SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.03 AM IST

ജാഗ്രതക്കുറവിനു നൽകേണ്ടിവന്ന വില

photo

യു.എ.ഇയിൽ നിന്ന് തൃശൂരിലെത്തിയ ഇരുപത്തിരണ്ടുകാരന്റെ മരണം മങ്കിപോക്സ് കാരണമാണെന്ന പരിശോധനാ ഫലം രാജ്യത്തിനു പൊതുവേയും കേരളത്തിനു പ്രത്യേകിച്ചും പുതിയൊരു ആരോഗ്യ ഭീഷണി ഉയർത്തിയിരിക്കുകയാണ്. ലോകം ഭയപ്പാടോടെ കാണുന്ന ഈ രോഗം മറ്റു പകർച്ചവ്യാധികളെ അപേക്ഷിച്ച് അത്രയൊന്നും മാരകമല്ലെന്നാണു വിദഗ്ദ്ധർ പറയുന്നത്. എങ്കിൽപ്പോലും ഭയക്കേണ്ടതായ കാര്യങ്ങൾ ഉണ്ടുതാനും. രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം കേരളത്തിലാണുണ്ടായത് എന്നത് നമ്മുടെ വീഴ്ചയായി കരുതാനാവില്ല. കാരണം യു.എ.ഇയിൽ നിന്ന് തൃശൂരിലേക്ക് തിരിക്കും മുമ്പേതന്നെ യുവാവിന് രോഗം സ്ഥിരീകരിച്ചിരുന്നു എന്നാണു വിവരം. നാട്ടിലെത്തിയ യുവാവ് രോഗത്തിന്റെ തീവ്രസ്വഭാവം മനസിലാക്കിയിരുന്നില്ലെന്നു വേണം കരുതാൻ. കാരണം അയാൾ കൂട്ടുകാരുമായും വീട്ടുകാരുമായും പരിചയക്കാരുമായുമൊക്കെ സ്വതന്ത്ര‌മായി ഇടപഴകിക്കൊണ്ടിരുന്നു. രോഗം കലശലായ ഘട്ടത്തിലാണ് ജൂലായ് 27ന് ആശുപത്രിയിൽ എത്തുന്നത്. രോഗം മൂർച്ഛിച്ച് മുപ്പതാം തീയതി മരിക്കുകയും ചെയ്തു. തുടർന്ന് രോഗസ്ഥിരീകരണത്തിനായി സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചു. യുവാവിന് മങ്കിപോക്സ് രോഗമായിരുന്നുവെന്ന് പരിശോധനയിൽ തെളിയുകയും ചെയ്തു. യുവാവുമായി അടുത്ത് ഇടപഴകിയ വീട്ടുകാർ ഉൾപ്പെടെ 22 പേരും ബന്ധം പുലർത്തിയ മറ്റുള്ളവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണിപ്പോൾ. ഇതുവരെയും ആർക്കും രോഗം പകർന്നിട്ടുള്ളതായി സൂചനയൊന്നുമില്ല.

ലോകത്ത് എവിടെ ഇതുപോലുള്ള പകർച്ചവ്യാധിയുണ്ടായാലും നമ്മുടെ സംസ്ഥാനം അതീവ ജാഗ്രത പാലിക്കണമെന്നു പറയാറുള്ളത് ലക്ഷക്കണക്കിന് മലയാളികൾ ലോകത്ത് എവിടെയും കാണുമെന്നുള്ളതിനാലാണ്. തൊഴിലിനും ബിസിനസ് ആവശ്യങ്ങൾക്കും പഠനത്തിനും ലോകസഞ്ചാരത്തിനും മറ്റുമായി വളരെയധികം മലയാളികൾ നിരന്തരം യാത്രചെയ്യുന്നവരാണ്. പകർച്ചവ്യാധികൾ എളുപ്പം പടരാനുള്ള സാദ്ധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്. തൃശൂരിലെ യുവാവ് യു.എ.ഇയിൽ വച്ചു നടത്തിയ പരിശോധനയുടെ ഫലം സംസ്ഥാനത്ത് മടങ്ങിയെത്തിയ ഉടനെ അധികൃതരെ അറിയിച്ചിരുന്നെങ്കിൽ തീർച്ചയായും ഉചിത നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കുമായിരുന്നു. രോഗവിവരം മറച്ചുവച്ചതിലൂടെ ഗുരുതരമായ തെറ്റാണു സമൂഹത്തോടും തന്നോടു തന്നെയും ഈ യുവാവ് കാണിച്ചത്. കൊവിഡ് കാലത്ത്
വിമാനത്താവളങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ കർക്കശമായ പരിശോധനാ സംവിധാനങ്ങളാണ്
ഒരു പരിധി വരെ രോഗപ്പകർച്ച തടഞ്ഞതെന്നു പറയാം. കൊവിഡ് ഭീഷണി ഒഴിഞ്ഞതോടെ ഇപ്പോൾ അത്തരം പരിശോധനകളൊന്നും രാജ്യത്ത് എവിടെയുമില്ല. പുതുതായി മങ്കിപോക്സ് ഭീഷണി പൊട്ടിപ്പുറപ്പെട്ടപ്പോൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും വിമാനത്താവളങ്ങളിൽ പ്രത്യേക സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. രോഗമുണ്ടെന്നു നേരിയ സംശയമെങ്കിലുമുള്ളവർ കഴിവതും യാത്ര ഒഴിവാക്കുകയാണു വേണ്ടത്. അഥവാ യാത്ര അനിവാര്യമാണെങ്കിൽത്തന്നെ വന്നിറങ്ങിയാലുടനെ നേരെ ആശുപത്രിയിൽ അഡ്‌മിറ്റാകാനുള്ള വിവേകമെങ്കിലും കാണിക്കണം. സമൂഹത്തോടു കാണിക്കേണ്ട വലിയ ഉത്തരവാദിത്വം തന്നെയാണത്. സമൂഹത്തോടു മാത്രമല്ല സ്വന്തം കുടുംബത്തോടും ബന്ധുമിത്രാദികളോടുമുള്ള ഉത്തരവാദിത്വവുമാണ് ഇത് . ലോകത്തൊട്ടാകെ അറുപതിലധികം രാജ്യങ്ങളിൽ ഇപ്പോൾ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പിടിപെട്ടാലും ചികിത്സിച്ചു ഭേദപ്പെടുത്താമെന്നതിനാൽ കൊവിഡ് സൃഷ്ടിച്ച ആരോഗ്യഭീഷണിയൊന്നും മങ്കിപോക്സ് സമ്മാനിക്കുന്നില്ല. മങ്കിപോക്സിന്റെ മരണനിരക്കും ഭീതിപ്പെടുത്തുന്ന തരത്തിലല്ല. മൂന്നു ശതമാനം മുതൽ ആറുശതമാനം വരെയാണെന്നാണ് നിലവിലെ കണക്ക്. എങ്കിലും ഗൗരവം ഒട്ടും തന്നെ കുറച്ചു കാണേണ്ട രോഗമല്ല ഇതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഏതു പകർച്ചവ്യാധിയും ലോകത്തിന് വലിയ ഭീഷണി തന്നെയാണ്. ലക്ഷക്കണക്കിനു മലയാളികൾ പ്രവാസികളായുള്ള മലയാളക്കരയ്ക്ക് ഇത്തരം ആരോഗ്യ അടിയന്തരാവസ്ഥ തീർച്ചയായും വലിയ വെല്ലുവിളി തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONKEYPOX
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.