SignIn
Kerala Kaumudi Online
Thursday, 25 April 2024 12.57 PM IST

ഓണാട്ടുകരയുടെ കൊടച്ചക്രം

photo

അക്ഷരമാലയെ പാഠപുസ്തകത്തിൽ നിന്നും ആട്ടിപ്പായിച്ച് ഭാഷയെ കുളമാക്കാമെന്ന് കരുതിയവർക്ക് തെറ്റി. ഭാഷാപഠനം എന്നേ ക്ളാസ് മുറികളോട് മൊഴിചൊല്ലി പിരിഞ്ഞു. മൊബൈൽ ഫോണിൽ മംഗ്ളീഷും ഫോൺ മലയാളവും പ്രചാരപ്പെട്ടു.

അടുക്കളയിൽ വ്യാകരണം പറഞ്ഞാൽ ചിരട്ടക്കയിൽ കൊണ്ടടികിട്ടുമെന്ന് ബഷീർ. ഭാഷയുടെ ജീവത് സ്വരൂപം കാണാൻ പൂമുഖമല്ല അടുക്കളയാണ് ഭേദമെന്ന് ഭാഷാവിദഗ്ദ്ധർ . റേഡിയോയും പത്രങ്ങളും ചേർന്ന് പ്രാദേശിക ഭാഷാചാരുതകളെ വെട്ടിനിരത്തി. കാസർകോടു മുതൽ തിരോന്തോരം വരെയുള്ളവർ അച്ചടി മലയാളത്തിൽ ചതുരവടിവിൽ സംസാരിക്കാൻ തുടങ്ങി. അപ്പോഴും അത് പൂമുഖത്തും പ്രസംഗവേദിയിലും മാത്രമായിരുന്നു . അടുക്കളയിലും ദേഷ്യപ്പെടുമ്പോഴും തനി പ്രാദേശികം. പ്രാദേശിക ഭാഷയ്ക്ക് സാഹിത്യത്തിലും മാർക്കറ്റ് ഉണ്ടെന്നുവന്നതോടെ സാഹിത്യത്തിലും സജീവമായി. ഒ.വി. വിജയനും വി.കെ.എന്നും പാലക്കാടൻ മലയാളത്തെ കൊഴുപ്പിച്ചു. പാലാക്കാർക്കും, പറവൂർകാർക്കും വടകരക്കാർക്കും കുട്ടനാട്ടുകാർക്കും ചതുരവടിവിലായി കമ്പം. അവിടങ്ങളിലെ സാഹിത്യനായകന്മാരും ആ വഴി മുന്നേറി.

ഇതിനിടയിലാണ് നെല്ലിക്കോടു ഭാസ്കരനും കുതിരവട്ടവും മാമുക്കോയയും കോഴിക്കോടു ഭാഷയിലും ഇന്നസെന്റ് ഇരിങ്ങാലക്കുട മൊഴിയിലും സുരാജ് വെഞ്ഞാറമ്മൂട് തിരോന്തോരം മട്ടിലും തങ്ങളുടെ ഭാഷാത്തനിമകളെ വാഴിച്ചത്. മിമിക്രിക്കാർ അതിനെ ഉത്സവപ്പറമ്പുകളിൽ പൊലിപ്പിച്ചു. കരിക്കുലം കമ്മറ്റിയും കോളേജ് പ്രൊഫസർമാരും മലയാളം മിഷനും തലകുത്തിനിന്നിട്ടും നടക്കാത്ത കാര്യം ഏഴാം ക്ളാസും ഗുസ്തിയും കഴിഞ്ഞ ഇന്നസെന്റും കൂട്ടരും സിനിമയിലൂടെ നടത്തി. രാഷ്ട്രീയക്കാരനായതോടെ ഇന്നസെന്റ് മാനക ഭാഷക്കാരനായി.

സിനിമാക്കാരുടെ ഉൗഴം കഴിഞ്ഞതോടെ രാഷ്ട്രീയക്കാർ അരങ്ങുവാണു. നിയമസഭ മലപ്പുറം ഭാഷയുടെ മൊഞ്ച് കണ്ടത് സീതിഹാജിയിലൂടെ. കണ്ണൂർ ഭാഷയുടെ മൂർച്ചയും മുനയുമുള്ള ഒളിയമ്പുകൾ പിണറായിയുടെ വാക്കുകൾക്ക് മൂർച്ചകൂട്ടി. കുലംകുത്തിയും പരനാറിയും മാന്യരായി. സീതിഹാജിക്ക് പി.കെ. ബഷീർ എന്നൊരു പിന്മുറക്കാരനുണ്ടായി.

കരിമരുന്ന് കണ്ടുപിടിച്ച കമ്മ്യൂണിസ്റ്റ് ചൈനയോടുള്ള പക്ഷപാതമാണോ എന്നറിയില്ല. മല്ലപ്പള്ളിയുടെ ആകാശത്ത് കൊടച്ചക്രം പൂത്തുവിരിഞ്ഞു. അരനൂറ്റാണ്ടു മുമ്പത്തെ പായിപ്ര കാഞ്ഞിരക്കാട്ടു കാവിലെ ഉത്സവത്തിന് എലിവാണവും കൊടച്ചക്രവും ഉണ്ടായിരുന്നതോർമ്മ വരുന്നു. അവയെല്ലാം ചൈനീസ് വർണപ്പൊലിമയ്ക്ക് വഴിമാറി. അങ്ങനെയിരിക്കെയാണ് സാംസ്കാരിക മന്ത്രിയുടെ അപ്പർ കുട്ടനാടൻ പ്രയോഗങ്ങൾ. കുത്തുന്നെങ്കിൽ നെഞ്ചത്തു തന്നെ കുത്തണം. അതും ഭരണഘടനയുടെ.

ഓണാട്ടുകര കുന്തവും കൊടച്ചക്രവും എന്ന് മുഖപ്രസംഗവും കവിതയും എഴുതാനുള്ള സുവർണാവസരങ്ങളാണ് വകതിരിവില്ലാത്ത മാദ്ധ്യമങ്ങൾ കളഞ്ഞുകുളിച്ചത്. പാഠപുസ്തകത്തിൽ ചേർത്ത് വരും തലമുറയ്ക്ക് കൊടുക്കേണ്ട മാതൃകാപ്രസംഗം. അക്കാഡമി പ്രസിദ്ധീകരണങ്ങളിൽ എഴുതി പൊലിപ്പിക്കാൻ പറ്റിയ പ്രസംഗം.

ഭരണഘടനയുടെ നെഞ്ചത്ത് കുത്തുകയും ഓണാട്ടുകര ഭാഷയെ നാണം കെടുത്തുകയും ചെയ്തുവെന്ന് പുരപ്പുറത്തുകയറി നിലവിളിക്കുന്നവർ ഒന്നോർക്കണം. അപ്പർ കുട്ടനാടു ഭാഷയുടെ പ്രാദേശിക ചാരുത ആ കുന്തത്തിലും കൊടച്ചക്രത്തിലും പൂത്തുവിരിഞ്ഞത് കണ്ട് സാക്ഷാൽ തകഴിച്ചേട്ടൻ ചിരിക്കുന്ന ആ ചിരിയുണ്ടല്ലോ, അതാണ് മലയാളത്തിന്റെ ചിരി!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODACHAKRAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.