SignIn
Kerala Kaumudi Online
Thursday, 25 April 2024 6.44 PM IST

എൻ.എസ്. മാധവനും ചുള്ളിക്കാടും തൃക്കാക്കരയിൽ സ്വീകരിച്ച നയം ശരിയായില്ല: കല്പറ്റ നാരായണൻ @ പിന്തുണയ്ക്കും വിയോജിപ്പുകൾക്കും ചെവികൊടുത്ത് സാംസ്‌കാരിക സംഗമം

congres
നവ സങ്കൽപ്പ് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി ബീച്ച് ആസ്പിൻ കോർട്ട് യാർഡിൽ സംഘടിപ്പിച്ച സാംസ്കാരിക സദസിൽ പങ്കെടുക്കാനെത്തിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയുമായി സൗഹൃദം പങ്കിടുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ടി. സിദ്ധിഖ് എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ സമീപം.

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നിൽക്കാൻ സാധിക്കുമായിരുന്നുള്ളൂവെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. മൃഗീയമായ ഏകാധിപത്യം തടയാൻ പ്രതിപക്ഷം ശക്തിപ്പെടണമെന്നാണ് അപ്പോൾ ആഗ്രഹിക്കേണ്ടത്. ഈ അർത്ഥത്തിൽ എൻ.എസ് മാധവനും ചുള്ളിക്കാടും ഉൾപ്പെടെയുള്ളവർ തൃക്കാക്കരയിൽ സ്വീകരിച്ച നയം അന്യായമാണെന്ന് പറയേണ്ടിവരും. പ്രതിപക്ഷത്തെ പിന്തുണയ്ക്കാൻ പറ്റിയില്ലെങ്കിൽ മാറിനിൽക്കുകയോ നിശബ്ദരാവുകയോ ചെയ്യണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി നവ സങ്കൽപ്പ് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിനോട് കൂറ് പുലർത്തുന്ന എഴുത്തുകാർ വലിയ ഭീഷണികളെ അതിജീവിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് യു.കെ കുമാരൻ പറഞ്ഞു. എന്നാൽ ഒട്ടുമിക്ക എഴുത്തുകാരും ജനാധിപത്യ വിശ്വാസികളാണ്. അവരുടെ ശബ്ദം പ്രതിഫലിപ്പിക്കാൻ കോൺഗ്രസിന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുൾ പതിയെ മായുമെന്നും സൂര്യൻ പ്രകാശിക്കുക തന്നെ ചെയ്യുമെന്നുമാണ് കോൺഗ്രസ് പ്രസ്ഥാനത്തെപ്പറ്റി തനിക്ക് പറയാനുള്ളതെന്ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. യഥാർത്ഥ ഇടതുപക്ഷ പുരോഗമന ആശയങ്ങൾ ഇന്ത്യയിൽ നടപ്പാക്കിയത് കോൺഗ്രസാണെന്ന് അനീസ് ബഷീർ ചൂണ്ടിക്കാട്ടി. കോൺഗ്രസാണ് യഥാർത്ഥ ഇടതുപക്ഷമെന്ന് മറുപടി പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. തെറ്റെന്ന് തോന്നിയാൽ അക്കാര്യം തിരുത്താൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്ന് ആമുഖ പ്രസംഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അഭിപ്രായപ്പെട്ടു.

നവാസ് പൂനൂർ, ഡോ.ആർസു, ഇ.പി.ജ്യോതി, ഗിരീഷ് പി.സി പാലം, ഗായകൻ കോഴിക്കോട് സുനിൽകുമാർ, കമാൽ വരദൂർ, എ.സജീവൻ, ഖാദർ പാലാഴി, ലത്തീഫ് പറമ്പിൽ, ഡോ. ഷിബി, പ്രൊഫ. ടി.എം രവീന്ദ്രൻ, പ്രൊഫ. ഒ.ജെ ചിന്നമ്മ, ജയരാജ്, പ്രൊഫ. നെടുമുടി ഹരികുമാർ, എം.കെ രാഘവൻ എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, എ.ഐ.സി.സി സെക്രട്ടറിമാരായ പി.സി വിഷ്ണുനാഥ്, റോജി. എം ജോൺ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, ജനറൽ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ, ആര്യാടൻ ഷൗക്കത്ത്, പഴകുളം മധു, കെ.ജയന്ത്, നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ, ജയ്‌സൺ ജോസഫ് തുടങ്ങിയവരും സംബന്ധിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കാവിൽ പി.മാധവൻ സ്വാഗതവും അഡ്വ. എം.രാജൻ നന്ദിയും പറഞ്ഞു.

ആവേശം പകരാൻ
ചിന്തൻ ശിബിരം തീം സോംഗ്

കോഴിക്കോട്: കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കാൻ ചിന്തൻ ശിബിരം തീം സോംഗ്. ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ യുഗപ്പിറവിയിലേക്ക് നയിച്ച പോരാട്ടങ്ങളും അവയ്ക്ക് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ധീരോദാത്തരായ നേതാക്കൾക്കും ആദരമർപ്പിച്ചാണ് ചിന്തൻ ശിബിരം തീം സോംഗ് തയാറാക്കിയിരിക്കുന്നത്. 'രാജ്ഘട്ടിൽ കേട്ട വാക്കുകൾ രാജ്യമേ നീ നെഞ്ചിലേറ്റുക ' എന്ന വരികളിലൂടെ തുടങ്ങുന്ന ഗാനം സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ നാൾ വഴികളിലെ പ്രധാന സംഭവങ്ങളും കോൺഗ്രസിന്റെ പോരാട്ടങ്ങളും അടങ്ങിയ ദൃശ്യാവിഷ്‌ക്കാരമാണ്.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ സമരപോരാട്ടങ്ങളും അപൂർവ ദൃശ്യങ്ങളും കൂട്ടിയിണക്കി ആരംഭിച്ച ഗാനം കോൺഗ്രസിന്റെ നിലവിലെ പ്രമുഖ നേതാക്കളെ പരിചയപ്പെടുത്തിയാണ് അവസാനിക്കുന്നത്. രമേശ് കാവിൽ രചിച്ച് പ്രശാന്ത് സംഗീതം നിർവഹിച്ച ഗാനം നിർമിച്ചിരിക്കുന്നത് ഡി.സി.സിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സ്വരാജാണ്. സമ്മേളന നഗരിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ തീം സോംഗ് പ്രകാശനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.