SignIn
Kerala Kaumudi Online
Thursday, 25 April 2024 2.54 PM IST

മരുന്ന് ക്ഷാമത്തിൽ നിലതെറ്റി മെഡി.സർവീസസ് കോർപറേഷൻ

photo

സംസ്ഥാനം കടുത്ത മരുന്ന് ക്ഷാമത്തിൻെറ പിടിയിലാണ്. സമീപകാലത്തൊന്നും കേരളം മരുന്നിനായി ഇത്രയധികം നെട്ടോട്ടമോടിയിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതർക്ക് പലതരത്തിൽ ന്യായീകരണങ്ങൾ പറഞ്ഞ് ഒഴിയാമെങ്കിലും സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ നിന്ന് സൗജന്യമായും കാരുണ്യയിൽ നിന്ന് കുറഞ്ഞ നിരക്കിലും മരുന്ന് ലഭിക്കുന്നത് പേരിന് മാത്രമായി മാറിയിരിക്കുന്നു.

എന്താണ് കാരണം?

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ മരുന്നും മറ്റ് ആശുപത്രി സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാനായി മാത്രമാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ രൂപീകരിച്ചത്. എന്നാലിന്ന് ആ സ്ഥാപനം കൃത്യമായി ജോലി നിറവേറ്റുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. മുൻവർഷം ഓർഡർ ചെയ്ത മരുന്ന് മുഴുവൻ സംസ്ഥാനത്ത് എത്തിയോ, അവയുടെ നിലവിലെ സ്ഥിതിയെന്താണ് തുടങ്ങിയ സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് നടപടി സ്വീകരിക്കേണ്ട സ്ഥാപനം വെള്ളാനയായി മാറിയിരിക്കുകയാണ്. ആശുപത്രികൾ ഓർഡർ നൽകുന്ന മരുന്ന് വാങ്ങി നൽകുക മാത്രമാണ് തങ്ങളുടെ ജോലിയെന്നാണ് കോർപറേഷൻ അധികാരകളുടെ ധാരണ. മരുന്ന് മുടങ്ങാതിരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന ബോധം ഇനിയും അവർക്കുണ്ടായിട്ടില്ല. കൊവിഡ് കാരണം രോഗികളുടെ എണ്ണം കൂടി, മരുന്ന് തീർന്ന് പോയെന്ന ബാലിശമായ വാദങ്ങൾ ഉയർത്തിയാണ് മരുന്ന് ക്ഷാമത്തെ കെ.എം.എസ്.സിഎൽ പ്രതിരോധിക്കുന്നത്. ടെണ്ടർ നടപടികൾ പാളിയത് മറച്ചുവയ്ക്കുകയാണ്.

മാർച്ചിൽ പൂർത്തിയാകേണ്ട 2022–23സാമ്പത്തിക വർഷത്തേക്കുള്ള ടെൻഡർ നടപടികൾ ജൂണിലും പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞില്ല. പിന്നാലെ കമ്പനികൾക്ക് ലെറ്റർ ഓഫ് ഇൻഡന്റ് നൽകിയെങ്കിലും കരാർ ഒപ്പിട്ട് നിരതദ്രവ്യം കെട്ടിവയ്ക്കേണ്ട നടപടികൾ നടന്നത് ഈമാസം ആദ്യം. തുടർന്നാണ് പർച്ചേസ് ഓർഡർ നൽകിയത്. നേരത്തെ നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിൽ മേയ് ആദ്യം മുതൽ മരുന്നുകൾ ലഭ്യമാകുമായിരുന്നു. ജൂൺ ആദ്യം ചില താലൂക്ക്,ജില്ലാതല ആശുപത്രികളിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമുള്ള മരുന്നിന്റെ സ്റ്റോക്ക് തീർന്ന സാഹചര്യത്തിൽ മറ്റിടങ്ങളിലേക്കും സമാനമായ പ്രശ്നം ഉണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. മരുന്ന് കൂടുതലുള്ള ആശുപത്രികളിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റാൻ ഡി.എം.ഒമാർക്ക് മെഡിക്കൽ സർവീസസസ് കോർപറേഷൻ സർക്കുലർ നൽകുകയും ചെയ്തു. എന്നാൽ മരുന്ന് ആവശ്യമുള്ളതിനാൽ പലരും വിട്ടുനൽകിയില്ല. ഇതോടെ എല്ലാം താളം തെറ്റി. പ്രായമായവർ ഉൾപ്പെടെ രണ്ടാഴ്ചയിൽ ഒരിക്കലോ മാസത്തിലൊരിക്കലോ ആശുപത്രികളിലെത്തി ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസികളിൽ നിന്ന് ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്ന് വാങ്ങാറുണ്ട്. എന്നാൽ മരുന്ന് ക്ഷാമം മുന്നിൽക്കണ്ട് ഇത്തരത്തിലുള്ള വിതരണം അവസാനിപ്പിച്ചു.

