SignIn
Kerala Kaumudi Online
Saturday, 20 April 2024 6.25 AM IST

തമിഴ്നാട് ലോബിയുടെ പിടിയിലമർ‌ന്ന് കോഴി കർഷകർ

photo

കേരളത്തിൽ ഒരുദിവസം പത്ത് ലക്ഷം ഇറച്ചി കോഴികളെ വിൽക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മലയാളിയുടെ ഇഷ്ടവിഭവത്തിന്റെ വിപണി എത്രമാത്രം വലുതാണെന്ന് ബോദ്ധ്യമാവാൻ ഇതുമാത്രം മതി. എന്നാൽ കേരളത്തിന് ആവശ്യമായ കോഴിയുടെ പത്തിലൊന്ന് പോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നടക്കം അതിർത്തി കടന്നാണ് മലയാളിയുടെ തീന്മേശയിലേക്ക് ചിക്കനെത്തുന്നത്. വലിയ വിപണി സാദ്ധ്യതകളും തൊഴിലും സൃഷ്ടിക്കാൻ കഴിയുന്നൊരു മേഖല എന്തുകൊണ്ടാവും കേരളത്തിൽ വേണ്ടവിധത്തിൽ വളരാത്തത് !. മലയാളിക്ക് കോഴി ഫാമിനോടുള്ള താത്പര്യക്കുറവാണോ കാരണം?. ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ കിട്ടുക,​ അതീവ ഗൗരവത്തോടെ ചർച്ച ചെയ്യപ്പേടേണ്ട കാര്യങ്ങളാണ്.

അന്ന് മൂന്ന് ലക്ഷം ഫാമുകൾ !

കൊവിഡിന് തൊട്ടുമുമ്പ് വരെ കേരളത്തിൽ മൂന്ന് ലക്ഷത്തിലധികം കോഴി ഫാമുകളുണ്ടായിരുന്നു. കുറഞ്ഞത് രണ്ടുപേർ ഒരുഫാമിൽ ജോലിയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ കഷ്ടിച്ച് ഒരുലക്ഷം കോഴി ഫാമുകളെ ഉണ്ടാവൂ എന്നാണ് കോഴി കർഷകരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യയിലെ സ്വദേശിവത്ക്കരണവും ഗൾഫ് മേഖലയിലെ പ്രതിസന്ധിയും മൂലം തിരിച്ചെത്തിയ പ്രവാസികൾ കോഴി ഫാം മേഖലയിലേക്ക് വലിയതോതിൽ ആകർഷിക്കപ്പെട്ടിരുന്നു. ഫാമുകളുടെ എണ്ണം കൂടിയതോടെ അധികം വൈകാതെ ബ്രോയിലർ കോഴി ഇറച്ചിയുടെ കാര്യത്തിൽ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. തമിഴ്നാട്ടിലെ വൻകിട കോഴി ഫാമുകളുടെ കൂട്ടായ്മ കോഴി വില ഏകപക്ഷീയമായി തീരുമാനിക്കുന്ന രീതിക്ക് മാറ്റം കൊണ്ടുവരാനും സാധിച്ചു. കേരളത്തിലെ ഫാമുകൾക്ക് ചിക്കൻ വില തീരുമാനിക്കുന്നതിൽ കാര്യമായ സ്വാധീനവും വന്നു. കേരള ചിക്കൻ എന്ന പേരിൽ സംസ്ഥാന സർക്കാരും ഈ രംഗത്തേക്ക് കടന്നുവന്നതോടെ സീസൺ ലക്ഷ്യമിട്ട് വലിയതോതിൽ വില വർദ്ധിപ്പിക്കുന്ന പ്രവണതയ്ക്ക് ചെറിയ തോതിലെങ്കിലും തടയിടാനായി. കാലങ്ങളായി തങ്ങളുടെ കുത്തകയായിരുന്ന കോഴി ഫാം മേഖലയെ കേരളത്തിലെ കർഷകർ നിയന്ത്രിക്കാൻ തുടങ്ങിയതോടെ കടുത്ത അസ്വസ്ഥതയിലായിരുന്നു തമിഴ്നാട്ടിലെ വൻകിട ഫാമുകളുടെ കൂട്ടായ്മ. എന്തുവില കൊടുത്തും കേരളത്തിലെ കോഴി ഫാം മേഖലയെ തകർക്കണമെന്ന പദ്ധതി രൂപപ്പെട്ടതും ഇതിന് പിന്നാലെയാണ്.

