SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.52 PM IST

രാമായണത്തിലെ കർമ്മഫലങ്ങൾ

ramayanam

മനുഷ്യജീവിതത്തിലെ നിയാമകമായ സത്യമെന്നപോലെ കർമ്മഫലങ്ങളുടെ തിര തള്ളലാണ് രാമായണത്തിലുടനീളം കാണുന്നത്. കാട്ടാളനായ രത്നാകരനിൽ നിന്നും മഹർഷിയായ വാത്മീകിയായി പരിണമിച്ചതിലൂടെ അഹന്തയെ എളിമയാക്കുന്ന ' രാമായണം' വാത്മീകിതന്നെ സ്വാനുഭവത്തിലൂടെ കാട്ടിത്തരുന്നു;
വാത്മീകി പൂർവജന്മകൃതമെന്നോണം മാതാപിതാക്കന്മാരാൽ പരിത്യക്തനായി. ബാലനായ രത്നാകരനെ കള്ളന്മാർ തട്ടിക്കൊണ്ടുപോയി വളർത്തി. കർമ്മഫലമെന്നു പറയട്ടെ അക്രമസ്വഭാവങ്ങളെ, കണ്ടും പരിചയിച്ചും കാട്ടാളനാ യിമാറി, ആ ബാലൻ. കാട്ടാളന്റെ സഹജമായ അക്രമവാസനയാൽ മുനിവരന്മാരോട് ആക്രമണോൽസുകനായിച്ചെന്ന രത്നാകരനെ നോക്കി 'നിന്റെ കുടും
ബത്തിനുവേണ്ടി നീ ചെയ്യുന്ന ഹീനകൃത്യങ്ങളുടെ ഫലം അവർകൂടി പകുത്തു വാങ്ങുമോ ?'എന്നന്വേഷിച്ചുവരാൻ മുനിമാർ പറഞ്ഞു. താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ'' എന്നറിഞ്ഞതോടു കൂടിയാണ് രാമായണത്തിലെ കർമ്മഫലങ്ങളുടെ തുടക്കം. ബാലിയുടെ കൽപ്പിതവും കർമ്മഫലവും മറ്റൊന്നാണ്. മയന്റെ പുത്രനായ മായാവിയുമായുള്ള യുദ്ധമദ്ധ്യേ അസുരനെ വധിയ്ക്കാൻ ബാലി, ഗുഹാഗഹ്വരത്തിൽ കടക്കുകയും അസുരനെ വധിച്ച് പുറത്തുവരാൻ വൈകിയതിലൂടെ ഗത്യന്തരമില്ലാതെ രാജ്യാധികാരമേറ്റ സുഗ്രീവനെ ശത്രുവായിക്കണ്ട് നിഗ്രഹിക്കാൻ പുറപ്പെടുന്നതും ശ്രീരാമനാൽ വധിയ്ക്കപ്പെടുന്നതും ബാലിയുടെ കർമ്മഫലമാണ്.

രാമനെത്തന്നെ ചിന്തിച്ച് തപധ്യാന ചിത്തനായിരിക്കുന്ന മാരീചന്റെയടുത്ത് ചെന്ന് രാവണൻ, തനിയ്ക്ക് സീതയെ അപഹരിക്കാൻ
വഴിയൊരുക്കുന്നതിന് രാമലക്ഷ്മണന്മാരെ ദൂരെയകറ്റുന്നതിന്, ഹേമവർണ്ണം പൂണ്ട മാനായിച്ചെന്ന് സീതയെ മോഹിതയാക്കുവാൻ പറയുമ്പോൾ, രാവണനോടുള്ള എല്ലാ ഉപദേശങ്ങളും വൃഥാവിലെന്നു കണ്ട് ഒടുവിൽ മാനായിച്ചെന്ന് രാഘവശരമേറ്റു വീഴുന്നതും കർമ്മഫലമല്ലാതെ മറ്റെന്ത്! മാരീചോപദേശത്തിനു മറുപടിയായി, തന്നെ വധിയ്ക്കാൻ സത്യസങ്കൽപ്പനായ ഭഗവാൻ നേരത്തേതന്നെ നിശ്ചയിച്ചുറച്ചതാണെന്നും അതിനെ അതിജീവിയ്ക്കാൻ ആർക്കും
സാദ്ധ്യമല്ലെന്നും പറയുന്ന ദശമുഖൻ മറ്റൊരു സന്ദർഭത്തിൽ, ശ്രീരാമചന്ദ്രനെ ചെന്ന് വണങ്ങിയാൽ ആശ്രിതവത്സലനായ അദ്ദേഹം, തന്നെ ഹൃദയപൂർവം സ്വീകരിച്ച് അനുഗ്രഹിയ്ക്കുമെന്നും എന്നാൽ ഭഗവാന്റെ കൈകളാൽ വധിയ്ക്കപ്പെട്ടാൽ തൽക്ഷണം മോക്ഷം പ്രാപിയ്ക്കാമെന്നു ചിന്തിയ്ക്കുകയും അങ്ങനെതന്നെ സംഭവിയ്ക്കുന്നതും, കർമ്മഫലം തന്നെ .
കർമ്മഗുണഗണഫലങ്ങൾ എങ്ങനെ ജീവിതഗതിയിൽ ബന്ധിയ്ക്കപ്പെടുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. ഉൽകൃഷ്ടമായ ചിന്താശക്തിയുടെ നേട്ടവും, നികൃഷ്ടമായ ചിന്താഗതിയുടെ കോട്ടവും രാമന്റെ അയനത്തിൽ നിഷ്‌കൃഷ്ടമായിത്തന്നെ കാണാം. ഭാരതീയതയുടെ പരിപുഷ്ടമായ നിലനിൽപ്പിന് ഏകതയു
ടെയും ചാരുതയുടെയും നൈതികതയുടെയും കഥമൊഴിയുന്ന രാമായണത്തെ, ആർക്കാണ് അഹമഹമികയാ സമാശ്ലേഷിയ്ക്കുവാൻ കഴിയാത്തത് !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.