SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.33 PM IST

ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

monkey-pox
മങ്കി പോക്സ്

മലപ്പുറം: ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഈമാസം 6ന് യു.എ.ഇയിൽ നിന്നെത്തിയ 35കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തിൽ പാടുകൾ കണ്ടു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും നിരീക്ഷിച്ചു വരികയാണ്.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ഉടനെ കരിപ്പൂർ വിമാനത്തവാളത്തിൽ മങ്കി പോക്സിനെതിരായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. മങ്കി പോക്സ് രോഗത്തിനെ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സജിത് കുമാർ എസ്, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് മുൻകരുതലുകൾ ശക്തമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു.

എന്താണ് മങ്കിപോക്സ്

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ ഒമ്പത് വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച:

  • രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്
  • അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്
  • വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ
  • രോഗബാധിതനായ ഒരാളുടെ ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം
  • രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം
  • പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ
  • ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിറുത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത്

ലക്ഷണങ്ങൾ:

  • സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.
  • പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ
  • പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും
  • മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്
  • കൈപ്പത്തി, ജനനേന്ദ്രിയം, കോർണിയ എന്നിവിടങ്ങളിലും കാണപ്പെടും
  • രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ച്
  • സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്
  • അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും രോഗത്തിന്റെ സങ്കീർണതകളാണ്.
  • രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതം

ചികിത്സ; പ്രതിരോധം

രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്. അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.