SignIn
Kerala Kaumudi Online
Thursday, 25 April 2024 4.51 AM IST

നീതിദേവതയുടെ കൺകെട്ട് അഴിയുന്നോ?

photo

1964 ൽ ഹൈക്കോടതിയിൽ അഡ്വ.ജി വിശ്വനാഥ് അയ്യരുടെ ജൂനിയറായി പ്രാക്‌ടീസ് ആരംഭിച്ചകാലം. അന്ന് ഒഴിവുസമയങ്ങളിൽ ഒന്നാം ബെഞ്ചിൽ കേസ് കേൾക്കാൻ പോയപ്പോഴുള്ള മറക്കാനാവാത്ത രണ്ട് അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒന്നാം ബെ‌ഞ്ചിൽ ചീഫ് ജസ്റ്റിസ് എം.എസ് മേനോനും, എസ്. വേലുപ്പിള്ളയും ഡിവിഷൻ ബെഞ്ചിൽ ഒരു കുടുംബതർക്ക കേസ് വാദം കേൾക്കുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാദിഭാഗം കേസ് തള്ളിക്കൊണ്ടാണ് വിധിയെഴുതാൻ പോകുന്നതെന്ന് ജസ്റ്റിസ് എം.എസ് മേനോൻ പറഞ്ഞു. ഇതുകേട്ട് വാദിഭാഗം അ‌‌ഡ്വക്കേറ്റ് പറഞ്ഞത് ഇങ്ങനെ ''അങ്ങയ്ക്ക് എന്ത് വിധി വേണമെങ്കിലും എഴുതാം. പക്ഷേ ഇത് അച്ചടിച്ച് ജേർണലിൽ വരുമ്പോൾ അത് വായിക്കുന്നവരുടെ അഭിപ്രായം അങ്ങയെ അലോസരപ്പെടുത്തിയാൽ അതുംകൂടി കണക്കിലെടുത്ത് വേണം വിധിയെന്ന്.'' അന്ന് ആ കേസ് വിധിപറയാതെ റിസർവ് ചെയ്തു. രണ്ടാഴ്ചക്ക് ശേഷം വന്ന വിധി അന്നത്തെ ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തിന് കടകവിരുദ്ധമായിരുന്നു.

രണ്ടാമത്തെ അനുഭവം ചീഫ് ജസ്റ്റിസ് പി.ടി രാമൻനായരുടെ വിരമിക്കലിന് തലേദിവസമുണ്ടായതാണ്. ഭൂപരിഷ്കരണ നിയമത്തിന്റെ ഒരു വ്യവസ്ഥയെക്കുറിച്ച് സിവിൽ റിവിഷൻ പെറ്റീഷൻ വാദം കേട്ട് അദ്ദേഹം വിധി കടലാസിലെഴുതി. എന്നാൽ ഒപ്പിടുന്നതിന് മുന്നോടിയായി വക്കീലന്മാർക്ക് വായിച്ചു കൊടുത്ത് ശരിയാണോ എന്ന് ചോദിച്ചു. അവർ വിധി തെറ്റാണെന്ന് പറഞ്ഞപ്പോൾ എഴുതിയത് വെട്ടിക്കളഞ്ഞ് വിരമിക്കൽദിനം ‌ഡിവിഷൻ ബെഞ്ചിൽ ഒന്നാം ഐറ്റമായി കേസ് ഉൾപ്പെടുത്താമെന്ന് ജസ്റ്റിസ് രാമൻ നായർ പറഞ്ഞു. അദ്ദേഹവും ജസ്റ്റിസ് കെ.കെ മാത്യുവും ഉൾപ്പെട്ട ബെഞ്ച് കേസ് വാദം കേട്ടു. തലേദിവസമെഴുതിയ വിധിക്ക് കടകവിരുദ്ധമായിരുന്നു ആ വിധി.

