SignIn
Kerala Kaumudi Online
Thursday, 25 April 2024 1.53 PM IST

ബഫർ സോണിൽ തെല്ലൊരാശ്വാസം

silent-valley

പരിസ്ഥിതിലോല വിഷയത്തിൽ ശക്തമായ ജനകീയ സമരങ്ങൾ നടക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാട്ടെ 13 വില്ലേജുകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുകയും 26 വില്ലേജുകൾ ബഫർസോൺ പ്രദേശമാവുകയും ചെയ്യുന്നതോടെ ജില്ലയുടെ മലയോര മേഖലയുടെ സിംഹഭാഗവും പരിസ്ഥിതിലോലമാകും എന്നതാണ് പാലക്കാടിന്റെ പ്രത്യേകത. ഈ സാഹചര്യത്തിലാണ് 2019ലെ ബഫർ സോൺ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ മലയോര ജനതയും പരിസ്ഥിതി പ്രവർത്തകരും സ്വാഗതം ചെയ്യുന്നത്.

ഒരു കിലോമീറ്റർ വരെ ബഫർ സോൺ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. വനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെടും എന്നായിരുന്നു 2019ലെ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

ഭവാനി വന്യജീവി സങ്കേതം പിൻവലിക്കണം

ആറ് വില്ലേജുകളും പൂർണമായും പരിസ്ഥിതി ദുർബല മേഖലയിൽപ്പെട്ട അട്ടപ്പാടിക്കാണ് പാലക്കാട് ജില്ലയിൽ പരിസ്ഥിതിലോല നിയമത്തിന്റെ കാഠിന്യം ഏറ്റവും അധികം ഏൽക്കേണ്ടിവരിക. ഇപ്പോൾ തന്നെ അപ്പാടിയിലെ രണ്ട് വില്ലേജുകൾ സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ ബഫർ സോണിൽ വരുന്നുണ്ട്. ഈ ആശങ്കകൾ നിലനിൽക്കെയാണ് 2021ലെ ബഡ്ജറ്റ് പ്രസംഗത്തിൽ അവതരിപ്പിച്ച ഭവാനി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. സൈലന്റ് വാലി ബഫർ സോണിലെ വനപ്രദേശവും അടപ്പാടിയിൽ അവശേഷിക്കുന്ന വനപ്രദേശങ്ങളും ചേർത്തുള്ള '' ഭവാനി വന്യജീവി സങ്കേതം'' എന്ന പുതിയ പദ്ധതിക്ക് വേണ്ടിയുള്ള സർക്കാർ നിർദ്ദേശം പിൻവലിക്കണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ബഫർ സോൺ സംബന്ധിച്ച് 2019 ലെ മന്ത്രിസഭാ തീരുമാനം പിൻവലിക്കുന്നത് പരിശോധിക്കുമെന്ന് ഉറപ്പുപറഞ്ഞ മന്ത്രി ആ വാക്കുപാലിച്ചതുപോലെ ഭവാനി വന്യജീവി സങ്കേതത്തിന്റെ നിർദ്ദേശവും പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ആട്ടപ്പാടി ജനത.


എന്താണ് ഇകോ സെൻസിറ്റീവ് സോൺ?

കേരളത്തിലെ വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ കടുത്ത എതിർപ്പിന് കാരണമായ ബഫർ സോൺ അല്ലെങ്കിൽ ഇകോ സെൻസിറ്റീവ് സോൺ എന്നാൽ എന്താണ്?. കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറത്തിറക്കിയ ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ (2002 - 2016) വിജ്ഞാപന പ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതകങ്ങളുടെയും അടുത്തുള്ള പത്തുകിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമാണ്. ഇകോ ഫ്രാഗൈൽ സോൺ അല്ലെങ്കിൽ ഇകോ സെൻസിറ്റീവ് സോൺ (ഇ.എസ്.സെഡ്) എന്നാണ് ഈ പ്രദേശങ്ങൾ അറിയപ്പെടുന്നത്.

എന്തിനാണ് ബഫർ സോണുകൾ ?

2011 ഫെബ്രുവരി ഒമ്പതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശ പ്രകാരം, പരിസ്ഥിതി ലോല പ്രദേശങ്ങൾ (ബഫർ സോണുകൾ) സംരക്ഷിത മേഖലകളുടെ ഷോക്ക് അബ്‌സോർബറായാണ് പ്രവർത്തിക്കുന്നത്. മനുഷ്യ ഇടപെടൽ മൂലം പ്രദേശത്തെ പരിസ്ഥിതിയുടെ ആഘാതം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനോപാധികൾ അടക്കം പ്രദേശവാസികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. പകരം അവർക്കുചുറ്റുമുള്ള പരിസ്ഥിതിയെ ശുദ്ധീകരിക്കുക എന്നതാണ് ലക്ഷ്യം എന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ആശങ്കകളേറെയാണ്.

