ക്രൈംബ്രാഞ്ച് എസ്.പി. എസ്.മധുസൂദനൻ നേതൃത്വം നൽകും
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസ്.പി. എസ്.മധുസൂദനൻ നേതൃത്വം നൽകും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് അസി.കമ്മിഷണർ വി.എസ്.ദിനരാജും സംഘത്തിലുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എ.കെ.ജി.സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞിട്ട് പ്രതിയിലേക്ക് എത്തുന്നതിലുള്ള സൂചനകളൊന്നും പൊലീസിന് ലഭിക്കാത്തതിനെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.ലോക്കൽ പൊലീസിന്റെ പ്രത്യേക സംഘം കാര്യമായ പരിശോധനകൾ നടത്തിയെങ്കിലും അക്രമി സഞ്ചരിച്ച വാഹനത്തിന്റെ മോഡൽ ഏതാണെന്ന് തിരിച്ചറിയാൻ മാത്രമേ കഴിഞ്ഞുള്ളൂ. അയാൾ എവിടെ നിന്ന് വന്നെന്നോ എവിടേക്കാണ് പോയതെന്നോ വാഹനത്തിന്റെ നമ്പർ എത്രയെന്നോ കണ്ടെത്താനായില്ല. ലഭിച്ച ദൃശ്യങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ വ്യക്തത വരുത്തി പ്രതിയിലേക്ക് എത്താനുളള ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |