SignIn
Kerala Kaumudi Online
Thursday, 25 April 2024 6.22 AM IST

അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്: തിരുനടയിലെ കെടാവിളക്കായ ആചാര്യൻ

swmi

ജാതിയും ജാതിവിവേചനങ്ങളും കത്തിനിന്നകാലത്ത് അബ്രാഹ്മണ ജനസമൂഹത്തെ ശ്രീകോവിലുകൾക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂർവം ആനയിച്ച് കയറ്റിയിരുത്തിയ ആളുടെ പേരാണ് അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തിൽ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളിൽ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്റെ ജ്ഞാനം ജാതിഭേദമെന്യേ പകർന്നു നൽകാൻ ഒരു പിശുക്കും കാട്ടിയില്ല. താന്ത്രികവൃത്തിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി. അഴകത്തിന്റെ ശരീരത്തിൽ തുടിക്കുന്ന വൃക്ക പോലും പട്ടികജാതിക്കാരിയായ കൊല്ലം സ്വദേശി അജിഷമോളുടേതാണ്.

കേരളത്തിലെ ആദ്ധ്യാത്മിക നവോത്ഥാന ചരിത്രം അഴകത്ത് ഇല്ലാതെ പൂർണമാകില്ല. താന്ത്രി​ക, ക്ഷേത്രാരാധനാ കർമ്മങ്ങൾ ബ്രാഹ്മണരി​ൽ മാത്രം നി​ക്ഷി​പ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി​.മാധവന്റെ പ്രി​യ ശി​ഷ്യനാണ് ​തന്ത്രരത്നം അഴകത്ത് ശാസ്തൃശർമ്മൻ. യഥാസ്ഥി​തി​കരുടെ ശക്തമായ എതി​ർപ്പും ബഹി​ഷ്കരണങ്ങളും അവഗണി​ച്ച് തന്റെ ദൗത്യത്തിൽ ഉറച്ചു നി​ന്നു അദ്ദേഹം. അഴകത്തിന്റെ ആത്മാർത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരിൽ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങൾ പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. തന്ത്രവിധികൾ അബ്രാഹ്മണരെ പഠിപ്പിക്കാൻ വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രത്യേക ശിബിരങ്ങളിൽ ആചാര്യനാകാൻ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തി​ന്.

ബ്രാഹ്മണ്യം കർമ്മസി​ദ്ധമെന്ന പ്രഖ്യാപനം നടത്തി​യ പാലി​യം വി​ളംബരത്തി​ന് മുന്നേ തന്നെ അഴകത്ത് ഈ പാതയിലായിരുന്നു. സ്വന്തം ദീക്ഷാഗുരുവായ പി.മാധവൻ തന്നെയായിരുന്നു വഴികാട്ടി. പാലിയം വിളംബരത്തെ തുടർന്ന് അബ്രാഹ്മണരെ പൂജാവി​ധി​കൾ പഠി​പ്പി​ക്കാനായി​ ആലുവ അദ്വൈതാശ്രമത്തി​ൽ കാഞ്ചി​ ശങ്കരാചാര്യരുടെയും പി.മാധവന്റെയും നേതൃത്വത്തി​ൽ സംഘടി​പ്പി​ച്ച പഠനശി​ബി​രത്തി​ലും തുടർന്ന് വർക്കല ശി​വഗി​രി​ മഠത്തി​ലും കോഴി​ക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തി​ലും നടന്ന ശി​ബി​രങ്ങളി​ലും ആചാര്യസ്ഥാനം വഹിച്ചു.
ഭേദചിന്തകളൊന്നുമില്ലാതെ ക്ഷേത്ര നവീകരണ യജ്ഞങ്ങൾക്കൊപ്പമായി​രുന്നു നിസ്വാർത്ഥമായ ജീവി​തം. ക്ഷേത്രങ്ങളി​ൽ നി​ന്ന് ക്ഷേത്രങ്ങളി​ലേക്കുള്ള നി​രന്തര സഞ്ചാരം. പതിറ്റാണ്ടുകളോളം അഴകത്തി​ന്റെ ഡയറിയിൽ ഒരു പ്രതിഷ്ഠാ മുഹൂർത്തവും ഒഴിഞ്ഞു കിടന്നില്ല. കേരളത്തിന് അകത്തും പുറത്തും നൂറു കണക്കിന് ക്ഷേത്രങ്ങളാണ് ആ മഹായജ്ഞത്തിൽ ഉയർന്നുവന്നത്. നാനൂറോളം ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനമുള്ള അപൂർവം ആചാര്യന്മാരിൽ ഒരാൾ കൂടി​യാണ് അദ്ദേഹം. തന്ത്രവിദ്യാപീഠത്തിൽ വിദ്യാർത്ഥി ആയിരിക്കെ വയനാട് കാണിയാംപാറ്റയിൽ ഉള്ള അയ്യപ്പ ക്ഷേത്രത്തിന്റെ നവീകരണം നടത്തിയാണ് തുടക്കം.
1988ൽ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകൽപ്പന ചെയ്തതും കൊടുങ്ങല്ലൂരിൽ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകൾ നിർവഹിച്ചതും അഴകത്തായി​രുന്നു.പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിർ, മുംബൈയിൽ താനേ വർക്കത്ത്നഗർ അയ്യപ്പ ക്ഷേത്രം, നേരുൾ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വർ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിർ, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്ളൂരിലെ അൾസൂർ അയ്യപ്പ ക്ഷേത്രം, അങ്ങിനെ നിരവധി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നിർവഹിച്ചു.

