SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.47 PM IST

ആഘോഷിക്കപ്പെടാതെ പോയ ഒരു നവതി

k-raveendranadhan-nair

പതിന്നാല് സിനിമകൾ മാത്രമേ അച്ചാണി രവി എന്ന പേരിൽ അറിയപ്പെടുന്ന ജനറൽ പിക്ച്ചേഴ്സ് ഉടമ കെ.രവീന്ദ്രനാഥൻ നായർ നിർമ്മിച്ചുള്ളൂ. എന്നാൽ അവയോരോന്നും കടൽകടന്ന കീർത്തി മലയാള സിനിമയ്ക്ക് സമ്മാനിച്ചു. കേരളത്തിലെ പ്രമുഖ കശു അണ്ടി വ്യവസായിയായ ഈ മനുഷ്യനാണ് കൈരളി ലോകസിനിമയ്ക് സംഭാവന നൽകിയ അടൂർ ഗോപാലകൃഷ്ണന്റെയും ജി.അരവിന്ദന്റെയും പ്രധാന ചിത്രങ്ങൾ ഭൂരിഭാഗവും നിർമ്മിച്ചത്. ലാഭം നോക്കാതെ രവീന്ദ്രനാഥൻ നായർ നല്ല സിനിമയ്ക് വേണ്ടി നിലകൊണ്ടു. വെറുതെ പണം കളഞ്ഞുകുളിക്കുന്നെന്ന് അന്ന് അദ്ദേഹത്തെ പരിഹസിച്ചവരുണ്ട്. എന്നാൽ ആ പരിഹാസത്തെ ഒരു മന്ദഹാസം കൊണ്ട് അദ്ദേഹം അവഗണിച്ചു. സിനിമയെടുക്കാനുള്ള തന്റെ തീരുമാനം എത്ര ശരിയായിരുന്നെന്ന് ഓർത്ത് രവീന്ദ്രനാഥൻ നായർ ഈയിടെയും ഉള്ളിൽ ആനന്ദിച്ചിട്ടുണ്ടാവും. കാരണം നാല് പതിറ്റാണ്ട് മുമ്പ് അദ്ദേഹം നിർമ്മിച്ച് ജി.അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് ക്ളാസിക്ക് വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. മലയാളത്തിന് മാത്രമല്ല ഇന്ത്യൻ സിനിമയ്ക് തന്നെ അത് വലിയ ആദരവായിരുന്നു. മാർട്ടിൻ സ്കോർസെയെപ്പോലുള്ള വിഖ്യാത ചലച്ചിത്രകാരനാണ് തമ്പിന്റെ പഴയ പ്രിന്റ് റീ സ്റ്റോർ ചെയ്യാൻ മുൻ കൈയെടുത്തതെന്ന് ഓർക്കണം.

ഇക്കഴിഞ്ഞ പത്താംതീയതി രവീന്ദ്രനാഥൻ നായർ തൊണ്ണൂറിലെത്തി. കൊവിഡ് തുടങ്ങിയ കാലം മുതൽ പിറന്നാളുകൾ കുടുംബത്തിലൊതുങ്ങി നിന്ന് ആഘോഷിക്കാനേ അദ്ദേഹത്തിന് താത്‌പര്യമുള്ളൂ.ശാരീരികമായ ചില അവശതകൾ ഉള്ളതിനാൽ പ്രത്യേകിച്ചും. അല്ലെങ്കിലും പൊതുവേ ആഘോഷങ്ങളോട് വലിയ താത്‌പര്യമുള്ള ആളല്ല. ചെറിയ കാര്യങ്ങളിൽപ്പോലും വലിയ മേനിപറച്ചിൽ നടത്തുന്നവർക്കിടയിൽ രവീന്ദ്രനാഥൻ നായർ എന്നും വേറിട്ടുനിന്നു. എങ്കിലും മലയാള സിനിമ ആഘോഷിക്കേണ്ടതായിരുന്നു ആ നവതി.

