SignIn
Kerala Kaumudi Online
Thursday, 25 April 2024 8.52 PM IST

രാഷ്ട്രപത്നി പ്രയോഗം രാഷ്ട്രനിന്ദ, ആദിവാസി അധിക്ഷേപം

murmu

ഭാരതത്തിന്റെ ആദരണീയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പ്രമുഖ രാഷ്ട്രീയ നേതാവായ അധീർ രഞ്ജൻ ചൗധരി രാഷ്ട്രപത്നിയെന്ന് വിളിച്ചത് തികച്ചും അപലപനീയവും രാഷ്ട്രനിന്ദയുമായി മാത്രമേ കാണാൻ കഴിയൂ. രാഷ്ട്രപതി എന്ന ഭരണഘടനാസ്ഥാനം അറിയാത്ത ഒരു വ്യക്തിയാണ് ഇന്ത്യൻ പാർലമെന്റിൽ അംഗമായിരിക്കുന്നത് എന്നത് അചിന്തനീയമാണ്. ലോകമാകമാനമുള്ള 135 കോടി ഇന്ത്യൻ പൗരന്മാരടങ്ങിയ ഇന്ത്യാ മഹാരാജ്യത്തിന്റെ പരമാധികാരിയെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് അറിയാത്ത വ്യക്തിയാണ് അധീർ രഞ്ജൻ ചൗധരി എന്ന് കരുതാൻ കഴിയില്ല.

ഒഡീഷയിലെ അറിയപ്പെടാത്ത ഗോത്രവർഗ പ്രദേശത്ത് മുളകൊണ്ട് നിർമ്മിക്കപ്പെട്ട കുടിലിൽ ജനിച്ച ദരിദ്ര ആദിവാസി പെൺകുട്ടി വാർഡ് കൗൺസിലർ, നിയമസഭാംഗം, സംസ്ഥാന മന്ത്റി, ഗവർണ്ണർ എന്നീ നിലകളിൽ പടിപടിയായി ഉയർന്ന് ഇന്ത്യയിലെ പരമോന്നത പദവിയിലെത്തിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും
മതനിരപേക്ഷതയുടേയും ശക്തിയാണെന്ന് ഇന്ത്യൻ ജനതയാകെ ഉദ്‌ഘോഷിക്കുകയാണ്. ആറ് വർഷത്തിനിടയിൽ ഭർത്താവിന്റെയും, രണ്ട് ആൺമക്കളുടേയും അമ്മയുടേയും സഹോദരന്റെയും ദേഹവിയോഗത്തിൽ തളരാതെ ആത്മശക്തിയിലും ആത്മീയ ശക്തിയിലും മുറുകെപിടിച്ച് ഉയിർത്തെഴുന്നേ​റ്റ ധീരവനിതയാണ് ദ്രൗപദി മുർമു.

രാഷ്ട്രപതിസ്ഥാനം വ്യക്തിപരമായ നേട്ടമല്ലെന്നും പിന്നാക്കക്കാരും, ഗിരിവർഗക്കാരും, അധ:സ്ഥിതരും ഉൾപ്പെട്ട ഇന്ത്യയിലെ ദരിദ്രരുടെ പ്രതിനിധിയാണ് താനെന്നും ഇന്ത്യൻ വനിതകൾക്കും പെൺമക്കൾക്കും സ്വപ്നംകാണാനുള്ള ധൈര്യം പകർന്നു നൽകുന്നതാണ് തന്റെ സ്ഥാനലബ്ധിയെന്നും ദ്രൗപദി മുർമു, സത്യപ്രതിജ്ഞക്കുശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. വർണവ്യത്യാസം മറന്ന് ഇന്ത്യാക്കാരെല്ലാം ഒന്നാണെന്ന പുരോഗമന ആശയം പ്രവൃത്തി പഥത്തിലെത്തിക്കാൻ ദ്രൗപദി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനാരോഹണത്തിലൂടെ കഴിഞ്ഞു.

അസമത്വം ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ചൗധരിക്ക് പതി​റ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവർത്തനത്തിനു ശേഷവും സവർണ്ണനും അവർണ്ണനും ആദിവാസിയും ഒന്നാണെന്നും അവരെ ഉച്ച-നീച അടിസ്ഥാനത്തിൽ കാണുന്നത് ഭരണഘടനാ വിരുദ്ധമാണെന്നതും മനസ്സിലായിട്ടില്ല എന്നത് ഖേദകരമാണ്. ചിലർ പതി​റ്റാണ്ടുകളായി മനസ്സിൽ താലോലിച്ചുകൊണ്ടു നടക്കുന്ന ഉച്ചനീചത്വ മനോഭാവം, സമഭാവനാ വിരുദ്ധത എന്നിവ ചില സന്ദർഭങ്ങളിൽ എത്ര മൂടിവച്ചാലും പുറത്തു വരുന്നത് സ്വാഭാവികമാണ്. അഭിവന്ദ്യയായ രാഷ്ട്രപതി ദ്രൗപദി മുർമു ഒരു ആദിവാസി വനിതയല്ലായിരുന്നെങ്കിൽ അധീർ രഞ്ജൻ ചൗധരി രാഷ്ട്രപത്നി എന്നു പറഞ്ഞ് അപമാനിക്കുമായിരുന്നോ? ഈ മഹാൻ രാഷ്ട്രപതി എന്ന വാക്ക് മറക്കുമായിരുന്നോ? ആദിവാസി-അധസ്ഥിത വിരുദ്ധ, അയിത്താചാര മനോഭാവവും, ആദിവാസി ഗോത്രവർഗ്ഗ അധിക്ഷേപവുമാണിത്.

ഈ സാഹചര്യത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരം നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ദേശീയ പട്ടികവർഗ കമ്മിഷന് ആലോചിക്കാവുന്നതാണ്. കൂടാതെ, അധീർ രഞ്ജൻ ചൗധരി എന്ന രാഷ്ട്രീയ നേതാവിന് ആത്മാർത്ഥമായ പശ്ചാത്താപമുണ്ടെങ്കിൽ പാർലമെന്റ് വളപ്പിലെ ഡോ. ബി. ആർ. അംബേദ്‌കറുടെ പ്രതിമയ്ക്കു മുന്നിൽ ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിച്ച് ഇന്ത്യൻ ജനതയോട് മാപ്പ് അപേക്ഷിക്കാവുന്നതാണ്.

( സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാനാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RASHTRAPATHI, DRAUPATHI MURMU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.