SignIn
Kerala Kaumudi Online
Thursday, 11 August 2022 2.28 PM IST

പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന  സബാഷ് ചന്ദ്രബോസ്,​  റിവ്യൂ

sabash-chandra-bose

കേരളത്തിലേക്ക് ടിവി എത്തിത്തുടങ്ങുന്ന എൺപതുകളുടെ കഥയുമായി എത്തുന്ന ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'. പേരിലെ പുതുമയും ചിരിപടർത്തിയ ട്രെയിലറുമെല്ലാം റിലീസിന് മുൻപേ ചിത്രത്തിന്മേലുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചിരുന്നു. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ 'ആളൊരുക്ക'ത്തിന് ശേഷം വി.സി അഭിലാഷ് ഒരുക്കുന്ന 'സബാഷ് ചന്ദ്രബോസിൽ' വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്റണിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

1986ലെ നെടുമങ്ങാട് പശ്ചാത്തലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാട്ടിൽ ചുരുക്കം ചില വീടുകളിൽ മാത്രം ടിവിയുള്ള കാലമായതിനാൽ ഒട്ടുമിക്ക ആളുകളും ഈ ഇടങ്ങളിലെ സ്ഥിരം സന്ദർശകരായിരിക്കും. ഇത്തരത്തിൽ വീട്ടിൽ ടിവിയുള്ള ഒരാളാണ് രതീന്ദ്രൻ നായർ. ഇയാളുടെ അയൽക്കാരനാണ് സുബാഷ് ചന്ദ്രബോസ്. രതീന്ദ്രനായി ജോണി ആന്റണിയും ചന്ദ്രബോസായി വിഷ്‌ണു ഉണ്ണികൃഷ്‌ണനും വേഷമിട്ടിരിക്കുന്നു.

sabash-chandra-bose

ടിവിയെച്ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ചന്ദ്രബോസിന്റെ പ്രണയവുമൊക്കെയാണ് ചിത്രം. സ്‌നേഹ പാലിയേരിയാണ് നായിക. ജാതിയും തൊഴിൽ പ്രശ്‌നങ്ങളും സമരങ്ങളും ചിത്രത്തിൽ വിഷയമാകുന്നുണ്ട്.

ചന്ദ്രബോസിന്റെ പ്രണയവും നാട്ടിലെ രസകരമായ സംഭവങ്ങളുമൊക്കെയായി മുന്നോട്ടുപോകുന്ന ആദ്യപകുതി പ്രേക്ഷകനെ ഒരിടത്തും മുഷിപ്പിക്കുന്നില്ല. സ്വന്തമായി ടിവി വാങ്ങുമെന്ന് നാട്ടുകാരുടെ മുന്നിൽ വെല്ലുവിളി നടത്തുന്ന ചന്ദ്രബോസ് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് രണ്ടാം പകുതി. ഒട്ടുമിക്കയാളുകൾക്കും സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്താവുന്ന ഒട്ടേറെ സന്ദർഭങ്ങൾ ചിത്രത്തിലുണ്ട്.

ഇർഷാദ്, ജാഫർ ഇടുക്കി, സുധി കോപ്പ, കോട്ടയം രമേഷ്,​ രമ്യ,​ ഭാനുമതി പയ്യന്നൂർ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. എടുത്തുചാട്ടക്കാരനും മുൻകോപിയുമായ ചന്ദ്രബോസിനെ വിഷ്ണു ഉണ്ണിക്കൃഷ്ണൻ മികച്ചതാക്കി. ജോണി ആന്റണി ചിത്രത്തിലുടനീളം കെെയടി നേടുന്നുണ്ട്.

തിരുവനന്തപുരം ഭാഷ ശ്രദ്ധയോടെ കെെകാര്യം ചെയ്യുന്നതിൽ ചിത്രത്തിലെ താരങ്ങൾ വിജയിച്ചിട്ടുണ്ട്. സംവിധായകനായ വി.സി അഭിലാഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്പനി മുതലാളിയായി എത്തുന്ന ജാഫർ ഇടുക്കിയും ശ്രദ്ധ നേടി.

sabash-chandra-bose

ഗ്രാമീണ ഭംഗി പകർത്തിയ സജിത് പുരുഷന്റെ ഛായാഗ്രഹണവും ശ്രീനാഥ് ശിവശങ്കരന്‍ ഒരുക്കിയ സംഗീതവും മികവുപുലർത്തി. ചിത്രത്തിലെ ഗാനങ്ങളും മികച്ച് നിന്നു. 'കാമുകിപ്പാട്ട്' എന്ന പ്രണയ ഗാനം റിലീസിന് മുന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. പഴയ കാലത്തിന്റെ കഥ പറയുന്ന ചിത്രത്തെ രസകരമാക്കുന്നതിൽ ആർട്ട് ടീം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്ന ഒരു കംപ്ലീറ്റ് കോമഡി എന്റർടെയിനറാണ്. സിനിമ സംസാരിക്കുന്ന കാലഘട്ടത്തെപ്പറ്റി പരിചയമില്ലാത്ത യുവതലമുറയ്ക്ക് ചിത്രം പുതിയൊരു അനുഭവമായിരിക്കും. ബ്ലാക്ക് ആന്റ് വെെറ്റ് ടിവി കണ്ടുവളർന്ന ആളുകൾക്ക് പഴയ ഓർമകളിലേയ്ക്ക് മടങ്ങിപ്പോകാൻ അവസരമൊരുക്കുന്ന കൊച്ചു ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABASH CHANDRA BOSE, SABASH CHANDRA BOSE FILM, REVIEW, FILM REVIEW, VISHNU UNNIKRISHNAN, JOHNY ANTONY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.