വർക്കല: ലഹരിക്ക് അടിമപ്പെട്ട് നടുറോഡിൽ അക്രമം നടത്തുകയും തടയാനെത്തിയ പൊലീസിനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വെട്ടൂർ അരിവാളം റിയാസ് മൻസിലിൽ റിയാസിനെയാണ് (26 ) വർക്കല പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 8ഓടെയാണ് സംഭവം.
വർക്കല താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഫെഡറൽ ബാങ്കിന് മുന്നിൽ ഗതാഗത തടസം സൃഷ്ടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ റിയാസ് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വർക്കല എസ്.ഐ രാഹുൽ, പ്രൊബേഷണൽ എസ്.ഐ ശരത്, ജെസ്സിൻ എന്നിവരെ യുവാവ് കൈയേറ്റം ചെയ്തു. തുടർന്ന് വർക്കല സി.ഐ സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
സ്ഥിരമായി മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് ആക്രമണം നടത്തുന്ന സ്വഭാവം ഇയാൾക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പ് സമാന സ്വഭാവമുള്ള കേസ് അഞ്ചുതെങ്ങ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |