SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.03 AM IST

കെ.ബാലകൃഷ്ണൻ; ഒളിമങ്ങാത്ത ജീനിയസ്സ്

k-balakrishnan

ഇംഗ്ലീഷ് ഭാഷയ്ക്ക് ആദ്യമായി ഒരു നിഘണ്ടു തയ്യാറാക്കുകയും, സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഴിവുകൾ തെളിയിക്കുകയും ചെയ്ത ഡോ.സാമുവൽ ജോൺസനെക്കുറിച്ച് ജീവചരിത്രകാരനായ ജെയിംസ് ബോസ്‌വെൽ പറഞ്ഞിട്ടുള്ളത് 'സാഹിത്യത്തിൽ അദ്ദേഹം കൈവയ്ക്കാത്ത ഒരു മേഖലയുമില്ല. കൈവച്ച ഒരു മേഖലയിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാതെയും ഇരുന്നിട്ടില്ല ' എന്നായിരുന്നു. കെ. ബാലകൃഷ്ണന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ, സമാനമായ രേഖപ്പെടുത്തൽ നടത്തുന്നതിൽ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. അത്രയേറെ വിപുലവും വൈവിദ്ധ്യം നിറഞ്ഞതുമാണ് അദ്ദേഹത്തിന്റെ കർമ്മകാണ്ഡം. വ്യാപരിച്ച എല്ലാ മേഖലകളിലും, തന്റെ ധൈഷണികതയുടെ പ്രഭാപൂരം ചൊരിഞ്ഞു അദ്ദേഹം. അതുകൊണ്ടു തന്നെ, കെ.ബാലകൃഷ്ണൻ വേർപെട്ട് 38 വർഷം പിന്നിടുമ്പോഴും, അദ്ദേഹത്തിന്റെ ഓർമ്മകളും ധീരമായ പ്രവർത്തനങ്ങളും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുകയാണ്.
രാഷ്ട്രീയനേതാവ്, പ്രസാധകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്, എഡിറ്റർ എന്നിങ്ങനെ ബുദ്ധിവൈഭവവും ധൈഷണികതയും ഏറെ ആവശ്യപ്പെടുന്ന മേഖലകളിലായിരുന്നു അദ്ദേഹം വ്യാപരിച്ചത്. അവിടങ്ങളിൽ ഓരോയിടത്തും, അദ്ദേഹം നടത്തിയ ഇടപെടലുകളും, ചെയ്ത കാര്യങ്ങളും അതാതിടങ്ങളിൽ വ്യതിരിക്തവും ശ്രദ്ധേയവുമായിരുന്നു. 60 വയസ്സു പോലും പ്രായമെത്തുന്നതിന് മുമ്പാണ് അദ്ദേഹത്തിന് ഈ ലോകത്തോട് വിടപറയേണ്ടി വന്നത്. എന്നാൽ, ജീവിച്ച കാലയളവിന്റെ ദൈർഘ്യമല്ല, ചെയ്ത കാര്യങ്ങളുടെ പ്രസക്തിയും, സാമൂഹ്യജീവിതത്തിൽ നടത്തിയ ഇടപെടലുകളിലെ ആഴവുമാണ് കെ.ബാലകൃഷ്ണൻ എന്ന രാഷ്ട്രീയ നേതാവിനെയും എഴുത്തുകാരനെയും പ്രസക്തനാക്കുന്നത്.
