SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.21 AM IST

ചരിത്ര റൂളിംഗ് നൽകി സ്പീക്കർ: കാലം മാറി, മണിയുടെ പരാമർശം പുരോഗമന മൂല്യബോധമില്ലാത്തത്

speaker-mb-rajesh

തിരുവനന്തപുരം: നിയമസഭയിൽ കെ.കെ. രമയ്ക്കെതിരെ എം.എം മണി നടത്തിയ വിവാദ പരാമർശത്തിൽ
തെറ്റായ ആശയം അന്തർലീനമായിട്ടുണ്ടെന്നും പുരോഗമനപരമായ മൂല്യബോധവുമായി അത് ചേർന്നുപോകുന്നതല്ലെന്നും വ്യക്തമാക്കി സ്പീക്കർ എം.ബി.രാജേഷ് നൽകിയ റൂളിംഗ് വിഷയത്തിന്റെ വിശകലനം കൊണ്ട് ചരിത്രരേഖയായി. അംഗങ്ങൾ സ്വയം തിരുത്താനും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നവീകരിക്കാനും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

അൺപാർലമെന്ററിയായ വാക്കുകൾ ഉപയോഗിച്ചില്ലെങ്കിലും ചില പരാമർശങ്ങൾ അനുചിതവും അസ്വീകാര്യവുമാകാം. പല വാക്കുകളും പ്രയോഗങ്ങളും ഇന്നത്തെ കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തവയായി. വാക്കുകളുടെ വേരും അർത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിനുതന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അർത്ഥമാവണമെന്നില്ല. വാക്കുകൾ അതതു കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് സാർവത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകൾ, തമാശകൾ, പ്രാദേശിക വാങ്‌മൊഴികൾ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചു കൂടാത്തതുമാകുന്നത്. മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകൾ, പരിമിതികൾ, ചെയ്യുന്ന തൊഴിൽ, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിതാവസ്ഥകൾ എന്നിവയെ മുൻനിർത്തിയുള്ള പരിഹാസ പരാമർശങ്ങൾ, ആണത്തഘോഷണങ്ങൾ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളർച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന അവബോധം സമൂഹത്തിൽ വളർന്നു വരുന്നുണ്ട്. സ്ത്രീകൾ, ട്രാൻസ്‌ജെൻഡറുകൾ, അംഗപരിമിതർ, കാഴ്ചപരിമിതർ, പാർശ്വവൽകൃത ജനവിഭാഗങ്ങൾ എന്നിവരെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്. ജനപ്രതിനിധികളിൽ പലർക്കും ഈ മാറ്റം വേണ്ടത്ര മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓഡിറ്റിംഗിന് വിധേയമാകുന്നുണ്ടെന്നും ഓർക്കണം. സഭയ്ക്ക് ഇക്കാര്യത്തിൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവണം. വാക്കുകൾ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേല്പിക്കേണ്ടതാണ് ആ മാറ്റമെന്ന് കരുതുന്നില്ല. വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സഭയുടെ അന്തസ്സും ഉന്നത മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ എല്ലാ അംഗങ്ങളും ജാഗ്രത പുലർത്തണമെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPEAKER MB RAJESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.