നീതി നടപ്പാക്കണമെന്ന് നിർബന്ധമുള്ള ജ‌ഡ്ജിമാർ സർവീസിലുണ്ടായിരുന്ന ഹൈക്കോടതിയിൽ ഇന്ന് സംഭവിക്കുന്ന ചില കേസുകളാണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. ആളിന്റെ മുഖം കാണാതെ നീതിനടപ്പാക്കുന്ന നീതിദേവത ഇന്ന് ചില കേസുകളിൽ കണ്ണുകൾ മൂടിയ തുണിയഴിച്ചു മാറ്റി കക്ഷികളെ നോക്കി നീതിനടപ്പാക്കുകയാണോ എന്ന് സംശയിക്കേണ്ട തരത്തിലായിപ്പോയി ചില കേസുകളുടെ പോക്ക്.

സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ചതാണ് നടിയെ ആക്രമിച്ച കേസ്. ആ കേസ് ഒരു വനിതാ ജഡ്‌ജി തന്നെ കേൾക്കണമെന്നും വിചാരണ പരസ്യമാക്കരുതെന്നുമുള്ള അവരുടെ അഭ്യർത്ഥന മാനിച്ച് ഹൈക്കോടതി ഒരു വനിതാ ജഡ്ജിയെ വിചാരണയ്ക്കയച്ചു. ആ കോടതി നടപടികൾ ഇൻ കാമറയായി നടത്താൻ തീരുമാനിച്ചു. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. നടി ഉദ്ദേശിച്ചത് കോടതിയിൽ നേരിടേണ്ടി വരുന്ന ചോദ്യോത്തരങ്ങൾ പൊതുജനശ്രദ്ധയിൽ പെടാതിരിക്കട്ടെ എന്നാണ്. എന്നാൽ സംഭവിച്ചത് നേരെ വിരുദ്ധമാണ്. കേസിലെ പത്തോളം പ്രതികളുടെ അഭിഭാഷകരും ചില മുതിർന്ന അഭിഭാഷകരുടെ ജൂനിയേഴ്‌സും ചേർന്ന് ഒരു വക്കീൽ പടതന്നെ കോടതിയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ഈ വക്കീലന്മാർക്ക് മുമ്പിൽവച്ചാണ് നടിയെ വിസ്തരിച്ചത്. ഈ ആൾക്കൂട്ടത്തിന് മുൻപിൽ നടി ഓരോ ദിവസവും അപമാനിതയായിക്കൊണ്ടിരുന്നു. എല്ലാ ദിവസവും അവർ കണ്ണീർ വാർത്തുകൊണ്ടാണ് കോടതി മുറിയ്ക്ക് പുറത്ത് വന്നത്. കോടതി മുറിയിൽ വീണ്ടും അപമാനിതയായ അവർ താൻ നേരിട്ട ശാരീരിക പീഡനത്തേക്കാൾ ക്രൂരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അവരുടെ പിൻകാല സത്യവാങ്‌മൂലങ്ങളിൽ നിന്ന് മനസിലാകും.

