SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.33 AM IST

അനുനയ മാർഗം ഏറെ ഉചിതം

kifbi

ചെലവ് വരുമാനത്തേക്കാൾ ഉയർന്ന് പോകുമ്പോൾ കടം കൊള്ളുക എന്നത് പൊതുനിയമമാണ്. രാഷ്ട്രങ്ങളും വ്യക്തികളും ആ വഴിക്കാണ് നീങ്ങാറുള്ളത്. എന്നാൽ ഇത്തരത്തിലെടുക്കുന്ന കടം തിരിച്ചടയ്ക്കാനുള്ള മാർഗത്തെക്കുറിച്ചു വേണ്ടത്ര ധാരണയോ ഉറപ്പോ ഇല്ലെങ്കിൽ കടം പെരുകി കുത്തുപാളയെടുക്കേണ്ട സ്ഥിതിയും വരും. തൊട്ടടുത്തുള്ള ശ്രീലങ്കയ്ക്കു സംഭവിച്ച ദുർഗതി ദൈനംദിന കാര്യങ്ങൾ വരെ അമിത തോതിൽ വായ്പയെടുത്ത് നിർവഹിക്കാൻ ശ്രമിച്ചതാണ്. ഒടുവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാനാകാതെ ഭരണാധികാരികൾക്ക് രാജ്യംവിട്ട് ഓടേണ്ടിവന്നത് എല്ലാ രാജ്യങ്ങൾക്കും പാഠമാകേണ്ടതാണ്.

കടമെടുപ്പിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നതോടെ കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പുതിയ ആശയമായി കൊണ്ടുവന്ന 'കിഫ്‌ബി" വഴിയാണ് പല വികസന പദ്ധതികളും ഇപ്പോൾ നടന്നുവരുന്നത്. അതിനാവശ്യമായ പണം കിഫ്‌ബി കണ്ടെത്തുന്നു. കിഫ്‌ബിയുടെ വായ്പാ ബാദ്ധ്യതയ്ക്കു സർക്കാർ ഗ്യാരന്റി നിൽക്കുന്നു. വികസന പദ്ധതികൾ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ഈ സംവിധാനം തെല്ലൊന്നുമല്ല ഉപകരിച്ചത്. എന്നാൽ കിഫ്‌ബിയുടെ വായ്‌പയും സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയേ കണക്കാക്കാനാവൂ എന്നതാണ് കേന്ദ്രധനവകുപ്പിന്റെ നിലപാട്. പ്രശ്നം തുടങ്ങുന്നതും അവിടെ നിന്നാണ്. സാങ്കേതികമായ തർക്കവിതർക്കങ്ങൾ അന്തമില്ലാതെ തുടരുന്നതിനിടയിൽ കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തിന് കേന്ദ്രം ഏകപക്ഷീയമായി നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. കേന്ദ്ര നടപടി മൂലം ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന് 23,000 കോടി രൂപ കുറച്ചേ വായ്പയെടുക്കാനാവൂ. ഇതിനർത്ഥം അത്യാവശ്യ കാര്യങ്ങൾ പോലും മുടങ്ങിപ്പോകുമെന്നാണ്. ഗുരുതരമായ ഈ സാമ്പത്തിക ഞെരുക്കം മറികടക്കാൻ പുതിയ മാർഗങ്ങൾ കണ്ടുപിടിക്കേണ്ട അത്യന്തം ശ്രമകരമായ ചുമതലയാണ് ധനവകുപ്പിനു മുമ്പിലുള്ളത്. കിഫ്‌ബിയുടെ കടം സംസ്ഥാനത്തിന്റെ ബാദ്ധ്യതയായി കണക്കാക്കരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിച്ചാൽ പ്രശ്നപരിഹാരമാകും. പക്ഷേ കേന്ദ്രധനവകുപ്പ് ഈ വിഷയത്തിൽ വിട്ടുവീഴ്‌ചയ്ക്കു തയ്യാറില്ലെന്നതാണ് സംസ്ഥാനത്തെ വലയ്ക്കുന്നത്.

കിഫ്‌ബിയുടെ രൂപീകരണ വേളയിൽത്തന്നെ ഭാവിയിൽ അത് വലിയൊരു നിയമപ്രശ്നത്തിലേക്ക് വളർന്നേക്കുമെന്ന ആശങ്ക പല കേന്ദ്രങ്ങളും പ്രകടിപ്പിച്ചിരുന്നു. സർക്കാരിന്റേതായാലും കിഫ്‌ബിയുടേതായാലും വായ്‌പകൾക്ക് പരിധി കല്പിക്കേണ്ടത് അത്യാവശ്യമാണ്. വായ്പകൾ പരിധികടന്നാൽ വൻ സാമ്പത്തികത്തകർച്ചയായിരിക്കും ഫലം. അത്തരമൊരു സാഹചര്യമൊഴിവാക്കാൻ സംസ്ഥാനത്തിനു മാത്രമല്ല കേന്ദ്രത്തിനും ഉത്തരവാദിത്വമുണ്ട്.

സംസ്ഥാനത്തിന്റെ ചെലവുകളിൽ നല്ലൊരു പങ്ക് സാമൂഹ്യസുരക്ഷാ പദ്ധതികൾക്കു വേണ്ടിയുള്ളതാണ്. ഭരണച്ചെലവുകളും വളരെ കൂടുതലാണെന്നാണ് വിദഗ്ദ്ധപഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. എല്ലാവിധ ചെലവുകളും കുറയ്ക്കുക മാത്രമാണ് പോംവഴി. കേന്ദ്രം ഏർപ്പെടുത്തിയ വായ്‌പാ നിയന്ത്രണങ്ങൾക്ക് പരിഹാരമെന്തെന്ന് ധനകാര്യ വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ച് ആലോചിക്കാവുന്നതാണ്. കേന്ദ്രത്തെ അനുനയിപ്പിക്കാനായില്ലെങ്കിൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് പരിഹാരം തേടാനും ആലോചനയുണ്ട്. ഉടനടി തീർപ്പുണ്ടാകുന്ന കാര്യമല്ലിത്. കേന്ദ്രത്തിന് കത്തയച്ചു കാത്തിരിക്കുന്നതിനു പകരം മുഖ്യമന്ത്രിയും ധനമന്ത്രിയും ഉൾപ്പെട്ട സംഘം ഡൽഹി സന്ദർശിച്ച് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരിൽക്കണ്ട് വിഷയത്തിൽ അനുകൂല സമീപനമുണ്ടാക്കാൻ ശ്രമിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIFBI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.