SignIn
Kerala Kaumudi Online
Saturday, 20 April 2024 2.52 AM IST

എതിർസ്വരങ്ങളെ അടിച്ചമർത്തുമ്പോൾ, ഇന്നിന്റെ കഥപറയുന്ന 19 (1) (a); റിവ്യൂ

movie

പേരിനോട് ചേർന്നുനിൽക്കുന്ന, ആഴത്തിലുളള സന്ദേശങ്ങൾ അടങ്ങിയ ഒരു കൊച്ചു ചിത്രം. ഇന്ദു വി എസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 19 (1) (a) യെ അത്തരത്തിൽ വിശേഷിപ്പിക്കാം. തുടക്കത്തിൽ തന്നെ പറയട്ടെ, എല്ലാവരുടെയും മനസ് കീഴടക്കുന്ന തരത്തിലെ ചിത്രമല്ല ഇത്. എന്നാൽ പ്രേക്ഷകനെ ബോറടിപ്പിക്കാതെ ചിത്രം പിടിച്ചിരുത്തും. ഓരോ പൗരനും അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19 (1) (a) ആണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. ഒരിടവേളയ്ക്ക് ശേഷം നിത്യ മേനൻ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം, വിജയ് സേതുപതിയുടെ രണ്ടാം മലയാള ചിത്രം എന്നിങ്ങനെ പ്രത്യേകതകൾ കൂടിയുണ്ട് 19 (1) (a)ക്ക്.

വലിയ ട്വിസ്റ്റുകളും അനേകം കഥാസന്ദർഭങ്ങളും ഇല്ലാതെ ഒരൊറ്റ അച്ചുതണ്ടിന് ചുറ്റും കറങ്ങുന്ന ചിത്രമാണിത്. ഒരു കൊലപാതകവും അത് ബാധിക്കുന്ന കുറച്ച് ജീവിതങ്ങളും. എന്നാൽ ഇതിനോടൊപ്പം തന്നെ കഥയ്ക്കുള്ളിലെ മറ്റൊരു കഥ പോലെ മറ്റ് ജീവീതസാഹചര്യങ്ങളും മാനുഷിക വികാരങ്ങളും കടന്നുപോകുന്നു. ഗ്രാമീണ പശ്ചാലത്തിൽ ഒരുക്കിയ ചിത്രമാണ് 19 (1) (a). സാധാരണ മനുഷ്യജീവിതങ്ങളാണ് സിനിമയിൽ കാണാൻ കൂടുതലായും സാധിക്കുന്നത്.

movie

ഒരു വിപ്ലവ എഴുത്തുകാരന്റെ പ്രസിദ്ധീകരിക്കാത്ത നോവലിന്റെ കയ്യെഴുത്തുപ്രതി കയ്യിൽ അകപ്പെട്ടുപോകുമ്പോൾ ഒരു പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്നതാണ് ചിത്രത്തിന്റെ കാതൽ. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിനെ നയിക്കുന്നത്. ഗൗരി ശങ്കർ എന്ന എഴുത്തുകാരനായി വിജയ് സേതുപതി മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനായിരുന്നു ഗൗരി. കഥാപാത്രം ആവശ്യപ്പെടുന്നത് നൽകാൻ ചിത്രത്തിൽ താരത്തിന് സാധിച്ചു.

ചിത്രത്തിൽ പേരില്ലാത്ത കഥാപാത്രമാണ് നിത്യ മേനൻ. പേര് ഇല്ലെങ്കിലും ഈ കഥാപാത്രത്തിന്റെ ജീവിതവുമായി ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഭാര്യയുടെ മരണത്തിന്റെ കുറ്റബോധവുമായി ജീവിക്കുന്ന പിതാവും പിതാവിനോട് അടുപ്പമില്ലാത്ത മകളുമായി നിത്യയും ശ്രീകാന്ത് മുരളിയും ചിത്രത്തിൽ നല്ല പ്രകടനം കാഴ്ചവച്ചു. കുടുംബത്തിന്റെ ഭാരം ഏറ്റെടുത്ത മകൾ. വെറുതേ ജീവിതം ജീവിച്ചു തീർക്കുന്ന പിതാവ്. അച്ഛൻ- മകൾ ബന്ധവും മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും എല്ലാം ചിത്രത്തിന്റെ പ്രധാന പ്രമേയത്തോടൊപ്പം പ്രേക്ഷകരിലേക്ക് എത്തുന്നു.