രാഷ്ട്രീയത്തിന്റെയും, എഴുത്തിന്റെയും, പത്രപ്രവർത്തനത്തിന്റെയും പ്രതിഭാവിലാസം കെ.ബാലകൃഷ്ണന്റെ ജീനിൽ തന്നെ ഉൾച്ചേർന്നതായിരുന്നു. തിരു-കൊച്ചി മുഖ്യമന്ത്രിയും, സ്റ്റേറ്റ് കോൺഗ്രസ് നേതാവുമായിരുന്ന സി.കേശവന്റെ പുത്രനായ ബാലകൃഷ്ണന് രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകൾ നിർദ്ധാരണം ചെയ്യാൻ ലഭിച്ച സിദ്ധിവിശേഷം സ്വാഭാവികമാണല്ലോ. രാഷ്ട്രീയത്തിൽ ധീരനായ അച്ഛന് പോന്ന മകൻ തന്നെയായിരുന്നു ബാലകൃഷ്ണൻ. മുത്തച്ഛനാകട്ടെ, പത്രാധിപൻമാരിലെയും, എഴുത്തുകാരിലെയും കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷാൽ സി.വി.കുഞ്ഞിരാമൻ. അക്ഷരങ്ങൾകൊണ്ടും, എഴുത്തുകൊണ്ടും കേരളചരിത്രത്തിലും സാഹിത്യത്തിലും സ്വന്തം ചാല് സൃഷ്ടിച്ച സി.വി.കുഞ്ഞിരാമന്റെ ചെറുമകന് എഴുത്തിന്റെയും, സാഹിത്യത്തിന്റെയും ഊർജ്ജപ്രഭാവം സ്വന്തമായത് സ്വാഭാവികമാണല്ലോ.
രാഷ്ട്രീയപ്രവർത്തനവും, പത്രപ്രവർത്തനവും എഴുത്തുമൊക്കെ അദ്ദേഹത്തിന് കേവലമായ തൊഴിൽമേഖലയോ, ജീവനോപാധിയോ, ഹോബിയോ ഒന്നുമായിരുന്നില്ല. തന്റെ കാലഘട്ടത്തിന്റെ ജീവിത സമസ്യകളും സംഘർഷങ്ങളും പരിഹരിക്കാനുള്ള അർത്ഥപൂർണ്ണമായ ഇടപെടലുകളായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പുള്ള കാലത്തായിരുന്നു അദ്ദേഹത്തിന്റെ യൗവ്വനതീഷ്ണമായ ജീവിതം അരങ്ങേറിയത്. ബ്രിട്ടീഷ് ഭരണത്തിനും, രാജവാഴ്ച്ചയ്ക്കുമെതിരെയുള്ള ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ കൊണ്ട് പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അത്. വരുംവരായ്കകൾ ഒന്നും ആലോചിക്കാതെ, അത്തരം പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തുചാടുകയാണ് ബാലകൃഷ്ണൻ ചെയ്തത്. സ്വാതന്ത്ര്യ സമരത്തിന്റെ ഇത്തരം പ്രക്ഷോഭങ്ങളിൽ സജീവമായതിനെ തുടർന്ന്, നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും, ജയിൽവാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ തലമുറയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ഏറ്റവും ദീപ്തമായ ഓർമ്മകളിൽ ഒന്നിന്റെ പേരു കൂടിയാണ് കെ.ബാലകൃഷ്ണൻ. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മാനവികതയെക്കുറിച്ചും ഒക്കെയുള്ള അദമ്യമായ മൂല്യവിചാരങ്ങളായിരുന്നു കെ.ബാലകൃഷ്ണനെപ്പോലുള്ളവരെ പ്രക്ഷോഭങ്ങളിലേക്ക് ആനയിച്ചത്.
രാഷ്ട്രീയത്തിൽ തന്റെ വഴി ഏതായിരിക്കണമെന്ന് കെ.ബാലകൃഷ്ണൻ സ്വയം ചിന്തിച്ചു തീരുമാനിക്കുകയായിരുന്നു. അച്ഛന്റെ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പാതയല്ല തന്റെ പോരാട്ടങ്ങൾക്ക് യോജിച്ചത് എന്നു ബാലകൃഷ്ണന് നല്ല തിട്ടമായിരുന്നു. അതുകൊണ്ട്, അദ്ദേഹം മാർക്‌സിസത്തിന്റെ ധാരയോട് ചേർന്നുനിന്നു. എന്നാൽ, മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് തത്വശാസ്ത്രത്തിന്റെ പേരിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയ്‌ക്കൊപ്പം പോകാൻ തയ്യാറായിരുന്നുമില്ല. അവിടെയും അദ്ദേഹം സ്വന്തം പാത വെട്ടിത്തുറന്നു. അങ്ങനെ, കെ.എസ്.പി യുടേയും പിന്നീട് ആർ. എസ്.പി യുടേയും നേതാവായി മാറി. അച്ഛന്റെ രാഷ്ട്രീയത്തിന്റെ നേരേ വിപരീതദിശയിൽ സഞ്ചരിച്ചു. സി.കേശവന്റെ വീട്ടിൽ, സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രാഷ്ട്രീയ ചർച്ചകൾ തകൃതിയായി നടക്കുമ്പോൾ, വീടിന്റെ മച്ചിൻപുറത്ത് ഒളിച്ചിരുന്ന് ആ രാഷ്ട്രീയ ചർച്ചകളിലെ രഹസ്യങ്ങൾ ചോർത്തിയെടുത്ത സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ കെ.ബാലകൃഷ്ണനെക്കുറിച്ച് പണ്ടുള്ള ചില നേതാക്കൾ പറഞ്ഞിട്ടുണ്ട്.
