SignIn
Kerala Kaumudi Online
Thursday, 25 April 2024 9.37 AM IST

പുത്തൻ കാഴ്‌ചാനുഭവം ഒരുക്കിയ മഹാവീര്യർ, റിവ്യൂ

mahaveeryar

മലയാള സിനിമയ്ക്ക് അത്ര സുപരിചിതമല്ലാത്തൊരു പ്രമേയവുമായി എബ്രിഡ് ഷെെൻ എന്ന സംവിധായകൻ എത്തുന്നു എന്നറിഞ്ഞത് മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'മഹാവീര്യർ'. സൂപ്പർഹിറ്റ് സംവിധായകനൊപ്പം യുവതാരങ്ങളായ നിവിൻ പോളിയും ആസിഫ് അലിയും കൂടി എത്തിയതോടെ ചിത്രത്തിന്മേലുള്ള പ്രതീക്ഷയും വർദ്ധിച്ചു. പെട്ടെന്നാർക്കും പിടികൊടുക്കാത്ത ട്രെയിലറും കഥാപാത്രങ്ങളുടെ പേര് പോലും വെളിപ്പെടുത്താതെ അണിയറപ്രവർത്തകർ നിലനിർത്തിയ സർപ്രെെസുമെല്ലാം മലയാള സിനിമയിൽ ഒരു പുതുമയുള്ള കാഴ്‌ചയായി.

'ആക്ഷൻ ഹീറോ ബിജു'വിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷെെനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമായാണ് 'മഹാവീര്യർ' എത്തിയത്. പൊലീസ് സ്റ്റേഷൻ കാഴ്‌ചകളെ പ്രേക്ഷകൻ കണ്ട് ശീലിച്ചിട്ടില്ലാത്ത തരത്തിൽ ഒരുക്കിയ സംവിധായകൻ ഇത്തവണ കോടതിയിലെ ചിട്ടവട്ടങ്ങളാണ് മറ്റൊരു രൂപത്തിൽ എത്തിച്ചിരിക്കുന്നത്.

mahaveeryar

രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മനോമയ രാജ്യത്തെ രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെയും അദ്ദേഹത്തിന് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയാറായി നിൽക്കുന്ന സജിവോത്തമൻ വീരഭദ്രൻ എന്ന മന്ത്രിമുഖ്യനെയും ദേവയാനി എന്ന പൂക്കച്ചവടക്കാരിയേയും ചുറ്റിപ്പറ്റിയാണ് പൂർവകാലത്തിലെ കഥ പുരോഗമിക്കുന്നത്. മഹാരാജാവായി ലാലും മന്ത്രിയായി ആസിഫ് അലിയും ദേവയാനിയായി ഷാൻവി ശ്രീവാസ്‌തവയും വേഷമിട്ടിരിക്കുന്നു.

ഇതുവരെ കാണാത്ത വ്യത്യസ്‌തമായൊരു വേഷപ്പകർച്ചയിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. താരത്തിന്റെ അപൂർണാനന്ദസ്വാമി എന്ന കഥാപാത്രം പ്രേക്ഷകന് പിടിതരാതെ ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്നു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി സിദ്ദിഖും പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്‌സും വര്‍ത്തമാനകാലത്തിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.

mahaveeryar

ഒരു ക്ഷേത്രത്തിലെ വിഗ്രഹമോഷണവും പിന്നാലെയുണ്ടാകുന്ന കോടതി വ്യവഹാരവുമാണ് ചിത്രത്തിന്റെ ആദ്യപകുതി. പൂർവകാലവും വര്‍ത്തമാനകാലവും ഇടകലർത്തി പറയുന്ന ഇവിടെ ഒരിക്കൽപ്പോലും പ്രേക്ഷകൻ മുഷിയുന്നില്ല. നിവിൻ പോളി ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനം കോടതിയിലെ വാദപ്രതിവാദങ്ങളെപ്പോലും ആസ്വാദ്യകരമാക്കുന്നു.