പണവും മാനദണ്ഡവും കുരുക്കായി

50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമായിരുന്നു ടെൻഡറിൽ പങ്കെടുക്കാൻ അവസരമെന്നായിരുന്നു ഇത്തവണത്തെ മാനദണ്ഡം. ഇതോടെ ചെറിയ കമ്പനികൾക്ക് അവസരം നഷ്ടമായി. കമ്പനികളുടെ എണ്ണം കുറഞ്ഞതോടെ വൻകിടക്കാർ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ഇക്കാര്യങ്ങൾ ചർച്ചചെയ്ത് വില അംഗീകരിക്കാൻ കൂടുതൽ സമയം വേണ്ടിവന്നു.25കോടിവരെ വിറ്റുവരവുള്ള കമ്പനികൾക്ക് അവസരം നൽകിയിരുന്നെങ്കിൽ വേഗം കൂടിയേനെ. കഴിഞ്ഞ വർഷം കെ.എം.എസ്.സി.എൽ ഓർഡർ നൽകിയ മരുന്ന് പൂർണമായി കേരളത്തിലെത്തിയില്ല. 200 കോടിയിലധികം രൂപ കമ്പനികൾക്ക് നൽകാനുണ്ട്. അതിനാൽ സ്റ്റോക്ക് പൂർണമായി കമ്പനികൾ എത്തിച്ചിട്ടില്ല. അതാണ് മരുന്ന് ക്ഷാമം വേഗത്തിലാക്കിയത്.

പരിശോധനയില്ലെന്ന് പരാതി

സർക്കാർ ആശുപത്രികൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വിതരണം ചെയ്യുന്ന മരുന്നുകളിൽ ഗുണനിലവാര പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മരുന്നുകൾ കഴിച്ച ശേഷം രോഗികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ മാത്രമാണ് പരിശോധന നടത്തുന്നത്. മരുന്നുകളുടെ വിതരണത്തിന് മുൻപ് ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വിദഗ്ദരടക്കം പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ, ഉദരരോഗങ്ങൾക്ക് നൽകുന്ന പാന്റോ പ്രസോൾ, അണുബാധയുമായി ബന്ധപ്പെട്ട് നൽകുന്ന മരുന്നുകളും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയവയാണ്. പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് ബോധ്യപ്പെട്ടതോടെ വിതരണവും നിലവിലുള്ള സ്റ്റോക്കിന്റെ ഉപയോഗവും ആരോഗ്യ വകുപ്പ് നിരോധിച്ചു.

ചില സ്വകാര്യ കമ്പനികൾ നൽകുന്ന മരുന്നുകളാണ് വ്യാപകമായി ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന് രോഗികൾ ഇതിനോടകം നിരോധിച്ച മരുന്നുകൾ കഴിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്ത പല മരുന്നുകളും നിരോധിക്കപ്പെട്ടവയാണ്. എന്നാൽ പല തവണ നിർദേശം നൽകിയിട്ടും വിതരണത്തിന് മുൻപ് ഗുണനിലവാര പരിശോധന നടത്താൻ മെഡിക്കൽ സർവീസസ് കോർപറേഷൻ തയ്യാറായിട്ടില്ല. പല മരുന്നുകളുടെയും വിതരണം ഇത്തരത്തിൽ നിറുത്തിവെയ്ക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICINE SHORTAGE KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.