ഇതേ ആത്മബലം കൊണ്ടു തന്നെയാണ് കെ.ബാലകൃഷ്ണൻ സാക്ഷാൽ ഇ.എം.എസ്സിനെ പോലും വെല്ലുവിളിക്കാൻ തയ്യാറായത്. മാർക്‌സിസവുമായി ഏറ്റവും അടുത്തു നിൽക്കുന്നത്, കെ.എസ്.പി ആണോ കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ എന്നതായിരുന്നു തർക്കവിഷയം. കെ.എസ്.പി യുടെ നയപ്രഖ്യാപനത്തെ വിമർശിച്ച്, ഇ.എം.എസ് 'കമ്മ്യൂണിസ്റ്റ് ' ൽ മൂന്ന് ലേഖനങ്ങൾ എഴുതിയിരുന്നു. ഇതിന് കെ.ബാലകൃഷ്ണൻ മറുപടി പറഞ്ഞത് കോഴിക്കോട് സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടായിരുന്നു. കെ.എസ്.പി അല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് മാർക്‌സിസത്തിൽ നിന്ന് അകന്നതെന്നായിരുന്നു അന്ന് പ്രസംഗവേദിയിൽ കെ.ബാലകൃഷ്ണൻ വാദിച്ചത്. ഇതു ഖണ്ഡിക്കാൻ ഇ.എം.എസ്, പ്രസംഗമണ്ഡപത്തിൽ കയറാൻ തയ്യാറാണോ എന്നും കെ.ബാലകൃഷ്ണൻ വെല്ലുവിളി സ്വരത്തിൽ പ്രസംഗിക്കുകയുണ്ടായി. ചില നിബന്ധനകളിൽ വാദപ്രതിവാദം നടത്താൻ, താൻ തയ്യാറാണെന്നാണ് ഇതിന് ഇ.എം.എസ് നൽകിയ മറുപടി . ഇക്കാര്യം ഇ.എം.എസ് തന്നെ അദ്ദേഹത്തിന്റെ സമ്പൂർണ്ണകൃതികളുടെ എട്ടാം സഞ്ചികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാദപ്രതിവാദത്തിൽ ആരു ജയിച്ചു, ആരു തോറ്റു എന്നതിനപ്പുറം, ഇ.എം.എസ്സിനെപ്പോലുള്ള ഒരു രാഷ്ട്രീയ ചിന്തകനെ പരസ്യമായി വെല്ലുവിളിക്കാൻ കാണിച്ച ധീരതയാണ് കെ.ബാലകൃഷ്ണനെ സാധാരണ രാഷ്ട്രീയക്കാരിൽ നിന്നും ചിന്തകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
തിരു-കൊച്ചി നിയമസഭയിലെ, എം.എൽ.എ ആയും (1954) അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള എം.പി ആയും (1971), പാർലമെന്ററി രംഗത്തെ ഇടപെടലുകൾ അദ്ദേഹം സാർത്ഥകമാക്കി.
