SignIn
Kerala Kaumudi Online
Thursday, 25 April 2024 6.22 AM IST

വിലക്കയറ്റത്തിന് തടയിടാൻ

supplyco

എണ്ണമറ്റ ദുരിതങ്ങൾക്കിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ്. ഓണക്കാലത്തോടനുബന്ധിച്ചുള്ള വിപണിയിലെ പതിവു വിലക്കയറ്റത്തിനു തടയിടാൻ ഭക്ഷ്യ - സിവിൽ സപ്ളൈസ് വകുപ്പ് നടപടി എടുത്തുതുടങ്ങിയത് നല്ല കാര്യമാണ്. ഇക്കുറി സംസ്ഥാനമാകെ നാലായിരം ഓണച്ചന്തകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യവകുപ്പ്. ഏതു ഉത്സവനാളുകളും കച്ചവടക്കാർക്ക് ലാഭം കൊയ്യാനുള്ള അവസരമാകാറുണ്ട്. പ്രത്യേകിച്ചും ഓണക്കാലത്ത്. അതു മുന്നിൽക്കണ്ട് സർക്കാർ കൈക്കൊള്ളുന്ന കരുതൽ നടപടികൾ കുറെക്കാലമായി ഓണക്കാല വിലക്കയറ്റത്തിൽ നിന്ന് നല്ലൊരളവിൽ സാധാരണക്കാരെ രക്ഷിക്കുന്നുണ്ട്.

ഇതിനിടെ ജി.എസ്.ടി നിയമത്തിൽ ഈയാഴ്ച ആദ്യം കേന്ദ്രം വരുത്തിയ മാറ്റങ്ങൾ എല്ലാ ഉത്‌പന്നങ്ങളുടെയും വിലയിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. എൺപതുശതമാനം സാധനങ്ങൾക്കും വിലവർദ്ധന ബാധകമായിക്കഴിഞ്ഞു. സർക്കാർ ഇതിനെതിരെ രംഗത്തുവന്നത് ആശ്വാസമാണ്. സർക്കാർ നിലപാടിനു വിരുദ്ധമായി കച്ചവടക്കാർ അമിതോത്സാഹം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭക്ഷ്യവകുപ്പിന്റെ ചുമതലയാണ്. പാക്ക് ചെയ്ത അരിയ്ക്കും പയർ ഉത്‌പന്നങ്ങൾക്കും കേന്ദ്രം ബാധകമാക്കിയ അഞ്ചുശതമാനം നികുതി സംസ്ഥാനം ഉപേക്ഷിക്കുമെന്നാണ് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തൂക്കിവിൽക്കുന്ന സാധനങ്ങൾക്ക് നികുതി വേണ്ടെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഏതു കാര്യവും കേന്ദ്ര പരിധിയിൽ വരുന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

ഓണക്കാലത്ത് സാധാരണ പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കുമാണ് വില ഉയരാറുള്ളത്. ഇടനിലക്കാരാകും പലപ്പോഴും അവസരം മുതലെടുത്ത് അമിതലാഭം കൊയ്യാൻ ശ്രമിക്കുന്നത്. വിപണിയിൽ സർക്കാർ ഇടപെടൽ ശക്തമായാൽ ഇതു തടയാൻ കഴിഞ്ഞില്ലെങ്കിലും നല്ല രീതിയിൽ നിയന്ത്രിക്കാനാകും. കൃഷിവകുപ്പ് ആഞ്ഞുശ്രമിച്ചിട്ടും പച്ചക്കറി ഉത്‌പാദനത്തിൽ വർഷം മുഴുവൻ സ്വയംപര്യാപ്തത നേടാൻ നമുക്കു കഴിഞ്ഞിട്ടില്ല. അതു വിദൂരസ്വപ്നമായി ശേഷിക്കുകയാണ്. ആവശ്യത്തിനു കൃഷിസ്ഥലമില്ലാത്തതോ സർക്കാർ പ്രോത്സാഹനമില്ലാത്തതോ അല്ല പ്രശ്നം. താങ്ങാനാവാത്ത ചെലവാണ് ഇവിടെ എല്ലാവിധ കൃഷിയെയും പിന്നോട്ടടിക്കുന്നത്. എങ്ങനെ ലാഭകരമായി കൃഷി ചെയ്യാമെന്ന് വിദഗ്ദ്ധർ കൂട്ടായി ആലോചിച്ച് വഴി കണ്ടെത്തിയാലേ പ്രതീക്ഷയ്ക്കു വകയുള്ളൂ.

വില സ്ഥിരത ഉറപ്പാക്കാൻ സർക്കാർവക ഉത്‌പന്ന സംഭരണ കേന്ദ്രങ്ങളും വില്പനശൃംഖലകളും കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു. കാർഷികോത്‌പന്നങ്ങളുടെ സംഭരണവും വിപണനവും വർഷം മുഴുവൻ സുഗമമായി നിലനിന്നാലേ കർഷകർക്കും അതുവഴി ഉപഭോക്താക്കൾക്കും ഗുണം ലഭിക്കൂ. ഇപ്പോൾ ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തനം ആശാവഹമെന്നു പറയാനാവില്ല. എപ്പോഴെങ്കിലും ഉത്‌പാദനം വർദ്ധിക്കുന്ന സ്ഥിതിയുണ്ടായാൽ തറവില പോലും ലഭ്യമാകാതെ കർഷകർ വൻനഷ്ടം നേരിടേണ്ട സ്ഥിതിയാണ്. ഓണക്കാലം ലക്ഷ്യമാക്കി കവിഞ്ഞ തോതിൽ കാർഷികോത്‌പന്നങ്ങൾ വിളയിക്കാറുണ്ട്. എന്നാൽ അവ സമയത്ത് സംഭരിക്കാത്തത് കാരണം ആർക്കും ഉപകാരപ്പെടാതെ നശിപ്പിച്ചുകളഞ്ഞ എത്രയോ അവസരങ്ങളുണ്ടായിട്ടുണ്ട്.

സപ്ളൈകോ വില്പനശാലകളുടെ പ്രവർത്തനം വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. വർഷത്തിൽ എല്ലാ ദിവസവും എല്ലാ സാധനങ്ങളും ലഭ്യമാകുന്ന രീതിയിൽ അവയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. ഒരുകൂട്ടം ഉദ്യോസ്ഥർക്ക് കമ്മിഷൻ നേടാനുള്ള ഉപാധിയായി ഇത്തരം സ്റ്റോറുകൾ മാറിയതുകൊണ്ടാണ് വിൽക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാകാത്തത്. സപ്ളൈകോ സ്ഥിരമായി വിവാദങ്ങളിൽപ്പെടുന്നത് അഭിലഷണീയമല്ല. ജനങ്ങൾക്ക് വിശ്വാസപൂർവം ആശ്രയിക്കാവുന്ന കേന്ദ്രങ്ങളെന്ന നിലയ്ക്ക് സപ്ളൈകോ വില്പന കേന്ദ്രങ്ങൾ കൂടുതൽ കരുത്തോടെ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.