കോന്നി : ഇന്നലെ അന്തരിച്ച എൻ.എസ്.എസ് മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ മലയോരമേഖലയിലെ ആദ്യ നിയമ ബിരുദ ധാരികളിൽ ഒരാളാണ്. കോന്നി പയ്യനാമൺ പുളിമൂട്ടിൽ നാരായണപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി 1930ൽ ജനിച്ച നരേന്ദ്രനാഥൻ നായർ പയ്യനാമൺ ഗവ.എൽ.പി സ്കൂൾ, കോന്നി എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ( ഇപ്പോഴത്തെ റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ) എന്നിവിടങ്ങളിലാണ് സ്കൂൾ വിദ്യാഭ്യസം പൂർത്തിയാക്കിയത്. അന്നത്തെ ഇ.എസ്.എൽ.സി പരീക്ഷ പാസായശേഷം ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എ ബിരുദവും മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടിയശേഷം അഭിഭാഷകനായി. കോളേജ് വിദ്യാഭ്യാസ സൗകര്യങ്ങൾ കോന്നി മേഖലയിൽ ഇല്ലാതിരുന്ന കാലത്തായിരുന്നു നരേന്ദ്രനാഥൻ നായരുടെ കോളേജ് കാലം. ആലുവയിലും തിരുവനന്തപുരത്തും മദ്രാസിലും കോളേജ് ഹോസ്റ്റലുകളിൽ നിന്നാണ് പഠിച്ചത്. ആലുവ യു.സി കോളേജിൽ പഠിക്കുമ്പോൾ പയ്യനാമണ്ണിൽ നിന്ന് ട്രങ്ക് പെട്ടിയുമായി നടന്ന് കോന്നിയിലെത്തിയായിരുന്നു യാത്ര തുടങ്ങുന്നത്. രാവിലെ പുനലൂരിൽ നിന്ന് കോന്നി വഴി കോട്ടയത്തിനു പോകുന്ന ഏക ബസ് സർവീസായ കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന കരിവണ്ടിയെന്നു നാട്ടുകാർ വിളിച്ചിരുന്ന ബസിൽ കോട്ടയത്തും അവിടെ നിന്ന് പെരുമ്പാവൂരിലെത്തിയുമാണ് ആലുവയിലേക്ക് പോയിരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കോന്നിയിൽ കോളേജ് വേണമെന്ന ആഗ്രഹമാണ് മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് സ്ഥാപിക്കാൻ പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തിന് പ്രേരണയായത്. 1995ൽ കോന്നിയിലെ ഏക എയ്ഡഡ് കോളേജ് എസ്.എൻ.ഡി.പിയോഗത്തിനു സർക്കാർ അനുവദിക്കുമ്പോൾ എൻ.എസ്.എസും കോന്നിയിൽ കോളേജിന് അപേക്ഷ നൽകിയിരുന്നു. കോന്നിയിൽ എൻ.എസ്.എസിന് കോളേജിനായി സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മഠത്തിൽകാവ് ക്ഷേത്രം ഉൾപ്പെടുന്ന സ്ഥലം പത്തനംതിട്ട താലൂക്ക് യൂണിയൻ കോളേജിനായി അങ്കമാലിയിലെ മഠത്തിൽ നിന്ന് വാങ്ങി സ്വാശ്രയ കോളേജിന് തുടക്കം കുറിക്കുകയായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽ എൻ.ഡി.പിയുടെ സ്ഥാനാർത്ഥിയായി നരേന്ദ്രനാഥൻ നായരുടെ പേര് നിർദ്ദേശിക്കപ്പെട്ടിരിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |