SignIn
Kerala Kaumudi Online
Saturday, 20 April 2024 5.16 AM IST

ഡിജിറ്റൽ ആത്മനിർഭരത നമ്മൾ വൈകിയോ ?

digital-athmanirbhar

ജീവിതത്തിലെ ഭൗതിക സാഹചര്യങ്ങളോടൊപ്പം ഡിജിറ്റലായ നിലനില്പിനും നിർണായക പങ്കുള്ള കാലഘട്ടത്തിലാണ് നാം. നമ്മെ സംബന്ധിക്കുന്ന ഡേറ്റകൾ അത് കൈവശം വച്ചിരിക്കുന്നവർ പലപ്പോഴും അവരുടെ താത്‌പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഇത് സർക്കാരുകളാകണമെന്നില്ല, യു.എസ് പോലെ വികസിതരാജ്യങ്ങൾ കേന്ദ്രീകരിച്ച ബഹുരാഷ്ട്ര കുത്തകകളാണ് നമ്മെ സംബന്ധിക്കുന്ന ഡേറ്റ കൈവശം വച്ചിരിക്കുന്നത്. ഇന്ത്യയെ പോലെ ജനാധിപത്യ സംവിധാനമുള്ള രാജ്യത്ത് രാജ്യാതിർത്തികൾക്കുള്ളിൽ കഴിയുന്ന പൗരന്മാരുടെ തിരിച്ചറിയൽ വിവരങ്ങളും അവരെക്കുറിച്ചുള്ള മറ്റുവിവരങ്ങളും സർക്കാർ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുകയാണ് പതിവ്. ഭാരത സർക്കാർ പൗരന്മാരുടെ ഡേറ്റ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നിരന്തരമായ ശ്രമം നടത്തുന്നുമുണ്ട്. എന്നാൽ ലോകത്തെമ്പാടുമുള്ള നിരവധി വെബുകളുമായി പൗരന്മാർ സമ്പർക്കം പുലർത്തുമ്പോൾ ഇത് എത്രത്തോളം രഹസ്യമായി സൂക്ഷിക്കാനാകും? എല്ലാ ഡേറ്റകളും സുരക്ഷിതമായി ആര് സംരക്ഷിക്കും. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഇന്നത്തെ ലോകത്തിൽ നമ്മുടെ സ്വത്വവും വിവരങ്ങളും എത്രത്തോളം സുരക്ഷിതമാണ് ? ലോകം കൂടുതൽ ഡിജിറ്റൽ ആവുന്നതോടെ ഡേറ്റയ്ക്ക് വേണ്ടിയുള്ള മത്സരവും കടുക്കും. ഈ പ്രതിഭാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫേസ് ബുക്ക്. 23.96 കോടി ഇന്ത്യക്കാരെക്കുറിച്ചുള്ള സ്വകാര്യവിവരങ്ങളൊക്കെ ഫെയ്‌സ് ബുക്കിന്റെ കൈവശമുണ്ട്. ഫേസ് ബുക്ക് നമ്മുടെ സ്വകാര്യവിവരങ്ങൾ കൈവശം വയ്ക്കുന്നു എന്നു മാത്രമല്ല നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ, താത്‌പര്യങ്ങൾ, ആശയവിനിമയം, സ്വഭാവം എന്നിവയെല്ലാം അവർക്ക് ഹൃദിസ്ഥമാണ്. ജനാധിപത്യ പ്രക്രിയയിലായാലും ഉത്പന്നങ്ങളുടെ വിപണനത്തിലായാലും ഓരോ വ്യക്തിയുടെയും തീരുമാനത്തെ സ്വാധീനിക്കാൻ ഫെയ്‌സ് ബുക്കിന് ഈ ഡേറ്റ ധാരാളമാണ്. ഫെയ്‌സ് ബുക്ക് ഈ ഡേറ്റ വച്ച് അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കാൻ ശ്രമിച്ചു. ഒരാൾ ഏത് ഉത്‌പന്നം വാങ്ങണമെന്ന തീരുമാനത്തെ സ്വാധീനിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്.

