SignIn
Kerala Kaumudi Online
Thursday, 25 April 2024 1.19 PM IST

കാലിക്കറ്റിൽ ഉത്തരകടലാസ് സ്വാഹ; ഉത്തരമില്ലാതെ വിദ്യാ‌ർത്ഥികളുടെ ഭാവി

photo

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ എണ്ണം ഇതിനകം ഒരുലക്ഷം കവിഞ്ഞിട്ടുണ്ട്. ഏകജാലക പോർട്ടൽ വഴി ഇന്ന് കൂടി അപേക്ഷിക്കാനാവും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാർത്ഥികളാണ് കാലിക്കറ്റ് സർവകലാശാലയെ ആശ്രയിക്കുന്നത്. ഓരോ വർഷവും കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ബിരുദ, ബിരുദാനന്തര അപേക്ഷകൾ സമർപ്പിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഒരു അക്കാദമിക് വർഷം ഒരുലക്ഷം പുതിയ കുട്ടികൾ സർവകലാശാലയെ ആശ്രയിക്കുന്നു എന്നത് തന്നെ വലിയ ഉത്തരവാദിത്തമാണ്. എന്നാൽ ഈ പറയുന്നത് നാലകലത്ത് കൂടി പോലും പോയിട്ടില്ലെന്ന് ആർക്കും തോന്നിപോവും സമീപകാലത്തെ സർവകലാശാല അധികൃതരുടെ പ്രവർത്തനങ്ങൾ കണ്ടാൽ. പരീക്ഷ നടത്തിയാലും സമയത്ത് ഫലം പുറത്തുവിടാതിരിക്കുന്നതിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് പ്രത്യേക മിടുക്കുണ്ട്. കുറച്ചുകാലമായി തുടരുന്ന ഈ ശീലം കൈവിടാതിരിക്കാനും കേരളത്തിലെ മറ്റൊരു യൂണിവേഴ്സിറ്റിക്കും ഇക്കാര്യത്തിലെ തങ്ങളുടെ ക്രെഡിറ്റ് വിട്ടുകൊടുക്കാതിരിക്കാൻ നിതാന്ത ജാഗ്രതയും അധികൃതർ പുലർത്തുന്നുണ്ട്. ഈ പട്ടികയിലേക്ക് ഏറ്റവും ഒടുവിലത്തെ കൂട്ടിച്ചേർക്കലാണ്, ഈ മോഷണക്കേസ്. പലതരം മോഷണ കേസുകൾ കേട്ടറിഞ്ഞവർ ഇത് കേട്ടാൽ മൂക്കത്ത് വിരൽവച്ച് പോവും.


ഉത്തരപേപ്പർ കണ്ടവരുണ്ടോ

കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവനിൽ ഫോൾസ് നമ്പർ അടിച്ച് സൂക്ഷിച്ച 200 ബികോം ഉത്തരക്കടലാസ് മോഷണം പോയെന്നാണ് പരീക്ഷാ സ്ഥിര സമിതിയുടെ കണ്ടെത്തൽ. 2020 ബാച്ച് ഒന്നാം സെമസ്റ്റർ ബികോം ഫലം വന്നിട്ടും 200 കുട്ടികളുടെ ഫലം നൽകാനായിട്ടില്ല. തുടക്കത്തിൽ ഇക്കാര്യം മൂടിവച്ച സർവകലാശാല അധികൃതർ മറ്റു പേപ്പർ ബണ്ടിലുകളിൽ ഇത് അകപ്പെട്ടതാവാമെന്ന ധാരണയിലായിരുന്നു. ബണ്ടിലുകൾ പരിശോധിച്ചിട്ടും ഉത്തര കടലാസുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അധികൃതർ മോഷണ സാദ്ധ്യത സംശയിക്കുന്നത്. ഒരു ബണ്ടിൽ മുഴുവനായി മോഷ്ടിച്ചുവെന്നാണ് വിലയിരുത്തൽ. പരീക്ഷാ ഭവനിൽ ഫോൾസ് നമ്പർ അടിച്ച് സൂക്ഷിച്ച ഉത്തര കടലാസ് മോഷണം പോയെന്ന് പറയാൻ സർവകലാശാല അധികൃതർക്ക് തെല്ലും ലജ്ജയുമില്ല. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സിൻഡിക്കേറ്റ് യോഗം അറിയിച്ചിട്ടുള്ളത്. ഉറക്കമൊഴിച്ച് പഠിച്ചെഴുതിയ ഉത്തര കടലാണ് മോഷണം പോയെന്ന് അധികൃതർ ലാഘവത്തോടെ പറയുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് വിദ്യാർത്ഥികൾക്കാണ്.