രാഷ്ട്രീയരംഗത്തെ ഈ ധീരതയുടെ എക്‌സറ്റൻഷനായിരുന്നു കൗമുദി വാരികയുടെ പ്രസാധകനും, പത്രാധിപരും എന്ന നിലയിലും അദ്ദേഹം കാഴ്‌ചവച്ചത്. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിന് കീഴിൽ പ്രസിദ്ധീകരിച്ച കൗമുദി വാരിക അക്കാലത്തെ രാഷ്ട്രീയ-സാഹിത്യ ചലനങ്ങളുടെ നേർക്കാഴ്ച്ച കൊണ്ട് സമ്പന്നമായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലേയും, മലയാള സാഹിത്യ മാസികകളുടേയും ചരിത്രത്തിലെ തേജോമയമായ ഒരദ്ധ്യായം കൂടിയായിരുന്നു കൗമുദി വാരികയുടെ പ്രസിദ്ധീകരണം. 'പത്രാധിപരോട് ചോദിക്കുക' എന്ന പംക്തി കൗമുദി വാരികയിലെ ശ്രദ്ധേയമായ ഒരു കോളമായിരുന്നു. സൂര്യനു താഴെയുള്ള എന്തിനെപ്പറ്റിയും പത്രാധിപരോട് വായനക്കാർക്ക് ചോദിക്കാം എന്നതായിരുന്നു ഈ പംക്തിയുടെ സവിശേഷത. രാഷ്ട്രീയവും, സംസ്‌‌കാരവും സാഹിത്യവും ഉൾപ്പെടെയുള്ള ഏതു മേഖലയിലെയും, ഏതു ചലനത്തെപ്പറ്റിയും ആധികാരികതയോടെ, മറുപടി പറയാൻ കഴിയുന്ന മനീഷി കൂടിയായിരുന്നു കെ.ബാലകൃഷ്ണൻ എന്നാണ് ഇതു തെളിയിക്കുന്നത്. 'നനഞ്ഞു പോയി എങ്കിലും ജ്വാല' എന്ന അദ്ദേഹത്തിന്റെ ആത്മകഥ, പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വ്യതിരിക്തമാണ്. 'സഹ്യാദ്രി സാനുക്കളിൽ' എന്ന പേരിൽ കെ.ബാലകൃഷ്ണൻ എഴുതിയ യാത്രാവിവരണ ഗ്രന്ഥവും വായനക്കാർക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നതാണ്.
ഇങ്ങനെ, രാഷ്ട്രീയ പ്രവർത്തനം കൊണ്ടും, എഴുത്തുകൊണ്ടും, ചിന്തകൾ കൊണ്ടും ഒരു കാലഘട്ടത്തെ മുഴുവൻ ആവേശം കൊള്ളിച്ച ജീനിയസ്സായിരുന്നു കെ.ബാലകൃഷ്ണൻ. ആ ജീനിയസ്സിന്റെ വ്യക്തിപ്രഭാവത്തിൽനിന്ന് പുതിയ തലമുറയ്ക്കും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ടു തന്നെ, കെ.ബാലകൃഷ്ണന്റെ ദീപ്തസ്മരണകളുടെ പ്രകാശരേണുക്കൾ കൂടുതൽ ഭാസുരമായി വരുംകാലങ്ങളിലും വിളങ്ങുക തന്നെ ചെയ്യും.

കെ.ബാലകൃഷ്ണൻ സ്ഥാപിച്ച തിരുവനന്തപുരത്തെ പേട്ട

യംഗ്സ്റ്റേഴ്സ് ക്ളബ്ബിൽ ഇന്ന് അനുസ്മരണ സമ്മേളനം നടക്കുന്നുണ്ട്. ഈ സ്ഥാപനവും അതിനു സമീപത്തെ ചിൽഡ്രൻസ് പാർക്കും മാത്രമാണ് കെ.ബാലകൃഷ്ണനുള്ള സ്മാരകങ്ങൾ. ബാലകൃഷ്ണന്റെ തലോടൽ ഏറ്റുവാങ്ങിയവർപോലും ഉചിതമായ ഒരു സ്മാരകത്തിന് മുതിർന്നില്ലെന്നത് അദ്ദേഹത്തെ ആരാധനയോടെ സ്മരിക്കുന്നവരെ വേദനിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K BALAKRISHNAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.