മുമ്പ് ബ്രിട്ടീഷുകാരും ഡച്ച്, പോർട്ടുഗീസുകാരുമൊക്കെ വിദൂരരാജ്യങ്ങളിലേക്ക് സാഹസികയാത്ര നടത്തിയ ചരിത്രമുണ്ട്. കടലിലൂടെ സഞ്ചരിച്ച് പുതിയ മേഖലകൾ വെട്ടിപ്പിടിക്കാൻ ബ്രിട്ടീഷ് രാജ്ഞി തന്നെ മുൻകൈയെടുത്തിരുന്നു. പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയ ഈ യാത്രകളൊക്കെ പിന്നീട് വ്യാപാരത്തിലും പിന്നാലെ കോളനിവത്കരണത്തിലും കലാശിച്ചു. പിന്നീട് ഈ രാജ്യങ്ങളെയൊക്കെ തങ്ങളുടെ പ്രജകളാക്കി അവിടെയൊക്കെ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വിപണികൾക്കായി രാജ്യങ്ങൾ പിടിച്ചെടുക്കുന്ന പതിവ് ഇല്ലാതായെന്നത് മറ്റൊരു കാര്യം.

കഴിഞ്ഞ നൂറ്റാണ്ടിൽ എണ്ണയ്ക്കുണ്ടായിരുന്ന സ്ഥാനമാണ് പുതിയ നൂറ്റാണ്ടിൽ ഡേറ്റയ്ക്കുള്ളത്. ഡേറ്റയുടെ ഒഴുക്ക് സൃഷ്‌ടിക്കുന്നത് പുതിയ പശ്ചാത്തലഘടനയെയും പുതിയ ബിസിനസ്സിനെയും പുതിയ കുത്തകകളെയും പുതിയ രാഷ്ട്രീയത്തെയുമാണ്. ഏറ്റവുമൊടുവിൽ പുതിയ സാമ്പത്തിക ശക്തിയെയും അത് സൃഷ്ടിക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും അവിടത്തെ സർക്കാരുകൾ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം നിലനിറുത്താൻ ടെക് മേഖലയിലെ ഭീമൻ കമ്പനികളോട് പോരാടുകയാണ്. ഒരു രാജ്യത്തെ കോളനിയാക്കാൻ പഴയതു പോലെ യുദ്ധവും പട്ടാളവും ആവശ്യമില്ല, മറിച്ച് നെറ്റ് വർക്കും ഡേറ്റ ബേസും ഉപയോഗിച്ച് വിദൂരരാജ്യത്തിരുന്ന് ഒരു ക്ലിക്കിലൂടെ പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കാം.
ഇന്റർനെറ്റിന്റെ ഉപയോഗത്തിലും കഴിഞ്ഞ ദശകത്തിൽ വമ്പിച്ച കുതിച്ചുചാട്ടം അനുഭവപ്പെട്ടു.പ്രത്യേകിച്ച് വെബ് 2.0 ൽ നിന്ന് വെബ് 4.0 ലേക്ക് മാറിയതോടെ. ഒറ്റ ക്ലിക്കിലൂടെ പണമിടപാടുകൾ നടത്താമെന്ന് വന്നതോടെ സാധാരണക്കാരന് നിരവധി നേട്ടങ്ങളാണുണ്ടായത്.

ട്രാഫിക് കുറഞ്ഞ ഒരു വഴി തിരഞ്ഞെടുക്കാനായി ഗൂഗിൾ മാപ്പിന് വഴി പറഞ്ഞുകൊടുക്കുന്ന നാം നമ്മുടെ സ്വകാര്യ വിവരമാണ് ഗൂഗിളിന് കൈമാറുന്നത്. ഇപ്പോൾ നമ്മുടെ ഡേറ്റ മോണിറ്റർ ചെയ്യപ്പെടുകയാണ്. അമേരിക്കക്കാരൻ അത് ലോകത്തിന് വിൽക്കുകയാണ്. ലോകം മുഴുവൻ ബഹുരാഷ്ട്ര കുത്തകകളുടെ ആധിപത്യത്തിന് ഈ ഡേറ്റ മേധാവിത്വം ഉപയോഗിക്കുകയാണ്. ഒരു കള്ളനിൽ നിന്ന് നമുക്ക് ധാർമ്മികത പ്രതീക്ഷിക്കാൻ കഴിയുമോ. അതുകൊണ്ട് തന്നെ നാം വളരെ ദുർബലാവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. ഇനി ദേശാതിർത്തികൾ സുരക്ഷിതമാക്കി രാജ്യത്തെ രക്ഷിക്കാൻ കഴിയില്ല. ഡേറ്റയുടെ നിയന്ത്രണമുള്ളവർക്കായിരിക്കും അധികാരത്തി താക്കോൽ കൈയാളാൻ കഴിയുക. ഡേറ്റയുടെ നിയന്ത്രണമുള്ളവന്റെ തടവറയിലായിരിക്കും ഭാവിയുടെ സ്ഥാനം.