പാലക്കാട് പട്ടാമ്പി കോഴിക്കാട്ടിരി അഴകത്ത് മനയിൽ അഷ്ടമൂർത്തി നമ്പൂ‌തിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിനെയും ഏഴ് മക്കളിൽ നാലാമത്തെ ആളായി 1950ലാണ് അഴകത്തിന്റെ ജനനം. പി.മാധവനായിരുന്നു ചെറുപ്പത്തിലേ മാർഗദർശി. തന്ത്രവിദ്യയിൽ അഗാധപാണ്ഡിത്യമുള്ള കല്പുഴദിവാകരൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യനുമായി.

1972ൽ ആലുവ തന്ത്രവിദ്യാ പീഠത്തിലെ ആദ്യവിദ്യാർത്ഥികളിൽ ഒരാളായി. അവിടെത്തന്നെ അദ്ധ്യാപകനും പിന്നീട് കുലപതിയും. പീഠത്തിന്റെ അദ്ധ്യക്ഷനാണ്. നളിനിയാണ് ഭാര്യ. മകൾ: രമാദേവി. മരുമകൻ: മിഥുൻ പടിഞ്ഞാറേപ്പാട്.


ശിഷ്യരാണ് എല്ലാം

കേരളത്തിലും പുറത്തുമായുള്ള നൂറുകണക്കിന് ശിഷ്യസമ്പത്താണ് അഴകത്തി​ന്റെ കരുത്ത്. ഗുരുവിന്റെ എന്താവശ്യത്തിലും വിളിപ്പുറത്തുണ്ട് ശിഷ്യർ. പത്ത് വർഷം മുമ്പ് വൃക്കരോഗത്തെ തുടർന്ന് അഴകത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായപ്പോൾ പ്രിയശിഷ്യൻ ആലുവ കടുങ്ങല്ലൂരിലെ സൗമിത്രൻ തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യത്നത്തിനൊടുവിലാണ് കൊല്ലം സ്വദേശി അജിഷമോൾ വൃക്കദാനത്തിന് സന്നദ്ധയായി സ്വമേധയാ മുന്നോട്ടുവന്നത്. പ്രിയ ശിഷ്യരുണ്ടായിരുന്നില്ലെങ്കിൽ ഇന്ന് താനുണ്ടാവില്ലെന്ന് അഴകത്ത് സദാപ്രസന്നമായ മുഖഭാവത്തോടെ പറയും.കക്ഷിരാഷ്ട്രീയ ഭേദമെന്യേ, സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും അല്ലാത്തവരുമായവരുടെ വിപുലമായ സൗഹൃദവലയത്തിൽ നടൻ മോഹൻലാൽ ഉൾപ്പടെയുള്ളവരുണ്ട്. പ്രിയപ്പെട്ടവർക്കിടയിൽ അപ്പുവേട്ടനാണ് അഴകത്ത് ശാസ്തൃശർമ്മൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AKAMARIVU, TEMPLE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.