SignIn
Kerala Kaumudi Online
Friday, 19 April 2024 6.56 AM IST

വില കൂട്ടുന്നവർക്ക് കുറയ്ക്കാനും ബാദ്ധ്യതയുണ്ട്

photo

വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ വിഡ്ഢികളാക്കുന്ന ഒരു പ്രധാന പ്രതിഭാസമുണ്ട്. ഒരിക്കൽ ഉയർന്നവില പിന്നീട് താഴേക്കു വരികയില്ല എന്നതാണത്. പൊതുവേയുണ്ടാകുന്ന വിലക്കയറ്റത്തിൽ വിപണിയിൽ എല്ലാ ഉത്‌പന്നങ്ങളുടെയും വില കൂടാറുണ്ട്.

കുറേക്കാലം അത് അങ്ങനെതന്നെ നിൽക്കും. വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന സാഹചര്യങ്ങൾ ഇതിനിടെ മാറിമറിഞ്ഞേക്കാം. സ്വാഭാവികമായും അതനുസരിച്ച് സാധന വിലയും കുറയേണ്ടതാണ്.

വിലക്കയറ്റത്തിൽ ഹോട്ടലുകളാണ് ഉപഭോക്താക്കളെ ശരിക്കും കബളിപ്പിക്കാറുള്ളത്. സാധനവില കൂടുമ്പോൾ ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടാറുണ്ട്. വിലക്കയറ്റ പ്രവണത നിലനിൽക്കുന്നതിനാൽ ഉപഭോക്താക്കൾ അതു ചോദ്യം ചെയ്യാറുമില്ല. എന്നാൽ സാധനവില നല്ലതോതിൽ കുറഞ്ഞാലും ഒരിക്കൽ കൂട്ടിയ വില കുറയ്ക്കാൻ ഭക്ഷണശാലകൾ താത്‌‌പര്യം കാണിക്കാറില്ല. ഇത്തരം കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് കാഴ്ചക്കാരുടെ റോൾ മാത്രമേയുള്ളൂ. ഭക്ഷ്യവകുപ്പിന്റെ ചുമതല വഹിക്കുന്നവരാണ് പ്രശ്നത്തിൽ ഇടപെടേണ്ടത്. അവർ പക്ഷേ ഒരിക്കലും ഇടപെടില്ല. ഉദാഹരണമായി മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിലൊന്നായി മാറിയ കോഴിയിറച്ചി വിലയിൽ എന്നും അസ്ഥിരതയാണ്. വിശേഷാവസരങ്ങളിൽ അതിന് വില കുതിച്ചുയരും. അപ്പോൾ ഭക്ഷണശാലകൾ കോഴിയിറച്ചി വിഭവങ്ങൾക്ക് പരമാവധി വില ഈടാക്കിത്തുടങ്ങും. സീസൺ കഴിഞ്ഞ് ഇറച്ചിവില കുറഞ്ഞാലും ഭക്ഷണശാലകളിൽ ഈടാക്കുന്നത് അമിത വില തന്നെ. ചിക്കൻ വിഭവങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കൾ എത്രമാത്രം കബളിപ്പിക്കപ്പെടുന്നു എന്നതിന്റെ ചില ഉദാഹരണങ്ങൾ കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കച്ചവടത്തിൽ നിന്ന് ലാഭമുണ്ടാക്കരുതെന്ന് ആർക്കും പറയാനാവില്ല. എന്നാൽ എല്ലാറ്റിനും ചില നിയന്ത്രണങ്ങളൊക്കെ വേണ്ടതല്ലേ? ഉപഭോക്താക്കളെ നിർദ്ദയം കൊള്ളയടിക്കുന്നത് തടയാൻ ഇവിടെ നിയമവും ചട്ടവുമൊക്കെ ഉണ്ടെന്നല്ലേ വയ്പ്. എന്നിട്ടും എന്തുകൊണ്ടാണ് ചുമതലപ്പെട്ടവർ രംഗത്തിറങ്ങാത്തതെന്ന് ആരും ചിന്തിച്ചുപോകും.

ഓണക്കാലമാണ് വരാൻ പോകുന്നത്. വിപണി സാധാരണഗതിയിൽത്തന്നെ പതിന്മടങ്ങ് ഉണരുന്ന കാലമാണിത്. വിലക്കയറ്റത്തിന്റെ പുതിയ വേലിയേറ്റവും ഒപ്പമുണ്ടാകും. വാഴയില മുതൽ സർവ സാധനങ്ങൾക്കും വില പുതിയ ഉയരങ്ങളിലെത്തും. നിയന്ത്രണ നടപടികളൊക്കെ അപ്രസക്തമാക്കും വിധത്തിലാകും വിപണിയിലെ വിലക്കയറ്റം. ഓണക്കാലം മുൻകൂട്ടി കണ്ടുകൊണ്ടുള്ള അടവുകളാണ് ചിക്കൻ വ്യാപാരികൾ ഇപ്പോഴേ ആരംഭിച്ചിരിക്കുന്നതെന്ന് പറയാം. ഇത്തരം കാര്യങ്ങളിൽ തമിഴ്‌നാട്ടിലെ കച്ചവടക്കാരാണ് ഇവിടത്തെ വിപണിയെയും നിയന്ത്രിക്കാറുള്ളതെന്നത് എല്ലാവർക്കുമറിയാം. മാതൃക കാണിക്കേണ്ട സർക്കാർ ഏജൻസികളിലെ വില പൊതുവിപണിയേക്കാൾ ഉയർന്ന തോതിലാകുമ്പോൾ അവർക്ക് എങ്ങനെ ഫലപ്രദമായി ഇടപെടാനാകും. നാളികേരത്തിന്റെ വില കൂപ്പുകുത്തുമ്പോഴും സർക്കാർ ഉടമസ്ഥതയിലുള്ള മില്ലിൽ നിന്നുള്ള വെളിച്ചെണ്ണയ്ക്കാണ് വിപണിയിൽ ഏറ്റവും ഉയർന്ന വില. വ്യാജ വെളിച്ചെണ്ണ സംസ്ഥാനമാകെ വൻതോതിൽ വിറ്റഴിയുന്നുണ്ട്.

ജി.എസ്.ടി പരിഷ്കരണം മൂലം സകല നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിനെതിരെ പണ്ടത്തെപ്പോലെ വലിയ പ്രതിഷേധ സമരങ്ങളൊന്നും ഇപ്പോൾ നടക്കാറില്ല. രാഷ്ട്രീയകക്ഷികൾ ഒരാചാരം പോലെ പാർലമെന്റിലും പുറത്തുമൊക്കെ ചില്ലറ സമരമുറകൾക്ക് തുനിയാറുണ്ട്. ഒരു പ്രയോജനവും ചെയ്യാത്ത ഇത്തരം സമരമുറകളിൽ ജനങ്ങളുടെ താത്‌പര്യം നശിച്ച മട്ടാണ്.

വിപണിയിൽ സാധനവില കൂടുമ്പോൾ ഭക്ഷണശാലകൾ തങ്ങളുടെ വിഭവങ്ങൾക്ക് വില കൂട്ടുന്നതു പോലെ വില കുറയുമ്പോൾ അത് കുറയ്ക്കാനുള്ള സൗമനസ്യവും കാണിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFLATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.