മലപ്പുറം ജില്ലയിലെ ഒരു കോളേജിലെ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് ഉത്തരക്കടലാസ് കെട്ടിൽ 26 പേപ്പറുകൾ കാണാനില്ല. മറ്റൊരു കോളജിലെ ബി.എസ്.സി ബയോ ടെക്‌നോളജി ഉത്തരക്കടലാസ് കെട്ടിൽ നിന്ന് 50 പേപ്പറുകളും പാലക്കാട് ജില്ലയിലെ ഒരു കോളേജിൽ നിന്നുളള പേപ്പർ കെട്ടിൽ നിന്ന് ആറ് ഉത്തരക്കടലാസുകളും നഷ്ടപ്പെട്ടു. ഉത്തര കടലാസ് കാണാതാവുന്നതും വിദ്യാർത്ഥികൾ നെട്ടോട്ടമോടുന്നതും സർവകലാശാല അധികൃതർക്ക് ഇപ്പോൾ പുതുമയില്ലാത്ത കാര്യമായി മാറിയിട്ടുണ്ട്. ഉത്തര പേപ്പറുകൾ കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാണിച്ചാലും ആരും ചോദ്യം ചെയ്യില്ലെന്ന തോന്നലാവാം ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാൻ കാരണം. അന്വേഷണം മുറപോലെ പ്രഖ്യാപിക്കുന്നതല്ലാതെ കുറ്റക്കാരെ കണ്ടെത്താനോ, പിഴവുകൾ തിരുത്താനോ സർവകലാശാലയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉത്തരക്കടലാസ് കെട്ടുകളോടെ മോഷ്ടിച്ച് ശരിയായ ഉത്തരങ്ങളടങ്ങിയ പേപ്പർ പകരം വയ്ക്കുന്ന തട്ടിപ്പ് ലോബി സർവകലാശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ജൂഡീഷ്യൽ അന്വേഷണം വേണമെന്നുമുള്ള ആവശ്യം സിൻഡിക്കേറ്റംഗം തന്നെ ഉയർത്തിയിട്ടുണ്ട്. കോളേജുകളിൽ നിന്ന് എത്തുന്ന ഉത്തരകടലാസുകൾ പരീക്ഷാ ഭവനിൽ കൈപ്പറ്റിയാൽ ഇത് രേഖപ്പെടുത്തണം. എന്നാൽ നഷ്ടപ്പെട്ട ചോദ്യപേപ്പറുകളിൽ പലതിനും സർവകലാശാലയിൽ കൈപ്പറ്റിയതായുള്ള രേഖയില്ല.

