SignIn
Kerala Kaumudi Online
Thursday, 25 April 2024 4.50 AM IST

ആശാന്റെ നാക്കും ചിലരുടെ യോഗവും

varavisesham

സ്വന്തം നാവിനെ യോഗാഭ്യാസം പരിശീലിപ്പിച്ചിട്ടുള്ള വളരെ അപൂർവം പേരിലൊരാളാണ് കുഞ്ചിത്തണ്ണിയിലെ മണിയാശാൻ. യോഗചെയ്ത് വലഞ്ഞ നാവ് എങ്ങോട്ട്, എപ്പോഴാണ് വളയുന്നതെന്ന് ഒരു മുന്നറിയിപ്പും നൽകാറില്ല. അതുകൊണ്ട് നാവിനെ പേടിച്ച് ആളുകൾ മണിയാശാന്റെ നൂറുവാര വിട്ടിട്ടാണ് നടക്കാറുള്ളത്. ആശാൻ നിന്നനില്പിൽ കൈകൾ കൂട്ടിപ്പിടിച്ച് ഒന്ന് തിരുമ്മിക്കഴിയുന്നതോടെ നാക്ക് അതിന്റെ യോഗസിദ്ധികൾ പ്രകടിപ്പിച്ച് തുടങ്ങും. ആശാനെപ്പോലും അതിശയിപ്പിച്ചാണ് പലപ്പോഴും നാവിന്റെ പോക്ക്. എന്നാൽ ആ പോക്കിന് ആശാനെ വശംകെടുത്താനൊന്നും ആവില്ല. വശംകെടുന്ന രീതി പൊതുവേ കമ്മ്യൂണിസ്റ്റുകാർക്കില്ല. ആശാനാണെങ്കിൽ കാൾമാർക്സ് പോലും ഏറ്റവും കൂടുതൽ മതിപ്പ് പ്രകടിപ്പിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന കമ്മ്യൂണിസ്റ്റാണ്. ഇനി അഥവാ കാൾമാർക്സ് അങ്ങനെ മതിപ്പ് പ്രകടിപ്പിക്കാൻ മുതിർന്നില്ലെങ്കിൽ ആശാന്റെ നാവ് അദ്ദേഹത്തെക്കൊണ്ട് പലതും ചെയ്യിപ്പിച്ചെന്നിരിക്കും. ആശാന്റെ കാലത്തിന് മുൻപേ വിടവാങ്ങിയത് മാർക്സിന്റെ ഭാഗ്യം.

കമ്മ്യൂണിസ്റ്റ് പദാവലിയിൽ നിന്ന് യോഗസിദ്ധി, യോഗസാധന എന്നിങ്ങനെയുള്ള പദങ്ങളൊന്നും കണ്ടുപിടിക്കാൻ സാധിക്കാത്തത് കാരണം ആശാന്റെ ആളുകൾ ആ നാവിന്റെ സിദ്ധിയെ വാമൊഴി വഴക്കം, നാട്ടുമൊഴിച്ചന്തം എന്നിങ്ങനെയാണ് വിശേഷിപ്പിക്കാറുള്ളത്. പിണറായി സഖാവ് മുതൽ ഈപീജയരാജൻ സഖാവ് വരെയുള്ളവർ ആ സാധനയെ അറിഞ്ഞ്, ചിരിച്ച് ആസ്വദിക്കാറുണ്ട്. അവർ അങ്ങേയറ്റത്തെ സഹൃദയരും കലാസ്നേഹികളും ആയതുകൊണ്ടാണ് ചിരി വരുന്നത്. കമ്മ്യൂണിസ്റ്റുകാർ അങ്ങനെ വഴിവിട്ട് ചിരിക്കാൻ പാടില്ല. പിണറായി സഖാവ് അങ്ങനെയൊന്നും ചിരിക്കുന്ന ആളല്ല. എങ്കിലും മണിയാശാന്റെ മുന്നിൽ അദ്ദേഹം ചിരിക്കുന്നത് ആ കമ്മ്യൂണിസ്റ്റിന്റെ കലാഹൃദയം തുളുമ്പുന്നതിന്റെ തെളിവാണ്.

