SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.01 AM IST

കുട്ടികളിൽ ബുദ്ധിയും ഏകാഗ്രതയും കൂട്ടാൻ സഹായിക്കും, ചതുരംഗത്തിന്റെ കഥ

chess

ഇന്ത്യക്കാർക്ക് ചെസ്സ് എന്നാൽ വിശ്വനാഥൻ ആനന്ദ് ആണ്. അദ്ദേഹത്തിനു പുറമേ ലോകശ്രദ്ധ നേടിയ ചെസ്സ് താരങ്ങളാണ് ഗാരി കാസ്പെറോ,​ മാഗ്നസ് കാൾസൻ എന്നിവർ. എതിരാളിയുടെ കളങ്ങളിൽ പ്രതിരോധം തീർക്കുന്ന കുട്ടി ജീനിയസുകളാണ് മലയാളിയായ നിഹാൽ സരിനും ചെന്നൈക്കാരൻ രമേഷ് പ്രഗ്നാനന്ദയും. വിനോദത്തിനപ്പുറം കുറച്ചധികം തല പുകയ്ക്കേണ്ട കളിയാണ് ചെസ്സ്. അഥവാ ചതുരംഗം. ഇന്ന് അന്താരാഷ്ട്ര ചെസ്സ് ദിനമാണ്.

കുട്ടികളിൽ ബുദ്ധിയും ഏകാഗ്രതയും കൂട്ടാൻ ചെസ്സ് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചതുരംഗക്കളങ്ങളിൽ ഇവ രണ്ടും ഒരുപോലെ പ്രയോഗിക്കേണ്ടതുണ്ട്. എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി കാണാനുള്ള അകക്കണ്ണാണ് ചെസ്സ് കളിയിൽ വിജയം നി‌ർണയിക്കുന്നത്. കളിയുടെ പ്രധാന ഉദ്ദേശ്യം എതിരാളിയുടെ രാജാവിനെ പിടിച്ചെടുക്കുക (ചെക്ക്മേറ്റ്) ​എന്നതാണ്. അതിന് ഓരോ കരുനീക്കവും വ്യക്തമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിനു പുറമേ എതിരാളിയുടെ കരുനീക്കങ്ങൾ മുൻകൂട്ടി കാണാനും കഴിയണം. ഒരേ സമയം ഇരുകളിക്കാരും എതിരാളിയുടെ നീക്കത്തെക്കുറിച്ച് ചിന്തിക്കണമെന്നു സാരം. ഇത് ചിന്താശേഷി കൂട്ടാൻ വളരെയധികം ഗുണകരമാണ്.

ചരിത്രം

പുരാണത്തിലെ ചതുരംഗമാണ് ചെസ്സിന്റെ ആദ്യരൂപം. ഏകദേശം 1500 വർഷത്തെ പഴക്കമുണ്ട് ചെസ്സിന്. ഇന്ത്യ,​ പേർഷ്യ എന്നിവിടങ്ങളിൽ ചെസ്സ് ഉത്ഭവിച്ചെന്നാണ് ചരിത്രം. പേർഷ്യയിലെ ഷാ-മത്ത് എന്ന അറബി വാക്കാണ് പിൽക്കാലത്ത് ചെസ്സ് ആയി മാറിയത്. പണ്ട് രാജാക്കന്മാരുടെ വിനോദമായിരുന്നു ചതുരംഗം. ഒരു കൊച്ചു രാജ്യത്തെ കളങ്ങളിലേക്കു ചുരുക്കി,​ എതി‌ർരാജ്യത്തെ ആക്രമിക്കാനുള്ള യുദ്ധതന്ത്രങ്ങൾ മനക്കണ്ണിലൂടെ കണ്ടാണ് അവർ ചതുരംഗം കളിച്ചിരുന്നത്. ചതുരംഗക്കളങ്ങൾ പിന്നീട് ചൂതാട്ടമായി മാറിയതും അതിലൂടെ പാണ്ഡവർക്ക് സർവവും നഷ്ടപ്പെട്ടതും നമ്മൾ കഥകളിൽ വായിച്ചുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ഇന്നു കാണുന്ന രൂപത്തിലേക്ക് ചെസ്സ് പരിണമിക്കുന്നത്. പത്തൊമ്പതാം നൂറ്രാണ്ടിൽ ആധുനിക ചെസ്സ് മത്സരങ്ങൾ ആരംഭിക്കുകയും ഇരുപതാം നൂറ്രാണ്ടിൽ കാലത്തിനൊത്ത പരിഷ്കാരങ്ങളോടെ ചെസ്സിന് പ്രചാരമേറുകയും ചെയ്തു.

എങ്ങനെ കളിക്കാം?​

രണ്ടുപേർക്ക് കളിക്കാവുന്ന ഒരു ബോർഡ് ഗെയിമാണ് ചെസ്സ്. വെളുപ്പും കറുപ്പും നിറങ്ങൾ ഇടകലർന്ന 64 ചെറിയ കളങ്ങൾ നിറഞ്ഞതാണ് ചെസ്സ് ബോർഡ്. ഇരു കളിക്കാർക്കും 16 വീതം വെളുപ്പും കറുപ്പും കരുക്കൾ ഉണ്ടാകും. എട്ട് കാലാൾ,​ രണ്ട് കുതിരകൾ,​രണ്ട് ആനകൾ,​ രണ്ട് തേരുകൾ,​ ഒരു റാണി അഥവാ മന്ത്രി,​ ഒരു രാജാവ് എന്നിങ്ങനെയാണ് ഒരാളുടെ കരുക്കൾ . കളി തുടങ്ങുമ്പോൾ വെളുത്ത കരുക്കൾ വച്ച് കളിക്കുന്നയാൾക്ക് ബോർഡിന്റെ ഇടതു വശത്തു നിന്ന് വലതുവശത്തേക്കും,​ കറുത്ത കരുക്കൾ വച്ച് കളിക്കുന്നയാൾക്ക് ബോർഡിന്റെ വലതു വശത്തേക്കും കരുക്കൾ നീക്കാം. ആദ്യ വരിയിൽ തേര്,​ കുതിര,​ ആന,റാണി (മന്ത്രി)​,​ രാജാവ്,​ആന,​കുതിര, തേര് എന്നിങ്ങനെയും രണ്ടാമത്തെ വരിയിൽ കാലാളുകളെയും ക്രമീകരിക്കാം.