എല്ലാത്തിനും ആശ്രയിക്കണം

കേരളത്തിൽ കോഴി ഉത്പാദനം കൂടിയെങ്കിലും കോഴി കുഞ്ഞ്, തീറ്റ എന്നിവയ്ക്ക് തമിഴ്നാടിനെ ആശ്രയിക്കുകയല്ലാതെ കേരളത്തിലെ കർഷകർക്ക് മറ്റു വഴികളില്ല. ബ്രോയിലർ കോഴികളുടെ പാരന്റ് ബേഡിനെ വളർത്താനുള്ള അവകാശം തമിഴ്നാട്ടിലെ വൻകിട ഫാമുകൾക്കാണ്. നിലവിൽ കേരളത്തിൽ വിൽക്കപ്പെടുന്ന ബ്രോയിലർ കോഴികൾ വിദേശ ഇനങ്ങളും ഇവയുടെ ക്രോസ് ജനുസുകളുമാണ്. വലിയ തുക മുടക്കിയും സൗകര്യങ്ങൾ ഏർപ്പെടുത്തിയുമാണ് ഇവയെ വളർത്താനുള്ള അവകാശം തമിഴ്നാട്ടിലെ വൻകിട ഫാമുകൾ സ്വന്തമാക്കിയത്. കേരളത്തിലെ കോഴി ഫാം മേഖലയെ തകർക്കാൻ കോഴി കുഞ്ഞുങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തമിഴ്നാട് ലോബി തിരിച്ചറിഞ്ഞു. അടിക്കടി കോഴി കുഞ്ഞുങ്ങളുടെ വില വർദ്ധിപ്പിച്ചു. അതേസമയം തമിഴ്നാട്ടിലെ ഫാമുകൾക്ക് കുറഞ്ഞ നിരക്കിൽ കോഴി കുഞ്ഞുങ്ങളെ നൽകുകയും ചെയ്യും.

ഒരുദിവസം പ്രായമായ കോഴി കുഞ്ഞിന്റെ വില തമിഴ്നാട് ലോബി 50 രൂപയ്ക്ക് മുകളിൽ വരെ ഉയർത്തിയിട്ടുണ്ട്. അതേസമയം, തമിഴ്നാട്ടിലെ ഫാമുകൾക്ക് 15 രൂപയ്ക്കുള്ളിൽ നൽകും. കേരളത്തിലേക്ക് 80 ശതമാനം കോഴി കുഞ്ഞുങ്ങളെയും കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. 40 ദിവസത്തിനുള്ളിൽ രണ്ടര കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന വാൻകോബ് 500 എന്ന ഇനം കോഴി കുഞ്ഞുങ്ങളെയാണ് കേരളത്തിലും തമിഴ്നാട്ടിലും വലിയതോതിൽ വളർത്തുന്നത്. കോഴി കുഞ്ഞുങ്ങളുടെ വില വർദ്ധിപ്പിച്ചതോടെ മുട്ട കൊണ്ടുവന്ന് വിരിയിക്കാൻ കേരളത്തിലെ കർഷകർ ശ്രമിച്ചപ്പോൾ മുട്ടയുടെ വിലയും വർദ്ധിപ്പിച്ചു. 12 മുതൽ 14 രൂപയ്ക്ക് ലഭിച്ചിരുന്ന മുട്ടയുടെ വില പലപ്പോഴും 30ന് മുകളിലെത്തിയിട്ടുണ്ട്. ഓരോ വ്യാഴാഴ്ചയും തമിഴ്നാട്ടിലെ വൻകിട ഫാമുകളുടെ കൂട്ടായ്മ യോഗം ചേരാറുണ്ട്. കേരളത്തിലേക്ക് കയറ്റി അയച്ച കോഴി കുഞ്ഞുങ്ങളുടെ കൃത്യമായ കണക്കും ഇവ വിപണിയിലേക്ക് എത്തുന്ന ദിവസവും കണക്കാക്കി കോഴി വില കുറയ് ക്കും.

അമ്പത് കിലോയുള്ള ഒരുചാക്ക് കോഴിത്തീറ്റയുടെ വില 1,500ൽ നിന്നും 2,300 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. കർഷക പ്രക്ഷോഭത്തിന് പിന്നാലെ പടിപടിയായി ഉയർന്ന വില പിന്നീട് താഴ്ന്നിട്ടില്ല. 35-40 ദിവസം കൊണ്ട് 3.5 കിലോഗ്രാം തീറ്റ വേണം ഒരുകോഴിക്ക്. കോഴി തീറ്റ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി ഒത്തുകളിച്ചും കേരളത്തിലേക്കുള്ള കോഴി തീറ്റയുടെ വില അടിക്കടി വർദ്ധിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിൽ വൻകിട കോഴിത്തീറ്റ നിർമ്മാണ കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് തീറ്റ തമിഴ്നാട്ടിലെ ഫാമുകൾക്ക് വിതരണം ചെയ്യുന്നുണ്ട്.