വിപ്ലവം വിരിഞ്ഞ് മന്ത്രിയാവാൻ നിർബന്ധിക്കപ്പെടുന്ന കാലത്ത് വേറെയും പല കമ്മ്യൂണിസ്റ്റുകാരിലും നാവ് യോഗത്വര പ്രകടിപ്പിക്കാറുണ്ട്. സജി ചെറിയാൻ മന്ത്രിക്ക് സംഭവിച്ചതും അതാണ്. നാവ് പിടിച്ചത് ഭരണഘടനയെ ആയിപ്പോയി. അപ്പർ കുട്ടനാടൻ ഭാഷയിലോ ഓണാട്ടുകര ഭാഷയിലോ ഉള്ള ചില വാമൊഴിവഴക്കങ്ങൾ നാവ് പ്രകടിപ്പിച്ചതാണെന്ന് സജി സഖാവ് തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തി. എന്തായാലും പണിപോയി.

ഇടുക്കി മൂന്നാറിൽ സമരം ചെയ്ത പെമ്പിളൈ ഒരുമൈക്കാർ മദ്യപാനവും സകല പരിപാടികളും നടത്താറുണ്ടെന്ന് ഒരിക്കൽ മണിയാശാന്റെ നാവ് മൊഴിയുകയുണ്ടായി. അന്ന് നാവ് മേരുദണ്ഡാസനം വരെ കടുപ്പിച്ച് ചെയ്ത ദിവസമായിരുന്നു. അതുകൊണ്ട് വല്ലാതെയങ്ങ് മൊഴിവഴക്കം പ്രകടിപ്പിച്ചു. അത് പലയാളുകൾ ഏറ്റുപിടിച്ച് അൽക്കുൽത്തിന് ശ്രമിച്ചതാണ്. നാവ് കുലുങ്ങാതിരുന്നത് കാരണം ആശാനും കുലുങ്ങിയില്ല. മുല്ലപ്പെരിയാർ അണക്കെട്ട് കുലുങ്ങിയാലും താൻ കുലുങ്ങില്ലെന്ന ഭാവത്തിൽ അദ്ദേഹം നിന്നത് ആ നാവിന്റെ ഒറ്റബലത്തിലാണ്.

ഇപ്പോൾ നിയമസഭയിൽ ആശാന്റെ നാവ് ഒഞ്ചിയത്തെ കെ.കെ.രമ എം.എൽ.എയുടെ നേർക്കാണ് ചില അഭ്യാസപ്രകടനങ്ങൾ നടത്തിയിരിക്കുന്നത്. 'ആ മഹതി ഒരു വിധവയായിപ്പോയത് അവരുടെ വിധി ' എന്നാണ് നാവ് മൊഴിഞ്ഞത്. പിണറായി സഖാവ് അപ്പറഞ്ഞതിൽ എല്ലാമൊന്നും കേട്ടിട്ടില്ല. അതിൽ സഖാവിന്റെ ഭാഗത്ത് വീഴ്ചയില്ല. വിധി എന്ന് പറഞ്ഞതാണ് സഖാവ് കേൾക്കാതിരുന്നത്. വിധി എന്നുള്ളത് കമ്യൂണിസ്റ്റ് പദാവലിയിൽ പെട്ടതല്ല. അതുകൊണ്ടാണ് സഖാവ് അത് കേൾക്കാതിരുന്നത്. കമ്യൂണിസ്റ്റ് പദാവലിയിൽ പെടാത്ത സാധനത്തെ കേട്ടാലും മനസ്സിലാവില്ല. മഹതി എന്ന വാക്ക് നല്ലൊരു വാക്കാണെന്ന് ആശാനും അറിയാം പിണറായി സഖാവിനും അറിയാം. അതുകൊണ്ട് ആശാന്റെ നാക്ക് പണി പറ്റിച്ചിട്ടുണ്ട് എന്ന് പറയാൻ ഒട്ടും സാധിക്കില്ല. രമയ്ക്ക് വേണമെങ്കിൽ അത് കേട്ടിട്ട് ഒന്ന് നെടുവീർപ്പിടാം എന്ന് മാത്രമേയുള്ളൂ.

