മലയാള സിനിമയിൽ ജി.എസ്.പണിക്കർ എന്ന സംവിധായകൻ ഒരു ഏകാകിയായിരുന്നു.
ജി.എസ്.പണിക്കരുടെ ഏകാകിനി(1976) സിനിമാനുഭവത്തിൽ വ്യത്യസ്തത പുലർത്തി,പതിവു ശീലങ്ങൾ തെറ്റിച്ച സിനിമ.
അടൂർ, അരവിന്ദൻ ,ജോൺ എബ്രഹാം, കെ.പി.കുമാരൻ, കെ.ജി.ജോർജ് ,കെ.ആർ.മോഹനൻ എന്നിവരിലൂടെ സമ്പന്നമായ സിനിമാ കാലത്താണ് പണിക്കരുടെ ഈ സിനിമയും സംഭവിക്കുന്നത്.
ആ നിരയിലേക്ക് ഒറ്റ ചിത്രത്തിലൂടെ പണിക്കരും ഇടം നേടി.
" നിശബ്ദതയും സഞ്ചാരവുമായിരുന്നു ഈ സിനിമയുടെ ഭാഷ.ഡയലോഗ് ഉണ്ടോ എന്ന് സംശയിപ്പിക്കുന്ന സിനിമ.പ്രണയം ജീവിതത്തിലേക്കെത്തുമ്പോൾ തികട്ടിവരുന്ന വിരസത, ചെടിപ്പ് യാത്രയിലൂടെയും മൗനത്തിലൂടെയുമാണ് സിനിമ വരച്ചുകാണിക്കുന്നത്.
കാട്ടിലൂടെ സഞ്ചാരിക്കുമ്പോൾ അപൂർവ്വവസ്തു പോലെ കയ്യിലെടുത്ത് മുയലിന്റെ കാഷ്ടം എന്ന് നായകൻ പറയുന്നതും അറപ്പോടെ തിരിഞ്ഞ് നില്ക്കുന്ന നായികയും ഓർമ്മയിലുണ്ട്, നായികയുടെ കാല്പനികതയെ തട്ടിത്തെറിപ്പിക്കുന്ന വിരുദ്ധസ്വഭാവ നായകൻ.
എം.ടിയുടെ കറുത്ത ചന്ദ്രൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ സിനിമ.
പക്ഷെ ഈ സിനിമയിൽ എം.ടിതീരെയില്ല, എം .ടി യെ ഒഴിവാക്കിയ ആദ്യത്തെ എം. ടി സിനിമ. വള്ളുവനാടുമില്ല, സവർണ്ണ നൊസ്റ്റാൾജിയയുമില്ലായിരുന്നു .
നായികാ നായകന്മാരെ കൂടാതെ മിന്നിമായുന്ന ഒന്നോ രണ്ടോ കഥാപാത്രങ്ങൾ മാത്രമാണ് ഈ സിനിമയിൽ ഉണ്ടായിരുന്നത്. അനുഗ്രഹീത അഭിനേത്രി ശോഭയും രവി മേനോനുമായിരുന്നു പ്രധാന ഭാഗത്ത്.
സ്വഭാവത്തിൽ രണ്ടറ്റങ്ങളിൽ ജീവിക്കുന്ന ഭാര്യയും ഭർത്താവും.ഒടുവിൽ ആണത്തത്തെ ഉപേക്ഷിച്ചു അവൾ തിരിച്ചു നടക്കുന്നു.ചെറിയ ചെറിയ കാര്യങ്ങളിലൂടെ സഞ്ചരിക്കുന്ന വലിയൊരു സിനിമയാണിത്.വലിയ തിരശ്ശീലയിലെ
ഏകാഗ്രതയായിരുന്നു അത്.സംഗീതം എവിടെയൊകുറച്ചുണ്ട്.
അതുല്യനടി ശോഭയുടെ ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങൾ ഇതിൽ കാണാം,രവി മേനോന്റെയും.
എന്റെ ഇഷ്ടസിനിമകളിൽ ഒന്നാണിത്."-സംവിധായകനായ മണിലാൽ പറഞ്ഞു.
പാണ്ഡവപുരം,പ്രകൃതി മനോഹരി,വാസരശയ്യ ,സഹ്യന്റെ മകൻ,ഭൂതപ്പാണ്ടി എന്നിവയടക്കം ഏഴ് സിനിമകൾ ഈ സംവിധായകന്റെ ക്രെഡിറ്റിലുണ്ട്.
എല്ലാം സ്വയം നിർമ്മിച്ചവ. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2018 ൽ മിഡ് സമ്മർ ഡ്രീംസ് എന്നൊരു ചിത്രം ഒരുക്കാൻ ശ്രമിച്ചിരുന്നു.നടി ശോഭയെ പ്രശസ്തയാക്കിയ ചിത്രമായിരുന്നു ഏകാകിനി.
ശോഭ മരിച്ച ദിവസം പണിക്കർ മദ്രാസിലുണ്ടായിരുന്നു.അന്ന് അവർ കാണണമെന്ന് പറഞ്ഞിരുന്നു.തിരക്കുമൂലം പോകാനായില്ല.താൻ ചെന്നിരുന്നെങ്കിൽ അവർ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് പണിക്കർ എപ്പോഴും വിഷമം പറയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |