SignIn
Kerala Kaumudi Online
Thursday, 25 April 2024 10.02 AM IST

വൈക്കത്ത് ആറു പേരെ പേപ്പട്ടി കടിച്ചു.

dog

വൈക്കം. വൈക്കത്ത് ആറുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. 15,18 വാർഡുകളിലാണ് ഇന്നലെ രാവിലെ 7 ഓടെ നായയുടെ ആക്രമണമുണ്ടായത്. വീടിന്റെ മുറ്റത്തും പരിസരത്തുമായി നിന്നിരുന്നവരെ ഓടിയെത്തി കടിക്കുകയായിരുന്നു. നായയെ പിന്നീട് നാട്ടുകാർ കെണിവച്ച് പിടികൂടി കെട്ടിയിട്ടെങ്കിലും ചത്തു.
18ാം വാർഡ് ശ്രീപദം വീട്ടിൽ തങ്കമ്മ (67), 15ാം വാർഡ് കായിപ്പുറം ചന്ദ്രൻ (70), ചന്ദ്രന്റെ സഹോദരൻ പുരുഷൻ (72), കായിപ്പുറം ഷിബു (47), നികർത്തിൽ തങ്കമണി (65),14 ാം വാർഡ് പൂത്രേഴത്ത് രാധാകൃഷ്ണൻ (66) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ പുരുഷന് നെഞ്ചിനും കൈയ്ക്കും പുറത്തും സാരമായ പരിക്കുണ്ട്. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈക്കം നഗരസഭ ഹെൽത്ത് വിഭാഗം എത്തി ചത്ത നായയെ തിരുവല്ലയിലെ എ.ഡി.ഡി.എൽ ലാബിലേക്ക് കൊണ്ടുപോയി. പേ വിഷബാധയുള്ളതായി പിന്നീട് സ്ഥിരീകരിച്ചു.

വൈക്കത്ത് മറ്റു പ്രദേശങ്ങളിൽ നായയുടെ ആക്രമം ഉണ്ടായതായും പറയുന്നു. പ്രദേശത്തെ കൂടുതൽ നായകൾക്ക് കടിയേറ്റതും നാട്ടുകാരെ ആശങ്കയിലാക്കുന്നു.


നഗരത്തിൽ തെരുവ് നായ ശല്യം അതിരൂക്ഷം.
ബീച്ച്, ബോട്ട് ജെട്ടി പരിസരം, ടി.വി.പുരം റോഡ്, ബസ് സ്റ്റാന്റ്, ലിങ്ക് റോഡ്, കൊച്ചു കവല കണിയാംതോട്, ഉദയനാപുരം റോഡ്, വലിയ കവല, ലിങ്ക് റോഡ്, ദളവാക്കുളം, ആറാട്ടുകുളങ്ങര, തെക്കേനട എന്നിവിടങ്ങളിലെല്ലാം തെരുവ് നായ്ക്കൾ സംഘമായി വിഹരിക്കുകയാണ്. സ്‌കൂൾ കുട്ടികളടക്കം കാൽനടയാത്രക്കാർക്ക് നേരേ ഇവയുടെ ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം ഉദയനാപുരത്ത് മൂന്ന് വയസുകാരിക്ക് കടിയേറ്റിരുന്നു. ഇരുചക്രവാഹനങ്ങൾക്ക് നേരെ കുരച്ചുചാടുന്നതും അപകടത്തിനിടയാക്കുന്നു.
തെരുവ് നായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ചിലരുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവിൽ ഭക്ഷണം നൽകുമ്പോൾ നായ്ക്കൾ തമ്മിൽ കടി കൂടുന്നതും ജനങ്ങൾക്ക് ഭീഷണിയാകുന്നു. ഇത്തരം മൃഗസ്‌നേഹികൾ തെരുവിൽ ഭക്ഷണം വിളമ്പി പൊതുജനങ്ങൾക്ക് ഭീഷണിയുണ്ടാക്കാതെ നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് പറയുന്നു.
' തെരുവ് നായ്ക്കളെ പിടികൂടാനോ വന്ധ്യംകരിക്കാനോ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. നഗരത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പേവിഷബാധയേറ്റ നായ്ക്കളെ പിടികൂടാൻ ഡോഗ് ക്യാച്ചറെ നിയോഗിക്കും.'

15ാം വാർഡ് കൗൺസിലർ ആർ.സന്തോഷ് പറയുന്നു.
'പേവിഷബാധയുള്ള നായ മറ്റ് നിരവധി വളർത്തുമൃഗങ്ങളെ കടിച്ചിരിക്കാനിടയുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. നഗരസഭയും മറ്റ് സർക്കാർ സംവിധാനങ്ങളും അടിയന്തര നടപടി സ്വീകരിക്കണം.'

മൃഗങ്ങളുടെ ആക്രമണം കൂടുന്നു.

കോട്ടയം: മൃഗങ്ങളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നു. നായ മാത്രമല്ല, പൂച്ച, കീരി, പന്നി എന്നിവയിൽ നിന്ന് പരിക്കേറ്റവരും കുറവല്ല. എല്ലാ മൃഗങ്ങളും കൂടി ഈ വർഷം ഇതുവരെ പതിനായിരത്തോളം പേരെയാണ് ആക്രമിച്ചത്. ഇന്നലെ വൈക്കത്തും കോട്ടയത്തും തെരുവുനായയുടെ ആക്രമണമുണ്ടായി.
നിസാരമെന്ന് കരുതി ചികിത്സയെടുക്കാത്തവരും ധാരാളം. പേ വിഷ ബാധയേറ്റ് സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തെരുവു നായയുടെ തുടർച്ചയായുള്ള ആക്രമണം ഭീതിപ്പെടുത്തുന്നു. വൈക്കത്തിന് പിന്നാലെ കോട്ടയം താലൂക്ക് ഓഫീസിലെത്തിവരേയും ഇന്നലെ തെരുവുനായ ആക്രമിച്ചു.

പൂച്ചയും വില്ലൻ

വളർത്തുപൂച്ചയിൽ നിന്ന് കടിയേറ്റ് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഡോക്ടർമാ‌ർ പറയുന്നു. അരുമ മൃഗങ്ങളെ വളർത്തുന്നവരുടെ എണ്ണം കൂടിയതാണ് പ്രധാന കാരണം. പൂച്ചയുടെ കടിയേറ്റവരിൽ ഏറെയും കുട്ടികളാണ്. ജില്ലയിൽ ഈ വർഷം മൂവായിരത്തോളം പേരെ പൂച്ച കടിച്ചെന്നാണ് കണക്ക്. ഓരോ മാസവും നായയുടെ കടിയേറ്റവരുടെ എണ്ണം കൂടിക്കൂടി വരുന്നു. പേവിഷബാധയുണ്ടായാൽ നായ്ക്കൾ അക്രമാസക്തരാകുമെന്നതിനാൽ ഇതിനെ ഗൗരവമായി കാണണം. ഈ വർഷം ഇതുവരെ 6126 പേരെയാണ് പട്ടികടിച്ചത്. ഈ മാസം മാത്രം രണ്ടായിരത്തോളം പേരെ തെരുവുനായ കടിച്ചു.

ആറുമാസത്തിനിടെ ജില്ലയിൽ

നായ കടിച്ചത്. 6126.

പൂച്ച കടിച്ചത്. 3000.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DOG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.