കോടതി മുറിയിൽ ഇരയ്‌ക്ക് അർഹമായ സംരക്ഷണം ഉറപ്പാക്കേണ്ടത് ജഡ്ജിയുടെ കടമയാണ്. ഈ സന്ദർഭത്തിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ മഹിളാ ജ‌ഡ്ജിയുടെ തീരുമാനം ഓർക്കുന്നു. വസ്ത്രം ധരിച്ച സ്ത്രീയെ വസ്ത്രത്തിന് മുകളിലൂടെ ഏതുവിധത്തിൽ ആക്രമിച്ചാലും ഇന്ത്യൻ പീനൽ കോ‌ഡ് അനുസരിച്ച് ശിക്ഷാർഹമല്ലെന്ന് അവർ വിധിച്ചു. ഉടൻതന്നെ സുപ്രീംകോടതി ഇടപെട്ട് വിധി സ്റ്റേചെയ്തു. തുടർന്ന് ജഡ്ജി രാജിവച്ച് ഹൈക്കോടതിയിൽ നിന്നും വിടപറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ വിസ്താരക്കോടതിയിലെ നടപടികളെ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയുണ്ടായി. ആ ഹർജി വാദിക്കുന്ന സമയം വിചാരണ നടത്തിയ ജഡ്ജിയെക്കുറിച്ച് യാതൊരു പരാമർശവും നടത്തരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഒരു കീഴ്ക്കോടതി ജഡ്ജിയിൽ നിന്നുള്ള നീതിരഹിതമായ പ്രവൃത്തിയെക്കുറിച്ച് ഹൈക്കോടതിയിൽ പരാതിപ്പെടുകയല്ലാതെ വേറെയെന്താണ് ചെയ്യേണ്ടതെന്ന് മനസിലാവുന്നില്ല. കീഴ്ക്കോടതികൾ എങ്ങനെ പ്രവർത്തിക്കുന്നെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ വിജിലൻസ് രജിസ്റ്റാറിന്റെ കീഴിൽ സംവിധാനമുണ്ട്. ഈ സംവിധാനം കേസുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്തതായോ ഹൈക്കോടതിയുടെ അ‌ഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്തെങ്കിലും നടപടിയെടുത്തതായോ ആർക്കുമറിയില്ല.

നടിയെ ആക്രമിച്ച കേസിനെ തുടർന്നുണ്ടായ ചില പ്രവൃത്തികൾ പുതുതായ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടേണ്ട സാഹചര്യമുണ്ടാക്കി. ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനും കൈവശമുള്ള ഫോണുകൾ പിടിച്ചെടുക്കാനും പൊലീസ് നടപടിയെടുത്തപ്പോൾ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ മൂവ്ചെയ്തു. അപേക്ഷയിൽ സർക്കാരിന്റെ റിപ്പോർട്ടാവശ്യപ്പെട്ട് കേസുകൾ പല ദിവസങ്ങളിലേയ്ക്ക് മാറ്റിവച്ചു. അതേസമയം മുൻകൂർ ജാമ്യാപേക്ഷകളിലെ തീരുമാനമുണ്ടാകുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിച്ചു. തുടർന്ന് ഫോണുകൾ പരിശോധിക്കുന്നതിന് പ്രോസിക്ക്യൂഷന് അവകാശമുണ്ടെന്ന് സിംഗിൾ ബെ‌‌ഞ്ച് ഉത്തരവ് പാസാക്കി. എന്നാൽ ആ ഫോണുകൾ പ്രതികൾ തിങ്കളാഴ്ച്ച രാവിലെ 10. 30 ന് ഹൈക്കോടതി രജിസ്റ്റാറിന് മുമ്പിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശിച്ചത്. വെള്ളിയാഴ്ച ഉച്ചമുതൽ തിങ്കളാഴ്ച ഉച്ചവരെ ഫോണുകൾക്ക് എന്തെല്ലാം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആ ജഡ്ജി ചിന്തിച്ചതായി തോന്നുന്നില്ല. വെള്ളിയാഴ്ച രാവിലെ പ്രോസിക്ക്യൂഷൻ അവകാശങ്ങൾ അനുവദിച്ച ബെഞ്ച് ആ ഫോണുകൾ തിരഞ്ഞ് പിടിച്ചെടുക്കാൻ പ്രോസിക്യൂട്ടിങ് ഓഫീസറെയോ കേരള പോലീസിനെയോ ചുമതലപ്പെടുത്തിയിരുന്നെങ്കിൽ ഫോണുകൾ ‌ടാംപർ ചെയ്യപ്പെടാതെ കോടതിയിൽ ലഭിക്കുമായിരുന്നു. ഹൈക്കോടതിയുടെ അധികാരം എത്രമാത്രമുണ്ടെന്ന് മനസിലാക്കിയിരുന്നെങ്കിൽ ഈ ഫോണുകൾ വെള്ളിയാഴ്ച തന്നെ പൊലീസിനെക്കൊണ്ട് കോടതിയ്ക്ക് പിടിച്ചെടുക്കാമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിന്റെ ദുരന്തഫലം പൊതുജനത്തിന് ബോദ്ധ്യമായതാണ്.

