SignIn
Kerala Kaumudi Online
Friday, 19 April 2024 8.49 AM IST

42 വീടുകൾ തകർന്നു, നാടെങ്ങും വെള്ളക്കെട്ട് മഴയിൽ വിറച്ച്

mazha
മാവൂരിൽ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് അവശ്യസാധനങ്ങളുമായി ബന്ധുവീട്ടിലേക്ക് പോവുന്ന വീട്ടമ്മ

കോഴിക്കോട്: നാടിനെ വിറപ്പിച്ച് കനത്ത മഴ. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 42 വീടുകൾ ഭാഗികമായി തകർന്നു. നിർത്താതെ പെയ്ത മഴയിൽ നാടും നഗരവും വെള്ളത്തിലായി. രണ്ടിടത്ത് കിണറുകൾ താഴ്ന്നു. മാവൂർ വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കച്ചേരികുന്ന് അങ്കണവാടി ക്യാമ്പിലേക്ക് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബത്തെ മാറ്റി.

ഏറാമല വില്ലേജിൽ കാർത്തികപ്പള്ളി ദേശത്ത് മന്ദംകണ്ടിയിൽ കുഞ്ഞമ്മദിന്റെ വീടിനോട് ചേർന്ന കിണറിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുതാഴ്ന്നത്. തൂണേരി വില്ലേജിൽ ചാലപ്പുറം ദേശത്ത് ചേലേരി കോമത്ത് കുഞ്ഞാലിയുടെ കിണറാണ് താഴ്ന്നത്. നരിപ്പറ്റ വില്ലേജിൽ കൂമുള്ളതിൽ ഇബ്രായിയുടെ വീടിന്റെ ഒരു ഭാഗം തകർന്നു വീണു. വാണിമേൽ വില്ലേജിൽ ശക്തമായ കാറ്റിൽ പുറയങ്കോട് റഫീഖ്, പുതുക്കുടി ലക്ഷം വീട് റഫീഖ്, പള്ളിക്കളത്തിൽ അമ്മത് എന്നിവരുടെ വീടിനു മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. മണിയൂർ വില്ലേജിൽ എടത്തുംകര മലയിൽ കേളപ്പന്റെ വീടിനു മുകളിൽ തേക്ക് മരം വീണു. വാണിമേൽ വില്ലേജിലെ വെള്ളിയോട് ദേശത്ത് പുതുക്കുടി ലക്ഷം വീട് കോളനിയിലെ പുതുക്കുടി ചന്ദ്രിയുടെ വീടിനു മുകളിൽ തെങ്ങ് വീണു. 14ാം വാർഡിൽ തൊണ്ട്യാപാറയിൽ ദാമോദരന്റെ വീടിന് മുകളിൽ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. മരം വീണതിനെ തുടർന്ന് വീടിന്റെ കല്ല് അടർന്ന് വീണ് ദാമോദരന്റെ മകൾ ഷിലിമ (13)യുടെ കാലിന് പരുക്കേറ്റു. കട്ടിപ്പാറ വില്ലേജിൽ കരിഞ്ചോലമുക്കിൽ നഫീസയുടെ വീടിനുമുകളിൽ റബർ മരം വീണു. ആളപായമില്ല. കായണ്ണ പനച്ചിങ്ങാതറമ്മൽ മട്ടനോട് പാർവതി അമ്മയുടെ വീടിനുമുകളിൽ മരം വീണ് ഭാഗികമായി നശിച്ചു. പീടികക്കണ്ടി പാലേരി റസാഖിന്റെ വീടിനു മുകളിൽ മരം വീണ് ഭാ​ഗികമായി തകർന്നു.

ചാലിൽ വട്ടക്കാട് പ്രദേശം വെള്ളത്തിൽ

കുറ്റ്യാടി: കനത്ത മഴയിൽ വട്ടക്കാട് തോട് കരകവിഞ്ഞ് കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ചാലിൽ വട്ടക്കാട് ഭാഗം പൂർണമായും വെള്ളത്തിലായി. ദുർഗ അങ്കണവാടി - നരിക്കാട്ടേരി റോഡിലെ ചാലിൽ മൊയ്തു ഹാജി, ചാലിൽ സൂപ്പി ഹാജി, ചാലിൽ അബ്ദുള്ള എന്നിവരുടെ വീട്ടുമുറ്റം വെള്ളത്തിൽ മുങ്ങി. വെള്ളപൊക്ക ഭീഷണിയെ തുടർന്ന് വണ്ണത്താംകണ്ടി ചന്ദ്രൻ വീട് മാറി. പ്രദേശത്തെ കാർഷിക വിളകൾ പൂർണമായും നശിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.സജിത, വാർഡ് മെമ്പർ നസീറ ബഷീർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ദേവർകോവിലിലെ കാവുത്തലക്കൽ തെക്കെ ഗണവതി വട്ടത്ത് ജമാൽ മുഹമ്മദിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. മേൽക്കൂരയും ഭിത്തിയും തകർന്നു.