സുപ്രീം കോടതി ഉത്തരവ്

തമിഴ്നാട് നീലഗിരിയുടെ വനംഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിൽ ജസ്റ്റിസ് എൽ.നാഗേശ്വര റാവു അദ്ധ്യക്ഷനും ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് നിലവിൽ ബഹളങ്ങൾക്ക് കാരണമായ വിധി പുറപ്പെടുവിച്ചത്. 2011ൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ യുക്തിപരമാണ് എന്നും സംരക്ഷിത വനമേഖലകൾക്ക് അടുത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവ് നിർബന്ധമായും പരിസ്ഥിതി ദുർബല മേഖലയാക്കണം (ബഫർ സോൺ) എന്നുമായിരുന്നു കോടതി ഉത്തരവ്.

മറ്റ് നിർദ്ദേശങ്ങൾ;

1. ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് അടുത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല/ ദുർബല മേഖലയാണ്. മേഖലയിൽ 2011ൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിലവിലെ പ്രവൃത്തികൾ പരിഗണിച്ച് ജാംവ രാംഗഡ് സങ്കേതത്തിന്റെ ബഫർ സോൺ 500 മീറ്ററായിരിക്കും.

2. ഒരു കിലോമീറ്ററിൽ കൂടുതൽ ബഫർ സോൺ നിലവിലുള്ള മേഖലയിൽ അതായിരിക്കും പരിധി.

3. ബഫർ സോണിൽ പുതിയ സ്ഥിരം നിർമ്മിതികളോ ഖനനമോ അനുവദിക്കില്ല.

4. ഒരു കിലോമീറ്റർ പരിധിയിൽ ആരംഭിച്ച നിർമ്മാണങ്ങൾ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസേർവേറ്ററുടെ അനുമതിയോടെ തുടരാം.

5. ബഫർ സോണിന്റെ മിനിമം വീതി പൊതുജന താത്പര്യാർത്ഥം ഇളവുവരുത്താം. ഇതിനായി സംസ്ഥാനങ്ങൾക്ക് സെൻട്രൽ എംപവേഡ് കമ്മിറ്റിയെയോ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയോ സമീപിക്കാം. പ്രസ്തുത ബോഡികൾ അഭിപ്രായങ്ങൾ/നിർദേശങ്ങൾ കോടതിക്ക് മുമ്പാകെ സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ കോടതി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കും.


കേരളത്തിലെ പ്രതിഷേധങ്ങൾ പിന്നിൽ?

കോടതി ഉത്തരവിന് പിന്നാലെ കേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ പ്രതിഷേധമുണ്ടായി. ബഫർ സോണുകൾ വലിയ തോതിലുള്ള ജനവാസമേഖലകൾ കൂടിയാണ് എന്നതാണ് അതിന്റെ പ്രധാന പ്രശ്നം. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീർണം എട്ടുലക്ഷം ഏക്കറാണ്. അതിന്റെ അതിർത്തികളിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കുമ്പോൾ ഏകദേശം നാലുലക്ഷം ഏക്കർ വിസ്തൃതിയിലെ മനുഷ്യവാസത്തെയും കൃഷിഭൂമിയെയും അത് സാരമായി ബാധിക്കും. ലക്ഷക്കണക്കിന് പേരുടെ അതിജീവനം ചോദ്യചിഹ്നമാകും.
ഇതുതന്നെയാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.

നിലവിൽ കേരളത്തിൽ 16 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ്ദ്യാനങ്ങളും രണ്ട് കടുവാ സങ്കേതങ്ങളും ഉൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളുണ്ട്. 3211.73 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുകിടക്കുന്നതാണിത്. വയനാട്, സൈലന്റ് വാലി, പീച്ചി വാഴാനി, പറമ്പിക്കുളം, ചൂലന്നൂർ മയിൽ സങ്കേതം, ഇരവികുളം, തട്ടേക്കാട്, ഇടുക്കി, പെരിയാർ കടുവ സങ്കേതം, കുമരകം പക്ഷിസങ്കേതം, പേപ്പാറ, നെയ്യാർ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്. ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബാധിക്കുന്ന വിഷയമാണിത്.

നാം ചെയ്യേണ്ടത്

പരിസ്ഥിതിലോല വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്താൻ സർക്കാർ തയ്യാറാകണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സെൻട്രൽ എംപവേഡ് കമ്മിറ്റിയേയും കേരളത്തിന്റെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്താൻ ആവശ്യമായ വിവര ശേഖരണം വിപുലമായതലത്തിൽ നടത്തണം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്താൽ ക്രോഡീകരിക്കുന്ന വിവരങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇളവുകൾ ആവശ്യപ്പെടുന്നത് വേണ്ടരീതിയിൽ പ്രയോചനപ്പെടില്ല.

കേരളത്തിലെ സംരക്ഷിത വനപ്രദേശത്തിന്റെ ഒരു കിലോമീറ്റർ ബഫർ മേഖലയുടെ ഭൂപടം ആദ്യം തയ്യാറാക്കണം. വിധി നടപ്പാക്കുമ്പോൾ ഉണ്ടാക്കുന്ന മനുഷ്യ, കാർഷിക ആഘാതത്തിന്റെ തോത് കൃത്യമായി പഠിക്കണം. എംപവേഡ് കമ്മിറ്റിക്കും മന്ത്രാലയത്തിനുമാണ് ഇതുമായി ബന്ധപ്പെട്ട ശുപാർശകൾ കോടതിക്കു മുമ്പിൽ സമർപ്പിക്കാനാകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFERZONE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.