SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.02 PM IST

കരയാൻ പറ്റാത്തവർ

myui

പാലിൽ വെള്ളം ചേർത്തത് കണ്ടുപിടിക്കാം. മായം ചേർക്കുന്നതും കണ്ടറിയാം. പിതൃത്വം നിർണയിക്കാനും ഡി.എൻ.എ ടെസ്റ്റുണ്ട്. കള്ളക്കണ്ണീരോ മനമുരുകിയ കണ്ണീരോ എന്ന് തിരിച്ചറിയാൻ വഴിയുണ്ടോ? എന്തിനും ഏതിനും മുതലക്കണ്ണീരൊഴുക്കുന്നവരെ പരിഹസിച്ചുകൊണ്ടു പരമേശ്വരൻ ചോദിച്ചു. കേട്ടിരുന്ന പല പ്രായത്തിലുള്ള തലമുറക്കാർ പൊട്ടിച്ചിരിച്ചു.

ചിലർക്ക് അതൊരു ദിനചര്യ. ചിലർക്ക് വലിയ ആയുധം. വെള്ളം കണ്ടുപേടിക്കാത്ത കുട്ടനാട്ടുകാരും തീരദേശവാസികളും പോലും കണ്ണീരു കണ്ടാൽ തളർന്നുപോകുന്നു. പകരം ചോദിക്കാനിറങ്ങുന്നു. കലഹങ്ങളും കലാപങ്ങളും അതിന്റെ പേരിൽ അരങ്ങേറുന്നു. കുടുംബങ്ങൾക്കുള്ളിലും പുറത്തും സ്ഥിതി അതല്ലേ - അറിവിൽ പിറകിലാണെങ്കിലും ഏത് അബദ്ധവും പരസ്യമായി വിളമ്പാൻ മടിയില്ലാത്ത കാര്യസ്ഥന്റെ കമന്റ് അങ്ങനെയായിരുന്നു.

കരയാൻ പറ്റുന്നത് ഒരു ഭാഗ്യമല്ലേ പരമേശ്വരന്റെ മാതാവ് രുഗ്‌മിണിയമ്മയുടെ രംഗപ്രവേശം ഓർക്കാപ്പുറത്തായിരുന്നു. രാമായണവും മഹാഭാരതവും കൃത്യമായി വായിക്കും. പ്രായം എഴുപതോടടുത്തെങ്കിലും മുടി നരച്ചിട്ടില്ല. ഉരുക്കെണ്ണയുടെ ഗുണമാണെന്നും അറിവിന്റെ മഹത്വമാണെന്നും നാട്ടുകാർക്കിടയിൽ രണ്ടഭിപ്രായമുണ്ട്.

കുട്ടികൾക്കിടയിലിരുന്നുകൊണ്ട് കുടുംബത്തിലെ യുവതലമുറയെ നോക്കി ഗാംഭീര്യത്തോടെ രുഗ്‌മിണിയമ്മ പറഞ്ഞു: ജനിക്കുന്നത് കരഞ്ഞുകൊണ്ടല്ലേ. അതു ജീവിതത്തിന്റെ ഒന്നാം പാഠം. ആ പാഠം മറക്കാതിരിക്കാൻ വല്ലപ്പോഴും ഒറ്റയ്ക്കിരുന്നോ മറ്റാരും കാണാതെയോ കരയുന്നത് നല്ലതാണ്. അതൊരു ഭാഗ്യം തന്നെയാണ്. കരയാൻ പറ്റാത്തവരുമില്ലേ? രുഗ്മിണിയമ്മ അർദ്ധോക്തിയിൽ നിറുത്തിയപ്പോൾ കേൾവിക്കാരിൽ ആകാംക്ഷ നിറഞ്ഞു. അങ്ങനെയൊരു വിഭാഗമുണ്ടോ കാര്യസ്ഥന്റെ സംശയം.

ആത്മാർത്ഥമായി രക്ഷിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും അകാലത്തിൽ പൊലിഞ്ഞുപോകുന്ന രോഗികൾ. പുഞ്ചിരി വിരിഞ്ഞ മുഖവും സ്നേഹം ചൊരിഞ്ഞ ഹൃദയവും പോസ്റ്റ്‌‌മോർട്ടം ചെയ്യുമ്പോൾ - ഡോക്ടറും നേഴ്സും ദുഃഖം ഉള്ളിലമർത്തുന്നു. അവർക്ക് കരയാൻ പറ്റുമോ?

നിരപരാധിയാണെന്നറിയാമെങ്കിലും സാഹചര്യത്തെളിവുകളും സാക്ഷികളും ശക്തമാകുമ്പോൾ നിസഹായനായി വിധിയെഴുതേണ്ടിവരുന്ന ന്യായാധിപന്മാർ. നിയമത്തിന്റെയും നിയമപാലത്തിന്റെയും പക്ഷത്തുനിൽക്കുമ്പോഴും വിധിയും സാഹചര്യങ്ങളും കാരണം പ്രതിപ്പട്ടികയിൽ കയറിപ്പോയവരുടെ യഥാർത്ഥ ഹൃദയം കാണുന്ന പൊലീസുകാർ - അവർക്കൊക്കെ കരയാനാകുമോ: ആണായിപ്പിറന്നതുകൊണ്ടുമാത്രം പരസ്യമായി കരയാൻ പറ്റാത്ത പുരുഷന്മാർ - അവരുടെ കാര്യം കൂടി ചിന്തിക്കണം - രുഗ്‌മിണിയമ്മയുടെ ചിന്തകളും വാക്കുകളും ശ്രദ്ധ പിടിച്ചുപറ്റി.

ഞാൻ പഴയ ഏഴാം ക്ളാസുകാരിയാ. പുരാണങ്ങൾക്കപ്പുറത്ത് വലിയ സിലബസൊന്നുമില്ല. പിന്നെ പത്രം വായിക്കും. അനുഭവങ്ങളുടെ ഗൃഹപാഠം ചെയ്യും. ഇതെല്ലാം കൂടി നൽകിയ നിരീക്ഷണബുദ്ധി ഇടയ്ക്കിടെ പ്രയോഗിച്ചുനോക്കും.

അമ്മയോട് യോജിച്ചുകൊണ്ട് പരമേശ്വരൻ രംഗത്ത് വന്നു. അമ്മ പറഞ്ഞതു നേരാ. ഉന്നത ബിരുദങ്ങൾ പേരിനൊപ്പം ചേർക്കാൻ കൊള്ളാം. അനുഭവജ്ഞാനം തന്നെയാണ് ജ്ഞാനപീഠം. രുഗ്മിണിയമ്മ അതുകേട്ട് ചിരിച്ചെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ടോ കണ്ടോഅമ്മയുടെ സന്തോഷക്കണ്ണീര്. ഇങ്ങനെ കരയാൻ പറ്റുന്നതും ഒരു ഭാഗ്യമല്ലേ

ഫോൺ: 9946108220

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPIRITUAL, MYILPEELI
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.