SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.23 PM IST

റോ‌ഡുകൾ ആറു മാസത്തിനകം തകർന്നാൽ വിജിലൻസ് അന്വേഷിക്കണം: ഹൈക്കോടതി

road

കൊച്ചി: സംസ്ഥാനത്തെ റോഡുകൾ പണി പൂർത്തിയാക്കി ആറു മാസത്തിനുള്ളിൽ തകർന്നാൽ കരാറുകാരനും എൻജിനിയർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണി പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിലാണ് റോഡ് തകരുന്നതെങ്കിൽ ആഭ്യന്തര അന്വേഷണം നടത്തണം. ഇവരുടെ ഭാഗത്ത് കുറ്റമുണ്ടെന്ന് കണ്ടാൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. റോഡുകളുടെ പണി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് നൽകിയ ശേഷമുള്ള ആറുമാസത്തിനകം തകർന്നാലാണ് വിജിലൻസ് അന്വേഷണം നടത്തേണ്ടത്.

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എറണാകുളത്തെ സബർബൻ ട്രാവൽസ് ഉടമ അജിത്കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഉത്തരവ്. സംസ്ഥാനത്തെ തകർന്ന റോഡുകളെക്കുറിച്ച് ജനങ്ങൾക്ക് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച അഭിഭാഷകരെ അറിയിക്കാം. ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കോടതിയുത്തരവ് പ്രസിദ്ധീകരിക്കണം.
ഇന്നലെ ഉച്ചയ്ക്കുശേഷം വാദം കേട്ട സിംഗിൾബെഞ്ച് റോഡുകൾ തകർന്നതു ചൂണ്ടിക്കാട്ടി രൂക്ഷമായ വിമർശനമാണ് നടത്തിയത്.

റോഡുകളിലെ കുഴിയടയ്ക്കാൻ റണ്ണിംഗ് കോൺട്രാക്ട് നൽകാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ അറിയിച്ചു. മുൻകൂർ കരാർ നൽകുകയാണ് രീതി. കുഴി ശ്രദ്ധയിൽപെട്ടാൽ ഉടൻ അടയ്ക്കുകയാണ് കരാറുകാരുടെ ചുമതല. കൊച്ചി നഗരത്തിൽ ഇത്തരത്തിൽ കരാർ നൽകിയിട്ടുണ്ടെന്നും ഇതു വിജയകരമായാൽ സംസ്ഥാനത്ത് ഉടനീളം പ്രാവർത്തികമാക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. തുടന്ന് ഹർജികൾ ആഗസ്റ്റ് ഒന്നിനു പരിഗണിക്കാൻ മാറ്റി.

കെ-റോഡ് എന്നായാൽ നന്നാക്കുമോ?

മികച്ച റോഡുകൾ ജനങ്ങളുടെ അവകാശമാണ്. തകർന്ന റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ എത്ര ഇന്ധനമാണ് കത്തിത്തീരുന്നത്? റോഡു തകർന്ന ഹർജികൾ ആറു മാസം കൂടുമ്പോൾ പരിഗണിക്കേണ്ടി വരുന്നതിൽ ലജ്ജയുണ്ട്. പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സർക്കാർ പഴയ കാര്യങ്ങൾ മറക്കുകയാണ്. കെ-റോഡ് എന്നു വിളിച്ചാൽ റോഡുകൾ നന്നാക്കുമോയെന്നും കെ-റെയിലിനെ പരോക്ഷമായി പരാമർശിച്ച് സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു.

എൻജിനിയർമാർക്ക് കാർ കൊടുക്കരുത്. അവർ വഴിയിലിറങ്ങി നടന്നാലേ സ്ഥിതി മനസിലാകൂ. ഓഫീസിലിരുന്ന് ബില്ലുകൾ പാസാക്കാൻ എൻജിനിയർമാർ വേണ്ട, ക്ളർക്കുമാർ മതി. സ്വകാര്യമേഖലയിലാണെങ്കിൽ ഇതൊക്കെ നടക്കുമോ? മലേഷ്യൻ കമ്പനി പണിത ഒറ്റപ്പാലം റോഡ് ഇപ്പോഴും ഒരു കുഴിപോലുമില്ലാതെ മികച്ചതാണ്. എറണാകുളത്തു നിന്ന് നിലമ്പൂരിലേക്ക് അടുത്തിടെ നടത്തിയ യാത്ര ദുരിതമായിരുന്നു. ചെറുതുരുത്തി വരെ പ്രശ്നമില്ല. പിന്നീടങ്ങോട്ടു മോശമാണ്. വണ്ടൂരിൽ സ്ഥിതി ദുഃസഹമാണ്. ഷൊർണൂർ, പട്ടാമ്പി തുടങ്ങിയ മേഖലകളും കഷ്ടമാണെന്നും കോടതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROADS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.