കരുക്കൾ

1. കാലാൾ അഥവാ പടയാളി

രണ്ടാമത്തെ വരിയിലാണ് കാലാളിന്റെ സ്ഥാനം. തൊട്ടുമുന്നിലുള്ള കളത്തിലേക്കു മാത്രമേ കാലാളിന് നീങ്ങാനാകൂ.ആദ്യ നീക്കത്തിൽ കാലാളിന് തൊട്ടു മുന്നിലുള്ള കളത്തിലേക്കോ രണ്ടാമത്തെ കളത്തിലേക്കോ നീങ്ങാനാകും. കാലാളിന് തൊട്ടടുത്ത കോണുകളിലുള്ള എതിരാളിയുടെ കരുവിനെ മാത്രമേ വെട്ടി നീക്കാനാകൂ.

2. കുതിര

എൽ ആകൃതിയിൽ മറ്റ് കരുക്കൾക്കു മുകളിലൂടെ ചാടിനീങ്ങാൻ കഴിയുന്ന കരുവാണ് കുതിര. ഇങ്ങനെ നീങ്ങുമ്പോൾ ഇടയ്ക്കുള്ള കളങ്ങളിൽ കരുക്കൾ ഉണ്ടെങ്കിലും പ്രശ്നമില്ല. നീക്കം അവസാനിക്കുന്ന കളത്തിലെ കരുക്കളെ വെട്ടി നീക്കാനുമാകും.

3. ആന

കോണോടു കോണായാണ് ആനയുടെ നീക്കം. വെളുത്ത കളത്തിലുള്ള ആനയ്ക്ക് വെളുത്ത കളത്തിലൂടെയും കറുത്ത കളത്തിലുള്ളതിന് കറുത്ത കളത്തിലൂടെയും മുന്നിലേക്കും പിന്നിലേക്കും നീങ്ങാം. സ്വന്തം കരുക്കളുള്ള വഴിയിലൂടെ നീങ്ങാനാകില്ല.എന്നാൽ എതി‌ർ കരുവാണുള്ളതെങ്കിൽ വെട്ടാനാകും.

4.തേര്

ആദ്യവരിയിൽ ഒന്നാമത്തെയും എട്ടാമത്തെയും കളത്തിലാണ് തേരിന്റെ സ്ഥാനം. മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും തേരിന് സഞ്ചരിക്കാം. നീക്കം അവസാനിക്കുന്ന കളത്തിൽ എതിർകരു ഉണ്ടെങ്കിൽ വെട്ടിമാറ്രാം.

5.മന്ത്രി (റാണി)​

കുതിരയുടെ ചാടിയുള്ള നീക്കമൊഴികെ മറ്റെല്ലാ നീക്കങ്ങളും സാദ്ധ്യമായ ശക്തമായ കരുവാണ് മന്ത്രി. രാജാവിനു തൊട്ടടുത്താണ് മന്ത്രിയുടെ സ്ഥാനം.

6. രാജാവ്

തൊട്ടു മുന്നിലേക്കോ പിന്നിലേക്കോ കോണോടുകോണായോ ഒരു കളം വീതം ആണ് രാജാവിന്റെ നീക്കം. എതിരാളിയുടെ കരുക്കളെ വെട്ടിനിരത്തി,​ രാജാവിനു പ്രതിരോധം തീർത്ത് കളത്തിൽ നിന്ന് പുറത്താക്കുന്നതാണ് കളിയുടെ ലക്ഷ്യം.

ചെക്ക്മേറ്റ്

ഒരു കളിക്കാരന്റെ അടുത്ത നീക്കത്തിൽ എതിരാളിയുടെ രാജാവിന് പ്രതിരോധം തീർക്കാനായാൽ അതിനെ ചെക്ക് എന്നും വെട്ടിനീക്കാൻ കഴി‍ഞ്ഞാൽ ആ നീക്കത്തെ ചെക്ക്മേറ്റ് എന്നും പറയും.

ചെസ്സ് കളിയ്ക്കായി എടുക്കുന്ന കുറഞ്ഞ സമയം 10 മുതൽ 60 മിനിട്ട് വരെയാണ്. എന്നാൽ ടൂർണമെന്റുകൾ ഏഴു മണിക്കൂറോളം നീണ്ടു പോകാറുണ്ട്. കുട്ടികളുടെ ബുദ്ധിവികാസ ഘട്ടത്തിൽ പരിചയപ്പെടുത്താവുന്ന മികച്ച കളിയാണിത്. വിശകലനശേഷി,​ ​ചിന്താശേഷി,​ ഏകാഗ്രത,​ ഭാവന എന്നിവ വർദ്ധിപ്പാക്കാനും മാനസിക ഉല്ലാസത്തിനും ഇത് സഹായിക്കും. സ്മാർട്ട് ഫോണുകളിൽ ചെലവഴിക്കുന്ന ഒഴിവുവേളകൾ ചെസ്സിനായി നീക്കി വച്ചു നോക്കൂ. പതിയെ നിങ്ങൾ ചെസ്സിനെ ഇഷ്ടപ്പെട്ടു തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.