ജ്യേഷ്ഠന് നല്ല സിനിമകളോടും സാഹിത്യത്തോടുമുള്ള അടുപ്പമാണ് ആ വഴിക്ക് നീങ്ങാൻ രവീന്ദ്രനാഥൻനായരെയും പ്രേരിപ്പിച്ചത്. പാറപ്പുറത്തിന്റെ ' അന്വേഷിച്ചു കണ്ടെത്തിയില്ല ' എന്ന നോവൽ വായിച്ചപ്പോൾ അത് സിനിമയാക്കണമെന്ന് തോന്നി. അന്ന് മുറപ്പെണ്ണ് എന്ന സിനിമയൊക്കെ എടുത്ത് തിളങ്ങിനിന്ന എ.വിൻസെന്റിനെയാണ് സംവിധാനം ചെയ്യാൻ സമീപിച്ചത്. പക്ഷേ അദ്ദേഹത്തിന് കഥ ഇഷ്ടമായില്ല. തുടർന്ന് പി.ഭാസ്‌കരനാണ് ആ ചിത്രം സംവിധാനം ചെയ്തത്. കാട്ടുകുരങ്ങ്,ലക്ഷപ്രഭു എന്നീ ചിത്രങ്ങൾകൂടി പി.ഭാസ്കരനെക്കൊണ്ട് സംവിധാനം ചെയ്യിച്ചു. അടുത്ത ചിത്രമായ അച്ചാണി എ.വിൻസെന്റാണ് സംവിധാനം നിർവഹിച്ചത്. ആ സിനിമ മലയാളത്തിൽ ഒരു ട്രെൻഡ് സെറ്ററായിരുന്നു. ചിത്രത്തിന്റെ അഭൂതപൂർവമായ വിജയം രവീന്ദ്രനാഥൻ നായരെ അച്ചാണി രവിയാക്കി.-" വിൻസെന്റ് ഒരു തമിഴ് നാടകത്തെക്കുറിച്ചുപറഞ്ഞു. അതിന്റെ പേരും അച്ചാണി എന്നായിരുന്നു. ആ നാടകം ഞാൻ പോയിക്കണ്ടു. ഇഷ്ടമായി. അങ്ങനെയാണ് അച്ചാണി എടുത്തത്." ഈ ലേഖകന് മുമ്പ് നൽകിയ ദീർഘ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതോർക്കുന്നു. അച്ചാണിയുടെ ലാഭം ഉപയോഗിച്ചാണ് കൊല്ലത്തെ പബ്ളിക്ക് ലൈബ്രറിക്ക് മനോഹരമായ കെട്ടിടം അദ്ദേഹം നിർമ്മിച്ചു നൽകിയത്.