മുണ്ടകുറ്റി, കനാൽ റോഡിലെ മരുതേരി കുഴിച്ചാൽ ഭാഗത്ത് വൈദ്യുതി ലൈനിൽ മരചില്ലകൾ വീണു. ചില്ലകൾ രണ്ട് ലൈനുകളിലായി കിടക്കുന്നതിനാൽ സമീപത്തെ ചെടികളിലേക്ക് വൈദ്യുതി പ്രവഹിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. നൂറ് കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയിൽ അപകടം പതിയിരിക്കുകയാണ്. വൈദ്യുതി വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

തെങ്ങ് വീണ് വീട് തകർന്നു

കൊയിലാണ്ടി: ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. മൂടാടി പാലക്കുളം ഒതയോത്ത് താഴെകുനി ഒ.ടി.വിനോദിന്റെ നിർമാണത്തിലിരുന്ന വീടിന് മുകളിലാണ് തെങ്ങ് വീണത്. സൺഷെയ്ഡ് പൂർണമായും തകർന്നു. കോൺക്രീറ്റിനും കേടുണ്ടായി.

മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കൊരയങ്ങാട്, ബപ്പൻകാട്, നടേലക്കണ്ടി ഭാഗങ്ങളാണ് വെള്ളത്തിലായത്. നടേലക്കണ്ടി ഭാഗത്ത് രാജീവൻ, ബാലകൃഷ്ണ പണിക്കർ, ഡോ.അനു ദേവാനൻ, ഷർഷാദ് തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി. റോഡുകളും ഫുട്പാത്തുകളും വെള്ളത്തിലായത് ഗതാഗതത്തെ സാരമായി ബാധിച്ചു. വെള്ളംകയറിയ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റാനുള്ള എല്ലാ സംവിധാനങ്ങളും തയ്യാറായതായി നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ പറഞ്ഞു.

കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ട് വഞ്ചികളുടെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു. വൃന്ദാവൻ, കർണ്ണൻ എന്നീ വഞ്ചികളുടെ മേൽക്കൂരയാണ് തകർന്നത്. കാറ്റിൽ വഞ്ചി ആടിയുലഞ്ഞെങ്കിലും തൊഴിലാളികൾ രക്ഷപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

ശക്തമായ കടൽക്ഷോഭത്തിൽ കാപ്പാട് - തുവപ്പാറ തീരദേശ റോഡ് തകർന്നു. റോഡിന്റെ പല ഭാഗങ്ങളും കടലെടുത്തു. റോഡിലൂടെയുള്ള ഗതാഗതം ദുഷ്ക്കരമായിരിക്കയാണ്. കഴിഞ്ഞ വർഷം തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ ഇതുവരെയും നടത്തിയിട്ടില്ല.

മരംവീണ് വീട് തകർന്നു

ചേളന്നൂർ: കാറ്റിലും മഴയിലും ചേളന്നൂർ അമ്പലപ്പാട് നാലാംവാർഡിൽ പിണങ്ങോട്ടുമ്മൽ പ്രഹ്ലാദന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീടിന്റെ അടുക്കള പൂർണമായും തകർന്നു. ഗ്യാസ് പെപ്പ് പൊട്ടിയത് ഭീതി പരത്തി. രണ്ടു ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ഇലക്ട്രിക് ലൈനിൽ മരം തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. 60,000 രൂപയുടെ നഷ്ടം കണാക്കുന്നു. വില്ലേജ്, പഞ്ചായത്ത് അധികൃതർ,​ വാർഡ് മെമ്പർ വി.പി.സത്യഭാമ, പി.അശോകൻ,​ പി.അഭിലാഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

പരക്കെ കൃഷിനാശം,
വീടുകൾ വെള്ളത്തിൽ

മുക്കം: കനത്തമഴയിൽ ജലാശയങ്ങൾ നിറഞ്ഞു. റോഡുകളിലും വീടുകളിലും വെള്ളം കയറി. ഇരുവഞ്ഞി പുഴയും കൈവഴികളും കരകവിഞ്ഞതോടെ തീരപ്രദേശങ്ങളിലെ മിക്ക റോഡുകളും വെള്ളക്കെട്ടിലാണ്. മുക്കം പാലം - ചോണാട് റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം മുടങ്ങി. മഴയിൽ വ്യാപക കൃഷി നാശവുമുണ്ടായി. കാരശ്ശേരി പഞ്ചായത്തിൽ മാത്രം പതിനായിരക്കണക്കിന് വാഴകൾ വെള്ളത്തിൽ മുങ്ങി. ആനയാംകുന്ന്, ചോണാട്, കക്കാട്, കാരമൂല, വല്ലത്തായ്‌പാറ, തേക്കുംകുറ്റി എന്നിവിടങ്ങളിലും വാഴകൃഷി വെള്ളം കയറി നശിച്ചു. പലയിടത്തും കാറ്റിൽ വാഴകൾ ഒടിഞ്ഞുവീണു. മുക്കം ചർച്ച് പരിസരത്തെ പൊയിലിൽ ജാനകിയുടെ വീട് വെള്ളത്തിലായി. വീടിനു ചുറ്റും വെള്ളം കെട്ടി നിൽക്കുന്നതിനാൽ പുറത്തിറങ്ങാനോ കാലികളെ തൊഴുത്തിൽ നിന്ന് പുറത്തിറക്കാനോ കഴിയാത്ത അവസ്ഥയാണ്. അടുത്തിടെ നവീകരിച്ച റോഡിൽ അശാസ്ത്രീയമായി ഓവുചാൽ നിർമിച്ചതിനാൽ വെള്ളം റോഡിലൂടെ ഒഴുകി അങ്ങാടികൾ വെള്ളത്തിൽ മുങ്ങുകയും കടകളിൽ വെള്ളം കയറുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്.

