ്ടു ലക്ഷത്തിനു പുറത്ത് ജീവനക്കാർക്കാണ് ഗുണം ലഭിക്കേണ്ടിയിരുന്നത്.

തൊഴിലാളികൾക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ യഥാർത്ഥ ശമ്പളത്തിന്റ അടിസ്ഥാനത്തിൽ തൊഴിലുടമകളുമായി ചേർന്ന് പെൻഷൻവിഹിതം നൽകാനുള്ള അവസരം നിഷേധിച്ച എംപ്ലോയീസ്‌ പ്രോവിഡന്റ് ഫണ്ട് കമ്മിഷണറുടെ നടപടിയാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. പെൻഷൻ അർഹതക്കുള്ള പരമാവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തുമ്പോൾ ഒരു ദിവസം 500 രൂപയെന്നാണ് വിലയിരുത്തുന്നത്. കൂലിപ്പണി ചെയ്യുന്നവർക്കുപോലും ഇതിൽ കൂടുതൽ വേതനം ലഭിക്കും. കൂടിയ തുക പെൻഷനായി നൽകുന്നത് പെൻഷൻ ഫണ്ട് കുറയ്‌ക്കുമെന്ന വിചിത്ര വാദമാണ് ഇ.പി.എഫ് അധികൃതർ ഉന്നയിക്കുന്നത്.

സർക്കാരിന് ഒരു ബാദ്ധ്യതയും ഇല്ലാതിരുന്നിട്ടും വാർദ്ധക്യകാലത്ത് മാന്യമായി ജീവിക്കാൻ കഴിയാത്തത്ര തുച്ഛമായ തുക ഇ.പി.എഫ് പെൻഷനായി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിരമിക്കുന്നവർക്ക് ഗുണകരമായ പദ്ധതിയെ അട്ടിമറിക്കലാണിത്. പെൻഷൻ കണക്കാക്കാനുള്ള പരമാവധി ശമ്പളമായി ഇത്രയും കുറഞ്ഞ തുക നിശ്ചയിച്ചത് സമൂഹത്തിലെ മാറ്റങ്ങൾ കാണാതെയാണ്. കൂടിയ തുക പെൻഷനായി നൽകുന്നത് പെൻഷൻ ഫണ്ട് കുറയ്‌ക്കുമെന്ന ഇ.പി.എഫ് വാദം വളരെ വിചിത്രമാണ്.

തൊഴിലാളികളുടെ ഇ.പി.എഫ് പെൻഷൻപോലുള്ള മൗലികമായ അവകാശങ്ങൾ ബോധപൂർവം അനുസ്യൂതമായി കോടതി വിചാരണയ്‌ക്ക് തള്ളിവിട്ട് അവരുടെ അവകാശങ്ങൾ അനിശ്ചിതമായി നിഷേധിക്കാനാണ്‌ കേന്ദ്രസർക്കാരിന്റെ ശ്രമം. ഇത് തിരുത്തപ്പെടേണ്ടതല്ലേ.

ഇ - നോമിനേഷൻ നിർബന്ധം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ വായ്പകൾ, പെൻഷൻ, ഇ - പാസ്ബുക്ക്, ചികിത്സാ സഹായം തുടങ്ങിയ സേവനങ്ങൾക്കെല്ലാം ഇനി ഇ - നോമിനേഷൻ നിർബന്ധം. പേപ്പറിലൂടെ ചെയ്തിരുന്ന നോമിനേഷൻ ഇനി അംഗങ്ങൾ ഒാൺലൈനായി ചെയ്യണം.

ജീവനക്കാരിൽ നിന്ന് ഇ.പി.എഫ് ലേക്ക് പിടിക്കുന്ന തുക നോമിനിയില്ലാത്തതിനാൽ ഗുണഭോക്താവിന് കിട്ടാതെ ലാപ്സാകുന്നതിനാലാണ് ഇ - നോമിനേഷൻ നിർബന്ധമാക്കിയത്.

എട്ട് ക്ളിക്കിൽ

ഇ-നോമിനേഷൻ

1: epfindia.gov.in ൽ സേവനം ഒാപ്ഷൻ. തുടർന്ന് 'ഫോർ എംപ്ലോയീസ്' ഓപ്ഷൻ

2: യു.എ.എൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

3: 'മാനേജ് ടാബ്' എന്നതിൽ 'ഇ -നോമിനേഷൻ' തിരഞ്ഞെടുക്കണം

4: 'വിശദാംശങ്ങൾ നൽകുക' ടാബ് ദൃശ്യമാകും, 'സേവ്' ക്ലിക്ക് ചെയ്യണം

5: ഫാമിലി ഡിക്ലറേഷൻ അപ്‌ഡേറ്റ് ചെയ്യാൻ 'അതെ' ക്ലിക്ക് ചെയ്യുക

6: 'കുടുംബ വിശദാംശങ്ങൾ ചേർക്കുക' ക്ലിക്ക് ചെയ്യണം. ഒന്നിലധികം നോമിനികളെ ചേർക്കാമെന്നത് ശ്രദ്ധിക്കണം

7: ഷെയറിന്റെ ആകെ തുക പ്രഖ്യാപിക്കാൻ ഒരാൾ 'നോമിനേഷൻ വിശദാംശങ്ങൾ' ക്ലിക്ക് ചെയ്യണം. തുടർന്ന് 'സേവ് ഇ.പി.എഫ് നോമിനേഷൻ' ക്ലിക്ക് ചെയ്യണം.

8: അവസാനമായി, ഒ.ടി.പി ജനറേറ്റ് ചെയ്യാനും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ഒ.ടി.പി സമർപ്പിക്കാനും 'ഇസൈൻ' ക്ലിക്ക് ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPF PENSION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.