നല്ല ഗാനങ്ങളുമൊക്കെയായി കലാമൂല്യമുള്ള വാണിജ്യസിനിമകൾ എടുത്തിരുന്ന രവീന്ദ്രനാഥൻനായർ പെട്ടെന്ന് വഴിതിരിഞ്ഞു. അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു." അത്തരം സിനിമകൾ ചെയ്യാൻ ഒരുപാട് പേർ രംഗത്തുണ്ടായിരുന്നു. പണം മോഹിച്ചല്ല സിനിമയെടുത്തത്. അതുകൊണ്ടായിരുന്നു അങ്ങനെയൊരു മാറ്റം. അരവിന്ദന്റെ ആദ്യ സിനിമയായ ഉത്തരായനം കാണാനിടയായി. അതെനിക്ക് ഇഷ്ടപ്പെട്ടു. അതിനിടെ ഒരു വാർത്താസമ്മേളനത്തിൽ നല്ല സിനിമ നിർമ്മിക്കാൻ ആളില്ലെന്ന് അരവിന്ദൻ പറഞ്ഞിരുന്നു. ഉത്തരായനത്തിന് വിതരണക്കാരെ കിട്ടാതെ അവർ ബുദ്ധിമുട്ടുകയായിരുന്നു. അതിന്റെ വിതരണം ഞാൻ സൗജന്യമായി ഏറ്റെടുത്തു. അങ്ങനെ സാഹചര്യം ഒത്തുവന്നപ്പോൾ അരവിന്ദനെക്കൊണ്ട് കാഞ്ചനസീത എടുപ്പിച്ചു. അരവിന്ദനൊപ്പം പ്രവർത്തിച്ചശേഷമാണ് അടൂരിനൊപ്പം പടം ചെയ്തത്. ശേഷം തമ്പ്, കുമ്മാട്ടി,​ എസ്തപ്പാൻ, പോക്കുവെയിൽ എന്നീ അരവിന്ദൻ ചിത്രങ്ങളും നിർമ്മിച്ചു. എലിപ്പത്തായമാണ് അടൂരിന്റേതായി ഞാൻ നിർമ്മിച്ച ആദ്യ ചിത്രം.പിന്നീട് അടൂരിന്റെ മുഖാമുഖവും അനന്തരവും വിധേയനും നിർമ്മിച്ചു. ഇതിനിടെ എം.ടി.വാസുദേവൻനായരെക്കൊണ്ട് മഞ്ഞും സിനിമയാക്കി. വിധേയനായിരുന്നു അവസാനം നിർമ്മിച്ച ചിത്രം. മഞ്ഞ് സാമ്പത്തികമായി വൻ പരാജയമായിരുന്നു അടൂരിന്റെ ചിത്രങ്ങളൊന്നും നഷ്ടം വരുത്തിയിട്ടില്ല. സിനിമയുടെ നിർമ്മാതാവ് എന്ന നിലയിൽ സംവിധായകനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. എന്നാൽ സംവിധായകന്റെ കലാപരമായ സ്വാതന്ത്ര്യത്തിൽ ഒരിക്കലും ഇടപെടുമായിരുന്നില്ല." ഞാൻ ഡയറക്ടറെയാണ് കാര്യങ്ങൾ ഏൽപ്പിച്ചിരുന്നത്. സിനിമ സംവിധായകന്റെ കലയാണ്. ഇതംഗീകരിച്ചാണ് സിനിമയെ സംവിധായകന് തന്നെ വിട്ടുകൊടുത്തിരുന്നത്. സ്വന്തം ഇഷ്ടമനുസരിച്ചുള്ള സിനിമ അന്നത്തെ സംവിധായകർ എടുത്തിരുന്നു. നടീനടന്മാരെയും അവർ തന്നെ നിശ്ചയിച്ചു. ഇന്നത് അങ്ങനെയാണോ എന്നറിയില്ല." അദ്ദേഹം അന്നിങ്ങനെ പറഞ്ഞിരുന്നു.

ബിസിനസ്സിന്റെ തിരക്കും സിനിമാരംഗത്തുണ്ടായ മാറ്റങ്ങളും രവീന്ദ്രനാഥൻനായരെ കാലക്രമേണ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് പല കഥകളും ഒക്കെ ചർച്ചചെയ്തെങ്കിലും ഒന്നും ഉരുത്തിരിഞ്ഞില്ല. പുതിയ തലമുറയിലും സിനിമാ നിർമ്മാണത്തോട് താത്‌പര്യമുള്ളവർ ഇല്ലായിരുന്നു.

ഭാര്യയും ഗായികയുമായ ഉഷാ രവിയുടെ അപ്രതീക്ഷിത വേർപാട് രവീന്ദ്രനാഥൻ നായരെ വല്ലാതെ തളർത്തിയിരുന്നു. തമ്പിൽ ഉഷാരവി പാടിയ ' കാനകപ്പെണ്ണ് ചെമ്മരുതി ' എന്ന മനോഹര ഗാനം ശ്രോതാക്കൾ ഇന്നും ആസ്വദിക്കുന്നുണ്ട്. സിനിമയിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല രവീന്ദ്രനാഥൻനായരുടെ ലോകം. വ്യവസായി എന്ന മേൽവിലാസത്തോടൊപ്പം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന, കൊല്ലത്തിന്റെ സാം‌സ്കാരിക വളർച്ചയിൽ നിർണായകപങ്ക് വഹിച്ച വ്യക്തികൂടിയാണ് അദ്ദേഹം. 2008 ൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ദേശീയ അന്തർദ്ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ മറ്റൊരു നിർമ്മാതാവ് ഇനി വരുമോ എന്ന് സംശയമാണ്. രവീന്ദ്രനാഥൻ നായർക്ക് നവതി ആശംസകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAVEENDRANATH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.