ഇന്ത്യയെ, സ്വാശ്രയമാക്കാനുള്ള ലക്ഷ്യത്തോടെയുള്ള കർമ്മപരിപാടികളാണ് പ്രധാനമന്ത്രി നടത്തുന്നത് . ഭക്ഷ്യവസ്തുക്കൾ, വാക്സിൻ, മറ്റ് ഉത്‌പന്നങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവയുടെ കാര്യത്തിലെല്ലാം ധീരോദാത്തമായ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. എന്നാൽ ഇതേസമയം ഡിജിറ്റൽ മേഖലയിലും ഇന്ത്യയെ സ്വാശ്രയമാക്കാനുള്ള നടപടി വേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇന്ത്യ ഒരു കോളനിയായി മാറും. എല്ലാം കൈവിടും മുമ്പ് എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരുകളും ചേർന്ന് നമ്മുടെ ഡേറ്റ സ്വാശ്രയത്വത്തിനായുള്ള തന്ത്രങ്ങൾ മെനയുകയും നയങ്ങളും നിയമങ്ങളും കൊണ്ടുവരികയും വേണം. ഇവിടെ സാധാരണക്കാരന് എന്തുചെയ്യാൻ കഴിയുമെന്നതാണ് ചോദ്യം. നാം ഡേറ്റ കോളനിവത്കരണത്തിന്റെ ഭീഷണിയിലാണെന്നും അത് കൂടുതൽ അപകടകരമാവുമെന്നുമുള്ള ബോദ്ധ്യം നമുക്ക് വേണം. ഇവരുടെ പകൽ കൊള്ളയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തണം. എങ്ങനെ ഇതിനെ തടയാൻ കഴിയുമെന്ന ചോദ്യമുയരുന്നുണ്ട്. നമുക്ക് ഡിജിറ്റൽ ലോകത്തെ ഒഴിവാക്കാൻ കഴിയില്ല. മത്സരത്തിലും വളർച്ചയിലും നമുക്ക് പിന്നിലാകാനും കഴിയില്ല.

കണ്ടുപിടിത്തങ്ങളും നൂതനാശയങ്ങളും കൊണ്ട് ലോകത്താൽ അംഗീകരിക്കപ്പെട്ട രാജ്യമാണ് നമ്മുടേത്. കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയെ കൊള്ളയടിക്കുന്ന വിദേശ കമ്പനികളുടെ തലപ്പത്ത് വിദേശത്ത് താമസമാക്കിയ ഇന്ത്യക്കാരാണെന്ന് നമുക്ക് മനസ്സിലാകും. ഇന്ത്യയിലുള്ള ഇന്ത്യക്കാർക്ക് ഇത്തരം ആപ്പുകൾ നിർമ്മിക്കാൻ കഴിയില്ലേ? അത് അല്പം വിഷമകരമായിരിക്കാം, എന്നാൽ അസാദ്ധ്യമാണോ? ഇതിനുത്തരം ക്യു മാമു പറയും. ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട സെർച്ച് എൻജിനാണ് ക്യു മാമു. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതിനാവും.

ട്വിറ്ററിന് പകരമായി കൂ വളർന്നു കഴിഞ്ഞു. ചിങ്കാരി, മോജ്, മിത്രോൺ, ലെഹർ, കുടുംബ് തുടങ്ങിയവയെല്ലാം ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ആപ്പുകളാണ്. നൂതനാശയങ്ങൾക്ക് ഇന്ത്യയിൽ ഒരു ക്ഷാമവുമില്ല. അത് വിനിയോഗിച്ചാൽ സൈനിക ശക്തി മാത്രമല്ല ഡിജിറ്റൽ പ്രതിരോധ ശേഷിയുള്ള രാജ്യമായും നാം അറിയപ്പെടും. ഡിജിറ്റൽ ആത്മനിർഭര രാജ്യമാവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

( ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോളമിസ്റ്റും സംരംഭകനുമാണ് ലേഖകൻ ഫോൺ - 9810055885)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIGITAL ATHMA NIRBHAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.