ഒരു സ്ത്രീ താൻ മാനഭംഗം ചെയ്യപ്പെട്ടെന്ന് പൊലീസിൽ പരാതിപ്പെട്ടാൽ 99ശതമാനം കേസിലും പ്രതിയുടെ തർക്കം ഇരുഭാഗത്തിന്റെയും സമ്മതത്തോടെനടന്ന ബന്ധമാണെന്നായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ പ്രോസിക്ക്യൂഷൻ കോടതി മുമ്പാകെ ഹാജരാക്കുന്ന തെളിവുകൾ പരിശോധിച്ച് സമ്മതപ്രകാരമുള്ള ബന്ധമാണോ ക്രിമിനൽ കുറ്റമായ റേപ്പ് ആണോ എന്ന് കോടതികൾ തീരുമാനിക്കും. അങ്ങനെ തീരുമാനമെടുക്കുമ്പോൾ കോടതികൾ എത്രമാത്രം ശുഷ്‌കാന്തി കാട്ടണമെന്നും ഏത് സ്റ്റാന്റേർ‌ഡ് അനുസരിച്ച് തെളിവുകൾ വിശകലനം ചെയ്യണമെന്നും ഹൈക്കോടതികളും സുപ്രീംകോടതിയും പലകേസുകളിലും നിർദ്ദേശിച്ചിട്ടുണ്ട്. ആ നിർദ്ദേശങ്ങളനുസരിച്ച് തെളിവ് ശേഖരിക്കാൻ പ്രോസിക്യൂഷനുള്ള അവകാശത്തെ തടസപ്പെടുത്താനാവില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്യാൻ പ്രോസിക്ക്യൂഷനുള്ള അവകാശം ഇന്ത്യൻ ജു‌‌ഡീഷ്യറി അംഗീകരിച്ചിട്ടുള്ളതാണ്. അങ്ങനെയുള്ള പ്രോസിക്യൂഷന്റെ അവകാശത്തെ അവഗണിച്ച് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രഥമദൃഷ്ട്യാ പ്രതി കുറ്റക്കാരനല്ലെന്ന് കാണുന്നത് നിയമവാഴ്ചയ്ക്ക് എതിരായി വേണം കണക്കാക്കാൻ.

ജഡ്ജിമാർ അവരുടെ ചുമതലകൾ ആത്മാർത്ഥമായി നിറവേറ്റുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്.

1985 നും 1995 നും ഇടയ്ക്ക് കേരള ഹൈക്കോടതി ജ‌ഡ്ജിമാർ ആയിരുന്നവരിൽ ഓരോരുത്തരും എത്ര കേസുകളിൽ തീർപ്പ് കല്പിച്ചെന്ന് കേരളശബ്ദം മാസിക ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.. അപ്രകാരം ഒരന്വേഷണം ഈ കാലഘട്ടത്തിൽ നടത്താൻ ഏതെങ്കിലും ഒരു എൻ.ജി.ഒ മുന്നോട്ട് വരികയാണെങ്കിൽ അത് ജു‌ഡീഷ്യറിയോട് കാട്ടുന്ന നീതിയായിരിക്കും.

(ലേഖകൻ 1985 മുതൽ 1996 വരെ കേരള ഹൈക്കോടതിയിലെ ജഡ്ജായിരുന്നു. 1996 ൽ ആക്ടിങ് ചീഫ് ജസ്റ്റിസും 1996 ജൂലായ് മുതൽ ഒരുവർഷം പഞ്ചാബ്, ഹരിയാന ചീഫ് ജസ്റ്റിസ് ആയും അതിനുശേഷം ഒരുവർഷം ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ച് റിട്ടയർചെയ്തു. 2004 -2009 വരെ കേരള ലോകായുകത ആയിരുന്നു.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JUSTICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.