ആശാന്റെ സഞ്ചിക്കകത്ത് ഇന്ത്യയുടെയും ഏഷ്യയുടെയും ലോകത്തിന്റെയും തന്നെ മാപ്പുകൾ കിടപ്പുണ്ട്. അതൊക്കെ ആശാൻ ആശാന്റെ ആവശ്യത്തിന് മാത്രം എടുത്ത് നോക്കുന്ന സാധനങ്ങളാണ്. ആശാനോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് തൊട്ടിങ്ങോട്ടുള്ള പലരും പറയുന്നുണ്ട്. അത് ആശാന്റെ സഞ്ചിക്കകത്തെ ലോകത്തിന്റെ മാപ്പ് തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കണക്കാക്കിയാൽ മതി. പെമ്പിളൈ ഒരുമക്കാരും പണ്ട് ഇതുപോലെ മാപ്പ് കൈക്കലാക്കാൻ ചില അടവുകൾ പ്രയോഗിച്ചതായിരുന്നു. അവർക്ക് കഴിഞ്ഞിട്ടില്ല. പിന്നെയാണോ പ്രതിപക്ഷനേതാവിന് സാധിക്കുക? അതുകൊണ്ട് പ്രതിപക്ഷം ഒന്നടങ്ങി നിൽക്കൂ എന്ന് അപേക്ഷിക്കുന്നു.

  

- ന.മോ.ജി പുതിയ പാർലമെന്റ് കെട്ടിയുണ്ടാക്കി അതിന്റെ മുകളിൽ അലറുന്ന സിംഹങ്ങളെ കുടിയിരുത്തി പൂജ നടത്തിയെന്നാണ് വാർത്ത. സാരാനാഥിലെ അശോകസ്തംഭത്തിലെ സിംഹങ്ങൾ പാവങ്ങളായിരുന്നു. പക്ഷേ ന.മോ.ജി ഇവിടെ പൂജനടത്തുമ്പോൾ അശോകചക്രവർത്തിയെ മുന്നിൽ കാണുകയുണ്ടായി. ന.മോ.ജിയോട് അദ്ദേഹം പറഞ്ഞത് ഒറ്റക്കാര്യമായിരുന്നു. അത് കലിംഗയിൽ പണ്ട് നടത്തിയതു പോലെയുള്ള ഒരു യുദ്ധം നടത്തണമെന്നാണ്. ന.മോ.ജി അത് പറ്റില്ലെന്ന് തീർത്ത് പറഞ്ഞു. എന്നാൽപ്പിന്നെ, ഈ പാവം സിംഹങ്ങളെ മാറ്റിപ്പിടിച്ച് അലറുന്നവയെ കൊണ്ടുവച്ച് യുദ്ധംചെയ്യുന്ന ഒരു മട്ടുണ്ടാക്കാൻ സഹായിക്കണമെന്ന് ചക്രവർത്തി അഭ്യർത്ഥിച്ചു. അത് വേണമെങ്കിൽ നോക്കാമെന്ന് പറഞ്ഞു. ന.മോ.ജി ആർക്കും എന്ത് ആവശ്യവും സാധിച്ച് കൊടുക്കുന്ന ആളാണെങ്കിലും ഒട്ടും നിവൃത്തിയില്ലാത്തത് സാധിച്ച് കൊടുക്കാറില്ല. അതിപ്പോൾ അശോക ചക്രവർത്തിയായാലും അതുതന്നെയാണ്. അതുകൊണ്ട് യുദ്ധം പറ്റില്ലെന്ന് പറഞ്ഞു. യുദ്ധത്തിന്റെ മട്ടുണ്ടാക്കിത്തരാമെന്ന് പറഞ്ഞു. അത്രയുമാണ് നടന്നിട്ടുള്ളത്. അതിന് സിംഹത്തിന്റെ തല മാറ്റിപ്പിടിച്ചു എന്നൊക്കെ ചിലയാളുകൾ ബഹളംവച്ച് നടക്കുന്നത് എന്തിനാണ്?

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANI ASAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.