ന്യൂഡൽഹി: കാർഗിലിൽ 23 വർഷം മുൻപ് അതിർത്തി കടന്നു വന്ന പാകിസ്ഥാൻ സേനയെ തുരത്തിയോടിച്ച് രാജ്യത്തിന്റെ അതിർത്തി കാത്ത അഭിമാന പോരാട്ടത്തിന്റെ വാർഷിക ദിനമായ ഇന്നലെ രാജ്യം വീരചരമം പ്രാപിച്ച സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാവിലെ പുഷ്പചക്രം അർപ്പിച്ചു. കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവർ ഒന്നിച്ചെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. വിവിധ സേനാ കമാൻഡുകളിലും പ്രത്യേക അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
കാർഗിൽ വിജയ വാർഷിക ദിനം അഭിമാനവും പ്രതാപവും ഒാർമ്മപ്പെടുത്തുന്ന സുദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. മാതൃരാജ്യത്തെ സധൈര്യം പ്രതിരോധിച്ച ധീരരായ സൈനികർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |