SignIn
Kerala Kaumudi Online
Thursday, 25 April 2024 1.59 PM IST

തുണിയില്ലാ പരീക്ഷ നമുക്കു വേണ്ട

photo

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന 'നീറ്റ്" പരീക്ഷയുമായി ബന്ധപ്പെട്ട് ആയൂർ മാർത്തോമ കോളേജിൽ നടന്ന സംസ്കാരത്തിനും മര്യാദയ്ക്കും പെൺകുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യ‌ത്തിനും നിരക്കാത്ത കിരാത നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധവും രോഷവും അണപൊട്ടിയതിൽ അതിശയമില്ല. പരീക്ഷയ്ക്കു മുൻപുള്ള പരിശോധനയെന്ന പേരിൽ അരങ്ങേറിയത് ആഭാസകരമായ നടപടിയാണ്. രാജ്യമാകെ പതിനെട്ടുലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത പരീക്ഷ ഇവിടെ മാത്രമാണ് കരിനിഴൽ വീഴ്‌ത്തിയത്. കേരളത്തിൽത്തന്നെ ഒരുലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇവരിൽ ജീവിതകാലത്ത് ഒരിക്കലും മറക്കാനാവാത്ത ദുരനുഭവങ്ങൾ നേരിടേണ്ടിവന്നത് മാർത്തോമ കോളേജിൽ പരീക്ഷ എഴുതാനെത്തിയ നൂറോളം പെൺകുട്ടികൾക്കാണ്. നിയമവും നീതിയും പുലരുന്ന നാട്ടിൽ വിരലിലെണ്ണാവുന്ന ഏതാനും ഉദ്യോഗസ്ഥരുടെ താന്തോന്നിത്തത്തിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലക്കാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒന്നടങ്കം പ്രതിക്കൂട്ടത്തിലാണ്. രണ്ടുമൂന്ന് ഉദ്യോഗസ്ഥകളുടെ കന്നംതിരിവിന് ഏജൻസി ഒന്നടങ്കം പിഴമൂളേണ്ടി വന്നിരിക്കുന്നു. പെൺകുട്ടികളുടെ മാനം സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള അധികാരകേന്ദ്രങ്ങൾ അധികാര കസേരയിൽ കൂസലില്ലാതെ ഇരിക്കുന്നുണ്ടല്ലോ. അവർ ഉദ്യോഗസ്ഥകൾക്കെതിരെ എന്തു നടപടിയാണ് എടുക്കാൻ പോകുന്നതെന്നറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ട്.

'നീറ്റ്" പരീക്ഷ എഴുതാനെത്തുന്നവർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ദിവസങ്ങൾക്കു മുൻപേ കൃത്യമായി പരസ്യപ്പെടുത്തിയതാണ്. ധരിക്കുന്ന വസ്‌ത്രങ്ങൾ മുതൽ പാദരക്ഷകൾ വരെ എങ്ങനെയുള്ളതായിരിക്കണമെന്ന് മാർഗനിർദേശത്തിലുണ്ട്. വസ്‌ത്രത്തിലും ശരീരഭാഗങ്ങളിലും അത്യാധുനിക ഉപകരണങ്ങൾ ഒളിപ്പിച്ച് കോപ്പിയടിക്കുന്നതു തടയാൻ അതികർക്കശമായ സംവിധാനങ്ങൾ പരീക്ഷയുടെ ഭാഗമാണ്. കർശന ദേഹപരിശോധനയുമുണ്ട്. ഇത്തരം ക്രമീകരണങ്ങളുമായി സഹകരിക്കുന്നതിൽ കുട്ടികൾക്ക് മടിയില്ല. ആഭരണങ്ങളും വസ്ത്രങ്ങളും ചിലപ്പോൾ പ്രശ്നമാകാറുണ്ടെങ്കിലും കുട്ടികളെ സഹായിക്കുന്ന സമീപനമാണ് പരിശോധനയ്ക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. പെൺകുട്ടികൾ അപമാനിതരാകേണ്ടിവന്നത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ച തന്നെയാണ്. പരിശോധനാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ച് നന്നായി ബോധവത്‌കരണം നടത്തേണ്ടതുണ്ട്. കുട്ടികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതിനൊപ്പം ഇൻവിജിലേഷൻ,​ പരിശോധന എന്നീ ജോലികൾ നിർവഹിക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ കൂടി പരസ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ആയൂർ കേന്ദ്രത്തിൽ പരിശോധനയ്‌ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥകളുടെ മനോനില ശരിയായിരുന്നില്ല എന്നതിന് തെളിവാണ് പെൺകുട്ടികൾക്കു നേരിടേണ്ടിവന്ന ദുരനുഭവം. സ്കാനിംഗിൽ ലോഹഭാഗങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ട മുഴുവൻ കുട്ടികളുടെയും അടിവസ്ത്രങ്ങൾ ഉൗരിയെടുപ്പിച്ച് മുറിയിൽ കൂട്ടിയിട്ടതിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് ?​ ഇവർക്കു മുകളിൽ കൂടുതൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരുമില്ലായിരുന്നോ? കുട്ടികൾ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ആരും ഇടപെടാതിരുന്നതെന്തേ? രണ്ടുമൂന്നു വർഷത്തെ നിരന്തരപഠനത്തിന് ശേഷമെത്തുന്ന പരീക്ഷ തങ്ങളാൽ അലങ്കോലപ്പെടരുത് എന്നതിനാലാവാം കുട്ടികൾ വിഷമമടക്കി പരീക്ഷ എഴുതിയതെന്ന് തീർച്ച. പരീക്ഷയ്ക്കുശേഷം രണ്ടു കുട്ടികളുടെ രക്ഷിതാക്കൾ മാത്രമാണ് പൊലീസിൽ പരാതി നൽകാൻ തുനിഞ്ഞത്. വിവാദങ്ങളിൽ പെടരുതെന്നു കരുതി മറ്റുള്ളവർ നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഇത്തരം നിലപാടുകൾ അധികാരികൾക്ക് പ്രോത്സാഹനമാവും.

അടി​വസ്ത്രം ഉൗരി​ പരി​ശോധി​ക്കാതെ തന്നെ പരീക്ഷകളിൽ കോപ്പി​യടി പി​ടി​കൂടാനുള്ള നി​രീക്ഷണ സംവി​ധാനങ്ങൾ ഏർപ്പെടുത്തണം. കൂടുതൽ ഉദ്യോഗസ്ഥരെ നി​യോഗി​ച്ച് ഇൻവി​ജി​ലേഷൻ സംവി​ധാനം ശക്തമാക്കണം. ഇതി​നൊന്നും കഴി​ഞ്ഞി​ല്ലെങ്കി​ൽ പരീക്ഷയെഴുതാൻ വരുന്നവർ ധരി​ക്കേണ്ട പുതി​യൊരു ഡ്രസ്‌കോഡ് ഏർപ്പെടുത്താൻ നിയമം കൊണ്ടുവരാം. ശസ്‌ത്രക്രി​യയ്ക്കു കൊണ്ടുപോകുന്ന രോഗി​കൾക്കുള്ള വേഷം പോലെ ഒന്ന്. ഏതായാലും നിന്ദ്യവും പ്രാകൃതവുമായ ഇപ്പോഴത്തെ പരിശോധനാ സമ്പ്രദായം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEMALE CANDIDATE ASKED TO REMOVE INNERWEAR IN NEET EXAM CENTRE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.