വീടുകളിൽ വെള്ളം കയറി

ബാലുശ്ശേരി: നന്മണ്ട, ബാലുശ്ശേരി പഞ്ചായത്തുകളിലെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. നന്മണ്ട പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലെ ചാലിൽ പടി വയലിൽ ബഷീർ, മരുതമണ്ണ് നിലം ദേവി, വെങ്ങലശ്ശേരി ഷൈജു, വെങ്ങലശ്ശേരി ഉഷ, വെങ്ങശ്ശേരി ശാരദ , വെങ്ങലശ്ശേരി അഷ്റഫ്,

ശ്രീശാസ്ത ഷനത്ത്, തോട്ടായി താഴെ ലീല, അനിൽ, തോട്ടാക്കണ്ടി ദാമോദരൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

ബാലുശ്ശേരി പഞ്ചായത്തിലെ ആരിഫ ഓച്ചത്ത്, തെക്കേടത്ത് താഴെ നാരായണൻ, ഓച്ചത്ത് കുനി സുനിൽകുമാർ, ഇല്ലത്ത് താഴെ ബാലൻ, ഇല്ലത്ത് താഴെ സുജല , കൈതോളി വയൽ അബ്ദുള്ള തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി.

വഴിമുടക്കി വെള്ളക്കെട്ട്

ഫറോക്ക്: ശക്തമായ മഴ ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഇടിമിന്നലോടെയുള്ള മഴയാണ് ഇന്നലെ രാവിലെ ചെയ്തത്. അങ്ങാടിയിൽ ആളുകൾ നന്നേ കുറവായിരുന്നു. ഫറോക്ക് - കരുവൻതിരുത്തി റോഡിലെ റെയിൽവേ അടിപ്പാലം റോഡിലെ വെള്ളക്കെട്ട് യാത്ര ദുരിതത്തിലാക്കി. ഫറോക്ക് - വെസ്റ്റ് നല്ലൂർ റോഡിലെ ഓവുപാലത്തിനടിയിൽ വെള്ളം കെട്ടി ഗതാഗതം തടസപ്പെട്ടു. ഓവുപാലത്തിനടിയിൽ വെള്ളമുയർന്നു. വെസ്റ്റ് നല്ലൂർ, പൂത്തോളം പ്രദേശത്തുള്ളവർ ഫറോക്കിലെത്താൻ ചുറ്റി വളഞ്ഞു പോകേണ്ട സ്ഥിതിയാണ്. ചാലിയാറിൽ ജലനിരപ്പ് ഉയരുന്നത് രാമനാട്ടുകര, വാഴയൂർ പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

മരം വീണ് വീടുകൾ തകർന്നു

പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുതിയോട്ടുംകുഴി അനൂപിന്റെ വീടിനു മുകളിൽ മരം വീണു. മേൽക്കൂരയും ചുമരും തകർന്നു. ഇന്നലെ പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് അപകടം. പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.

മതിലിടിഞ്ഞ് വീണു

നാദാപുരം: ശക്തമായ മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. ഇരിങ്ങണ്ണൂർ ശ്രീമഹാശിവക്ഷേത്ര ചിറയ്ക്ക് സമീപം നന്ദാവനത്തിൽ ഇന്ദിരയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഇന്നലെ പുലർച്ചെയാണ് സംഭവം. മഹാശിവക്ഷേത്രത്തിലേക്കും പരിസരത്തെ എൽ.പി സ്കൂളിലേക്കും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ യാത്ര ചെയ്യുന്ന വഴിയാണ്.

പുഴയുടെ തീരങ്ങളിലുള്ളവർ
ജാഗ്രത പാലിക്കണം

കോഴിക്കോട്: ശക്തമായ മഴയിൽ പുഴകളിലെ ജലനിരപ്പ് ഉയർന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൂനൂർ പുഴയിൽ കുന്ദമംഗലം, കോളിക്കൽ ഭാഗങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുന്നിരിക്കുകയാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ സജ്ജമാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് കളക്ടറുടെ അദ്ധ്യക്ഷതയിൽ തഹസിൽദാർമാരുടെയും താലൂക്ക് ഓഫീസർമാരുടെയും യോഗം ചേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.