SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.54 AM IST

മണിയുടെ മാനസാന്തരവും മലപ്പട്ടം ബാബുവും

kerala-assembly

കെ.കെ. രമയ്ക്കെതിരായ അധിക്ഷേപ പരാമർശം എം.എം. മണി പിൻവലിച്ചു. പിൻവലിക്കാൻ തക്ക പ്രശ്നങ്ങളൊന്നും ആ പറഞ്ഞതിനകത്ത് ഇല്ലായെന്ന് അടുത്ത ദിവസം വരെയും ചിന്തിച്ച് നടന്നിരുന്ന മണിയുടെ മാനസാന്തരം വളരെപ്പെട്ടെന്നായിരുന്നു. ഒരു കമ്മ്യൂണിസ്റ്റാണെന്ന ബോദ്ധ്യം അദ്ദേഹത്തിലുണ്ടായിരിക്കുന്നു. കമ്യൂണിസ്റ്റായ താൻ 'വിധി' എന്ന പ്രയോഗം ഒഴിവാക്കേണ്ടിയിരുന്നു എന്നദ്ദേഹം സഭയിൽ കുമ്പസരിച്ചു. ഭരണ-പ്രതിപക്ഷ ബെഞ്ചുകളത് ഡസ്കിലടിച്ച് ഉൾക്കൊണ്ടു.

ചില വാക്കുകൾ അൺപാർലമെന്ററി അല്ലെങ്കിൽപ്പോലും അതിന്റെ പ്രയോഗങ്ങൾ അനുചിതവും അസ്വീകാര്യവുമാകാറുണ്ടെന്ന് സ്പീക്കർ എം.ബി. രാജേഷ് ഓർമ്മിപ്പിച്ചു. പനിയും തൊണ്ടയടപ്പും കാരണം രണ്ട് ദിവസമായി എത്താതിരുന്ന സ്പീക്കർ ഇന്നലെ ശൂന്യവേള പിന്നിട്ടയുടനെയാണ് വിഷയത്തിൽ തീർപ്പ് കല്പിക്കാനെത്തിയത്. മണിക്കെതിരായ പ്രശ്നം പരിശോധിക്കാമെന്ന ഉറപ്പ് ചെയർ നൽകിയിട്ടും സൗമ്യനും മിതഭാഷിയുമായ പ്രതിപക്ഷാംഗം പുറത്ത് ചെയറിനെതിരെ ദുസ്സൂചന നൽകിയതിലുള്ള വ്യസനം സ്പീക്കർ പങ്കുവച്ചു. അത് ഉചിതമായോയെന്ന് അംഗം ശാന്തമായി ആലോചിക്കാനദ്ദേഹം ഉപദേശിച്ചു. അംഗമാരാണെന്നദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

മണിയുടെ മാനസാന്തരത്തിന് തൊട്ടുപിന്നാലെ മലപ്പട്ടം പഞ്ചായത്തിലെ ജീവനക്കാരൻ എം.വി. ബാബു പണിയുണ്ടാക്കി. പഞ്ചായത്തിൽ ശമ്പളം കിട്ടാത്തതിനാൽ ബാബു കൂലിപ്പണിക്ക് പോയെന്ന പത്രവാർത്ത പ്രതിപക്ഷനേതാവ് നേരത്തേ ഉന്നയിച്ചത് മന്ത്രി എം.വി. ഗോവിന്ദൻ നിഷേധിച്ചതാണ് പ്രതിപക്ഷനേതാവിൽ അഭിമാനക്ഷതമുണ്ടാക്കിയത്. കൂലിപ്പണിക്ക് പോകുന്നുവെന്ന് സ്ഥാപിക്കാൻ ബാബുവും മറ്റ് ചിലരും നൽകിയ ചാനൽബൈറ്റുമായാണ് പ്രതിപക്ഷനേതാവ ഇന്നലെയെത്തിയത്. വാർത്തയെല്ലാം തെറ്റെന്ന് ബാബു പറയുന്ന വീഡിയോ മന്ത്രിയും ഹാജരാക്കി.

രണ്ട് വീഡിയോകളും മേശപ്പുറത്ത് വയ്ക്കാൻ ഇരുവരും തയാർ. ബാബുവിനെ ഭീഷണിപ്പെടുത്തി പറയിച്ച വീഡിയോയാണ് മന്ത്രി കൊണ്ടുവന്നതെന്ന സതീശന്റെ പരാമർശം മലപ്പട്ടം നാടിനോടുള്ള അവഹേളനമായി കണക്കാക്കിയ ഭരണപക്ഷം ബഹളമുണ്ടാക്കി. പ്രതിപക്ഷവും കൊമ്പുകോർത്തതോടെ ഒരു ബാബുവെച്ചൊല്ലി ഇതാദ്യമായി സഭ ഞെരിപിരി കൊണ്ടു!

മുൻ എം.എൽ.എ ശബരിനാഥന്റെ അറസ്റ്റ് വിഷയത്തിൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനേയാവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. സഭയ്ക്കകത്ത് 'ചട്ടപ്രമാണി'യായി പേരെടുത്തുകൊണ്ടിരിക്കുന്ന മന്ത്രി പി. രാജീവ് വീശിയ ചട്ടത്തിലാണ് സംഗതിയലസിയത്. കോടതിയുടെ പരിഗണനയിലുള്ളതിനാൽ പറ്റില്ലെന്നാണ് ചട്ടവാൾ. ഉപക്ഷേപമായി ഉന്നയിച്ചോളാൻ ഡെപ്യൂട്ടി സ്പീക്കർ ഔദാര്യം കാട്ടിയെങ്കിലും പ്രതിഷേധവാക്കൗട്ടിൽ എല്ലാമവസാനിപ്പിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. ഉപക്ഷേപമൊന്നുമുന്നയിച്ചില്ല. സോളാർ കേസ് ഏഴും ബാർകോഴക്കേസ് നാലും തവണ കോടതിയുടെ പരിഗണനയിലായിട്ടും ഇവിടെയുന്നയിച്ചിട്ടില്ലേയെന്നൊക്കെ പ്രതിപക്ഷനേതാവ് ചോദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

ബഡ്ജറ്റിന്മേലുള്ള ഉപധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് സഭ പാസാക്കി.

പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570ഉം നടപ്പാക്കിയെന്ന സർക്കാർവാദം കള്ളമാണെന്ന് തെളിയിക്കാൻ ആരുമായും വാദപ്രതിവാദത്തിന് പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു. നൂറെണ്ണം പോലും പൂർത്തിയാക്കിയിട്ടില്ലെന്ന് അദ്ദേഹം സമിതിയെ വച്ച് പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. പ്രോഗ്രസ് റിപ്പോർട്ട് മാത്രമല്ല, നാട്ടിലെ വികസനം ജനം നേരിട്ടനുഭവിച്ചാണ് വോട്ട് ചെയ്യുന്നതെന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ മറുപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.