ഇന്റർവൽ കഴിഞ്ഞ് തിയേറ്ററിലേക്ക് കയറുന്ന പ്രേക്ഷകന് മുന്നിലേക്ക് ഒരു മായാലോകം തുറക്കപ്പെടുകയാണ്. ഇവിടെ രണ്ട് കാലഘട്ടത്തിലെയും കഥാപാത്രങ്ങൾ ഒന്നിക്കുന്നു. സിനിമയുടെ ആദ്യപകുതി ചിരി പടർത്തിയെങ്കിൽ രണ്ടാം പകുതി ചിന്തിപ്പിക്കുകയാണ്. ടെെം ട്രാവലാണോ അതോ കഥാപാത്രങ്ങൾ സ്വപ്‌നം കാണുന്നതാണോ സിനിമയെന്ന് തിരിച്ചറിയാൻ സാധിക്കാതെ പ്രേക്ഷകരിൽ ചിലരെങ്കിലും ആശയക്കുഴപ്പത്തിലായേക്കും.

mahaveeryar

പൂർവകാലത്തിലെ കേസ് ഒത്തുതീർപ്പാക്കാൻ രാജാവും സംഘവും വർത്തമാന കാലത്തെ കോടതിയിൽ എത്തുന്നതിലൂന്നിയാണ് കഥ പുരോഗമിക്കുന്നത്. രാജഭരണത്തിലെ ചില കിരാത നിയമങ്ങളെയും വർത്തമാന കാലത്തിലെ കോടതി നിയമങ്ങളെയും പുതുമയാർന്ന രീതിയിൽ അവതരിപ്പിക്കുകയാണ് സംവിധായകനിവിടെ.അധികാരമുണ്ടെങ്കിൽ എന്തുമാകാമെന്ന ചിന്തയുള്ള ഭരണകൂടത്തിനറെ ധാർഷ്‌ട്യം രണ്ടുകാലഘട്ടത്തെയും സംയോജിപ്പിച്ചുകൊണ്ട് സമർത്ഥിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.

mahaveeryar

വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്‌മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈൻ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളോട് നീതി പുലർത്താൻ താരങ്ങൾക്കെല്ലാം സാധിച്ചിട്ടുമുണ്ട്. ഷാൻവി ശ്രീവാസ്തവയും സിദ്ദിഖും പ്രേക്ഷകന്റെ പ്രത്യേക കെെയടിക്കും അർഹരാണ്.

ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും ഇഷാൻ ഛബ്ര ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ച് നിന്നു. സാങ്കൽപ്പികമായ മനോമയ രാജ്യമായി പ്രേക്ഷകന് മുന്നിൽ രമ്യഹർമ്യം ഒരുക്കിയിരിക്കുന്നത് രാജസ്ഥാനിലാണ്. ഇതിന് ചിത്രത്തിന്റെ ആർട്ട് ടീമും, വി.എഫ്.എക്‌സ് ടീമും പ്രത്യേക കെെയടി അർഹിക്കുന്നുണ്ട്. പോളി ജൂനിയർ പിക്ചേഴ്സ് , ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻപോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ നിർമിച്ചത്.

കൃത്യമായ രാഷ്‌ട്രീയം മെല്ലെ പറഞ്ഞുപോകുന്ന പൊളിറ്റിക്കൽ സറ്റയർ കൂടിയാണ് 'മഹാവീര്യർ'. മലയാള സിനിമയിൽ ഇനിയും പരീക്ഷണം നടത്താൻ കലാകാരന്മാർക്ക് 'മഹാവീര്യർ' പ്രചോദനം നൽകുമെന്ന് ഉറപ്പാണ്. ഒരു ഫാന്റസി ടെെം ട്രാവൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം കാഴ്‌ചക്കാരന് മുന്നിൽ സംശയങ്ങളുടെ കെട്ടഴിക്കുമെന്നതിൽ സംശയമില്ല.

ഒരു തവണ കണ്ട് മറക്കേണ്ട ചിത്രമല്ല മഹാവീര്യർ. കാണുന്ന ഓരോ പ്രേക്ഷകനും വ്യത്യസ്‌തമായി വ്യാഖ്യാനിക്കാവുന്ന ഒട്ടനവധി തലങ്ങളുള്ള പരീക്ഷണമാണ് ചിത്രം. തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകന് ഒരു ദിവസമെങ്കിലും പിന്തുടരാൻ മഹാവീര്യർക്ക് കഴിയുമെന്നതിൽ സംശയമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAHAVEERYAR, MAHAVEERYAR REVIEW, MAHAVEERYAR MOVIE REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.