എന്നെ തല്ലേണ്ട

എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ലെന്ന ഡയലോഗ് ഏറ്റവും അനുയോജ്യമാവുക കാലിക്കറ്റ് സർവകലാശാലയിലെ ഒരുകൂട്ടം ജീവനക്കാർക്ക് ആവും. ആത്മാർത്ഥമായും കുട്ടികളുടെ ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജീവനക്കാർ കാലിക്കറ്റ് സർവകലാശാലയിൽ ഉണ്ടെങ്കിലും ഇവർക്ക് കൂടി ചീത്തപ്പേരുണ്ടാക്കുന്ന നിരവധി പേർ അവിടെയുണ്ട്. മോഷണം പോയ 200 ബികോം ഉത്തര കടലാസിന് വേണ്ടി അധികൃതർ തിരച്ചിൽ ആരംഭിച്ചപ്പോൾ പരീക്ഷാ ഭവനിലെ പാഴ്‌വസ്തുക്കളിൽ നിന്നും കിട്ടിയത് മറ്റൊരു മോഷണ മുതലായിരുന്നു!.
ബി.എസ്.സി ഫൈനൽ അബ്‌നോർമൽ സൈക്കോളജി പരീക്ഷയുടെ ഒരുകെട്ട് ഉത്തരക്കടലാസുകൾ പരീക്ഷാഭവനിൽ പാഴ്‌വസ്തുക്കൾക്ക് ഇടയിൽ കണ്ടെത്തുകയായിരുന്നു. മനഃപൂർവം ആരോ ഉത്തരക്കടലാസുകൾ ഒളിപ്പിച്ചെന്നാണ് കാലിക്കറ്റ് സർവകലാശാലയുടെ വാദം. മലപ്പുറം ജില്ലയിലെ ഒരു സ്വാശ്രയ കോളജിലെ വിദ്യാർത്ഥികളുടെ പേപ്പറാണിത്. വീണ്ടെടുത്ത പേപ്പർ കെട്ട് മൂല്യനിർണയത്തിനായി മാറ്റിയിട്ടുണ്ട്. ഈ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിലേക്ക് അയച്ചതായി കോളേജ് അധികൃതർ പറയുന്നുണ്ടെങ്കിലും പരീക്ഷാ ഭവനിൽ കൈപ്പറ്റിയതായി രേഖയില്ല. ഇതുകൊണ്ട് തന്നെ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കൽ എളുപ്പമല്ല.

തല തിരിഞ്ഞ തീരുമാനം

പ്രവേശനം നേടുന്ന വിദ്യാർത്ഥികളെ പല കാര്യങ്ങൾക്കും ഓടിപ്പിക്കുക സർവകലാശാല അധികൃതരുടെ ഹോബിയാണ്. ഇത്തവണ പ്രവേശനത്തിന് മുമ്പെ തന്നെ ഓടിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. സർക്കാർ നിർദ്ദേശപ്രകാരം മറ്റ് സർവകലാശാലകൾ ബിരുദ സീറ്റുകളുടെ എണ്ണം കൂട്ടുമ്പോൾ ഉള്ളത് തന്നെ കുറയ്ക്കാനാണ് കാലിക്കറ്റ് സർവകലാശാല അധികൃതരുടെ നീക്കം. കാലിക്കറ്റ് സർവകലാശാലയിലെ വിവിധ ആർട്സ് ആന്റ് സയൻസ് കോളേജുകളിലായി ഏതാണ്ട് ഒരു ലക്ഷം സീറ്റാണുള്ളത്. ഏകജാലക ഓൺലൈൻ വഴി ഇതിനകം തന്നെ ഒരുലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാന ഘട്ടത്തിൽ അപേക്ഷകർ 1.35 ലക്ഷമായി ഉയർന്നിരുന്നു. 1.10 ലക്ഷം സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ വിവിധ കോളേജുകളിലായി 40,000 സീറ്റുകളിൽ കുട്ടികൾ പ്രവേശനം നേടിയിരുന്നില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പഠന നിലവാരവും ഭൗതിക സാഹചര്യങ്ങളും കുറഞ്ഞ സ്വാശ്രയ കോളേജുകളിൽ വേണ്ടത്ര വിദ്യാർത്ഥികൾ ചേർന്നില്ലെന്നതാണ് യാഥാർത്ഥ്യം. അതേസമയം സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിദുര സീറ്റിന് കടുത്ത മത്സരമായിരുന്നു. ഇത് ഇത്തവണയും ആവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANSWER SHEETS MISSING FROM CALICUT UNIVERSITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.