movie

എതിർക്കാനാകാതെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വിവാഹം കഴിക്കേണ്ടി വരുന്ന നിത്യയുടെ സുഹൃത്തായ ഫാത്തിമയെന്ന കഥാപാത്രവും സമൂഹത്തിന്റെ പ്രതിഫലനമാണ്. എതിർത്തിട്ടും ഫലമുണ്ടാകില്ലെന്ന് മനസിലാക്കി ഒരു തവണ പോലും അതിന് മുതിരാത്ത മനുഷ്യരുടെ പ്രതിനിധിയാണ് ഫാത്തിമ. അതുല്യ അശദം ആണ് ഫാത്തിമയെ അവതരിപ്പിച്ചത്. ഇത്തരത്തിൽ ഒരു സിനിമക്കുള്ളിൽ തന്നെ പലവിധ ജീവിതസാഹചര്യങ്ങളാണ് കടന്നുപോകുന്നത്. നിസഹായരായ കുറേ മനുഷ്യരുടെ ഒഴുക്കിനൊത്തുള്ള ജീവിതം. ഇത്തരത്തിൽ ഒഴുക്കിനൊത്ത് തന്റെ കൊച്ചുജീവിതം നയിക്കുകയായിരുന്ന നിത്യയുടെ കഥാപാത്രത്തിന്റെ ജീവിതം ഒരു കൊലപാതകത്തിന് പിന്നാലെ മാറ്റിയെഴുതപ്പെടുന്നു. നിത്യ ഇന്ത്യയിലെ അനേകം പെൺകുട്ടികളുടെ പ്രതിനിധിയായതുകൊണ്ടാകാം ചിത്രത്തിൽ പേര് ഇല്ലാത്തതും.

movie

രാജ്യത്തെ കറുത്ത ശക്തികൾക്കെതിരെ എഴുത്തിലൂടെ നിർഭയനായി പൊരുതുന്ന കഥാകൃത്തിന്റെ സുഹൃത്തായി ഒരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്ത് എത്തുന്നു. പോര് നിർത്തി സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ ഉപദേശിക്കുന്ന മനുഷ്യർക്ക് ഉദാഹരണമാണ് ഇന്ദ്രജിത്തിന്റെ ആനന്ദ്. ഇന്ദ്രൻസ്, ഭഗത് മാനുവൽ, ദീപക് പരമ്പോൾ, ശ്രീലക്ഷ്മി, ആര്യ സലിം, ഡിനോയ് പൗലോസ്, മനോ ജോസഫ്, അഭിഷേക്, ദിവ്യ ഗോപിനാഥ്, രാജീവ് രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം മുന്നോട്ട് വയ്ക്കുന്ന സന്ദേശങ്ങൾ പോലെ സങ്കീർണതയും സമ്മിശ്ര വികാരങ്ങളും നിറഞ്ഞതാണ് 19 (1) (a)യുടെ സംഗീതവും ഫ്രെയിമുകളും. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിൽ എത്തിക്കുന്നതിൽ സംഗീതം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചിത്രത്തിൽ കൂടുതലും ഇരുട്ട് നിറഞ്ഞ സീനുകളും ഫ്രെയിമുകളുമാണുള്ളത്. എഴുത്തുകാരന്റെ അവസാന പുസ്തകമായ "കറുപ്പിന്റെ' അടയാളപ്പെടുത്തലുകൾ ചിത്രത്തിലുടനീളമുണ്ട്. ഇരുണ്ട ഫ്രെയിമുകളും പതിഞ്ഞ സംഗീതവും സിനിമയെ കൂടുതൽ ആഴം നിറഞ്ഞതാക്കുന്നു.

2017ൽ വെടിയേറ്റ് കൊല്ലപ്പെട്ട എഴുത്തുകാരിയും മാദ്ധ്യമപ്രവ‌ർത്തകയുമായി ഗൗരി ലങ്കേഷിനെ 19 (1) (a)ൽ അടയാളപ്പടുത്തിയിരിക്കുന്നതായി ചിലർക്കെങ്കിലും തോന്നാം. തീവ്രഹിന്ദുത്വത്തിനെതിരെ ശബ്ദമുയർത്തിയവരിൽ പ്രമുഖയായിരുന്നു ഗൗരി ലങ്കേഷ്. 2015ൽ കൊല്ലപ്പെട്ട കന്നഡ എഴുത്തുകാരൻ എം എം കൽബുർഗിയെയും സിനിമ ഓർമ്മിപ്പിക്കുന്നു. എഴുത്തിലൂടെ വിപ്ളവം സൃഷ്ടിക്കുന്ന, നിർഭയരായ സാമൂഹ്യപ്രവർത്തകരുടെ പ്രതിനിധിയാണ് വിജയ് സേതുപതിയുടെ ഗൗരി ശങ്കർ എന്ന കഥാപാത്രം.

തന്റെ ആദ്യ ചിത്രം തന്നെ ഇന്ദു വി എസ് വളരെ മികച്ചതാക്കിയിട്ടുണ്ട്. ആന്റോ ജോസഫ്, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മനോജ് ആണ് എഡിറ്റിംഗ്. ചിത്രത്തിന്റെ ടൈറ്റിലിൽ സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ള്യു സി സിയ്ക്ക് നന്ദി അറിയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 19(1)(A), MOVIE, REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.