SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.36 AM IST

ആർ.എസ്.എസ്, എസ്.ഡി.പി.ഐ ആദികളെ ചാരി...

photo

ആർ.എസ്.എസ്, എസ്.ഡി.പി.ഐ, പോപ്പുലർഫ്രണ്ട് എന്നിത്യാദികളുടെ 'ചങ്ങാത്ത മുതലാളിമാർ' കേരളത്തിൽ എൽ.ഡി.എഫോ അതോ യു.ഡി.എഫോ എന്ന് കല്പാന്തകാലം ചർച്ചചെയ്താലും തീർപ്പാകാൻ ഇടയില്ല. നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ ഏതാണ്ട് പത്ത്-നാല്പത് മിനിറ്റെടുത്ത് ഏറ്റുമുട്ടിയ ശേഷവും അവസ്ഥ ഇതേ നിലയിൽ തുടരുകയാണ്.

ശൂന്യവേളയിൽ കണ്ണൂർ ഇരിട്ടി ചാവിശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് ആസാം സ്വദേശികൾ മരിച്ച സംഭവം അടിയന്തര പ്രമേയ നോട്ടീസായി കൊണ്ടുവന്നത് സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ്. കണ്ണൂർ മേഖലയിലെ ബോംബ് സ്ഫോടന പരമ്പരകളുടെ നാൾവഴികൾ അദ്ദേഹം അക്കമിട്ട് നിരത്തി. പല പല ഉദാഹരണങ്ങളിലൂടെ കടന്നുവന്ന അദ്ദേഹം കണ്ണൂരിൽ കണ്ടുവരുന്നതൊന്നും തിരുവനന്തപുരത്ത് പൊട്ടിയതു പോലുള്ള ഓലപ്പടക്കമല്ലെന്ന് വിലയിരുത്തി. എ.കെ.ജി സെന്ററിന് നേർക്കുണ്ടായ സ്ഫോടക വസ്തുവേറിലാണ് അദ്ദേഹം ഉന്നം വച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ല.

സണ്ണി ജോസഫിന്റെ അവതരണം കേട്ട മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ വിഷയദാരിദ്ര്യത്തിൽ സഹതാപം തോന്നി. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന വർഗീയശക്തികളെ സണ്ണി ജോസഫ് അദ്ദേഹത്തിന്റെ നോട്ടീസിലും അവതരണത്തിലും പൂർണമായി വിട്ടുകളഞ്ഞെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അത്യാവശ്യം കൂടെക്കൂട്ടാൻ പറ്റുന്നയാളുകളാണ് ഈ ശക്തികളെന്ന് മനസ്സിലാക്കിയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തിച്ചു വരുന്നതെന്നാണ് അദ്ദേഹത്തിന്റെ തോന്നൽ. നിങ്ങൾക്ക് (യു.ഡി.എഫിന്) ഈ രണ്ടുകൂട്ടരെയും കൂടെ ചേർക്കാവുന്ന ചില ഘട്ടങ്ങളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ത്രിപുരയിലേക്ക് പോയി. അവിടത്തെ ഇടതുസർക്കാരിനെ ഇല്ലാതാക്കാൻ ബി.ജെ.പി കോൺഗ്രസുകാരെ വാരിയെടുത്തെന്ന് പറഞ്ഞു. ഇവിടെ കോൺഗ്രസുകാരെ കൂട്ടത്തോടെ വാരിയാലും എൽ.ഡി.എഫിനെ തകർക്കാനാവില്ല എന്നതുകൊണ്ട് മാത്രമാണ് നിങ്ങളിവിടെ നിൽക്കുന്നതെന്നാണ് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. തുടർന്നങ്ങോട്ട്, കോൺഗ്രസുകാരാൽ കൊല്ലപ്പെട്ട കോൺഗ്രസുകാരിലൂടെയൊക്കെ കടന്ന് പല കൊലപാതക, ബോംബ് കഥകളൊക്കെ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി അവസാനിപ്പിച്ചപ്പോൾ 26 മിനിറ്റ്. ഇടയ്ക്ക് പ്രതിപക്ഷത്ത് നിന്ന് അസ്വസ്ഥതയുടെ മുറുമുറുപ്പ് ഉയരാതിരുന്നില്ല. 'ഉള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്ന് പറയില്ലേ, സാർ ' എന്ന് ചോദിച്ച് പരിഹസിക്കാനും മുഖ്യമന്ത്രി മടിച്ചില്ല.

പ്രതിപക്ഷനേതാവ് ഒട്ടും കുറച്ചില്ല. തിരിച്ചടിക്ക് അദ്ദേഹം 15 മിനിറ്റെടുത്തു. കേരളത്തിൽ എൽ.ഡി.എഫുള്ളത് കൊണ്ട് ഈ പാവങ്ങളിവിടെ ജീവിച്ചുപോകുന്നുവെന്ന് കണ്ടുപിടിച്ച് തന്നതിൽ മുഖ്യമന്ത്രിക്ക് നന്ദി എന്നാണ് അദ്ദേഹത്തിന്റെ നിന്ദാസ്വരം. ആർ.എസ്.എസുമായി ചേർന്ന് അവരുടെ വോട്ട് വാങ്ങി 77ൽ വിജയിച്ച് എം.എൽ.എ ആയിരുന്നയാളല്ലേ നിങ്ങളെന്നൊക്കെ ചോദിച്ച് അദ്ദേഹം കത്തിക്കയറുന്നുണ്ടായിരുന്നു. ഒരു യു.ഡി.എഫുകാരനും ആർ.എസ്.എസിന്റെ വോട്ടുവാങ്ങി ഇവിടെ ജയിച്ചുവന്നിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. കാരണഭൂതൻ എന്നൊക്കെ അപ്പുറത്തിരിക്കുന്നവർ പറയുന്നത് കേട്ടിട്ട് അതിലങ്ങ് വീഴരുതെന്ന ഉപദേശവും നൽകിയാണ് പ്രതിപക്ഷനേതാവ് അവസാനിപ്പിച്ചത്.

ആർ.എസ്.എസിനെ ചാരി മുഖ്യമന്ത്രി പായിച്ച നിന്ദാശരങ്ങളും പ്രതിപക്ഷനേതാവ് തിരിച്ചയച്ച നിന്ദാശരങ്ങളും സഭയുടെ അന്തരീക്ഷത്തിൽ കൂട്ടിമുട്ടാതെ കത്തിനിൽക്കുകയാണ്. ഇനിയങ്ങോട്ട് അസ്ത്രങ്ങളെത്ര പായാനിരിക്കുന്നു!

കാട്ടാനശല്യം തടയാൻ വനംവകുപ്പ് പല സംവിധാനങ്ങളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആനയ്ക്ക് അതൊന്നും മനസ്സിലാവില്ലെന്നതിനാൽ ശല്യം തുടർന്ന് കൊണ്ടേയിരിക്കുകയാണെന്ന് റോജി എം.ജോൺ ഉപക്ഷേപത്തിലൂടെ പരിതപിച്ചു. ആനയെക്കൂടി ചർച്ചയ്ക്ക് വിളിക്കാനാവില്ലല്ലോയെന്ന നിസ്സഹായത നിഷ്കളങ്കമായി പ്രകടിപ്പിച്ച് മറുപടി പറഞ്ഞത് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സഭയിൽ ഒരു കാട്ടാനയെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയ നിമിഷമായി അത്.

എക്സൈസ്, നഗരവികസനം, പഞ്ചായത്ത്, ഗ്രാമവികസനം എന്നീ ധനാഭ്യർത്ഥനകൾ സഭ പാസാക്കി. എക്സൈസ് ചർച്ചയ്ക്കിടയിലും നുരഞ്ഞുപൊന്താൻ രാഷ്ട്രീയലഹരി തന്നെയായിരുന്നു അംഗങ്ങൾക്ക് ഏറിയകൂറും ആയുധം. കേരളത്തിൽ യുവാക്കളുടെ എനർജി അൺലീഷ് ചെയ്യാൻ അന്തരീക്ഷമില്ലാത്തതിനാൽ അവർ മയക്കുമരുന്നിന് പിന്നാലെ പോകുന്നെന്ന് മാത്യു കുഴൽനാടൻ കണ്ടെത്തി. ധനാഭ്യർത്ഥനകൾക്ക് ശേഷം ധനകാര്യ ബില്ലുകളും ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് വിടുമ്പോൾ നേരമൊരു വഴിക്കായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.