എന്തെല്ലാം കളികൾ

കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണ ചെലവ് എന്നിവ പ്രകാരം കേരളത്തിൽ ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 95 മുതൽ 105 രൂപ വരെ കർഷകർക്ക് ചെലവാകും. എന്നാൽ തമിഴ്നാട്ടിൽ ഇത് 60 മുതൽ 70 രൂപ വരെയാണ്. കടത്തുകൂലി അടക്കം ഉൾപ്പെടുത്തി 90 രൂപയ്ക്ക് വിറ്റാലും തമിഴ്നാട് ലോബിക്ക് നഷ്ടമുണ്ടാവില്ല. എന്നാൽ കേരളത്തിലെ കർഷകർക്ക് ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാവും. സീസണിന് തൊട്ടുമുമ്പ് കോഴി വില വലിയ തോതിൽ കുറച്ച് കേരളത്തിലെ ഫാമുകളെ കടക്കെണിയിലാക്കും. ഇതോടെ കേരളത്തിലെ മിക്ക കോഴി കർഷകരും പുതിയ ബാച്ച് കോഴികളെ വളർത്താൻ ഭയക്കും. കൊവിഡിന് പിന്നാലെ കേരളത്തിലെ കോഴി ഫാമുകളിൽ വലിയതോതിൽ തീറ്റയുടെ ക്ഷാമമുണ്ടായിരുന്നു. ചരക്ക് കടത്തിലെ പ്രതിസന്ധിമൂലം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോഴി തീറ്റ വരാത്തതാണ് കാരണമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാൽ തമിഴ്നാട്ടിലെ ഫാമുകളിലേക്ക് യഥേഷ്ടം തീറ്റയെത്തുകയും ചെയ്തു. തീറ്റയുടെ ക്ഷാമത്തിന് പിന്നാലെ കിട്ടിയ വിലയ്ക്ക് കോഴികളെ വിൽക്കേണ്ട ഗതികേടിലായി കേരളത്തിലെ കോഴി കർഷകർ. ലക്ഷങ്ങളുടെ ബാദ്ധ്യത വന്നതോടെ പലരും ഫാം മേഖലയെ പൂർണ്ണമായും കൈയൊഴിഞ്ഞു. അവശേഷിച്ചവരെയും ഈ രംഗത്ത് നിന്ന് ഇല്ലാതാക്കി കേരളത്തിലെ കോഴി കച്ചവട മേഖലയിൽ സമ്പൂർണ്ണ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള കളികളിലാണ് തമിഴ്നാട് ലോബി. ഇതിന്റെ ഭാഗമാണ് ഇപ്പോൾ കോഴി വില വലിയ തോതിൽ കുറഞ്ഞത്.


വേവുന്നത് നഷ്ടത്തിന്റെ രുചി
കേരളത്തിലെ കോഴി ഫാമുകളിൽ നിന്ന് ബ്രോയിലർ കോഴി കിലോയ്ക്ക് 60 മുതൽ 63 രൂപയ്ക്കാണ് ഇപ്പോൾ ഇടനിലക്കാർ വാങ്ങുന്നത്. ഒരു കോഴിക്കുഞ്ഞിന് 26 മുതൽ 30 രൂപ വരെ നൽകി, 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ കർഷകർക്ക് ചെലവ് തുക പോലും തിരിച്ചു കിട്ടുന്നില്ല. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിറുത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും.

തിരൂർ സ്വദേശിയും കേരള പൗൾട്രി ഫാം അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റുമായ ആസാദിന് 5,000 കോഴികളെ വളർത്താൻ പത്തര ലക്ഷം രൂപയാണ് ചെലവ് വന്നത്. എന്നാൽ കിലോയ്ക്ക് 63 രൂപ നിരക്കിൽ കോഴിയെ വിൽക്കേണ്ടി വന്നപ്പോൾ കിട്ടിയത് 6.30 ലക്ഷം രൂപ. എടക്കര കമ്പളക്കല്ല് സ്വദേശിയും പ്രവാസിയുമായിരുന്ന അസീസിന്റെ 3,000 കോഴികളെ കിലോയ്ക്ക് 60 രൂപയ്ക്കാണ് ഫാമിൽ നിന്ന് വിറ്റത്. ഇത്തരത്തിൽ വലിയ നഷ്ടം നേരിട്ട കർഷകർ നിരവധിയുണ്ട്.

ആടി മാസക്കാലത്ത് കോഴിയിറച്ചിയുടെ ആവശ്യകത കുറയാറുണ്ടെങ്കിലും കഴിഞ്ഞ വർഷമൊന്നും ഇതുപോലെ വില താഴ്ന്നിട്ടില്ല. ഇത്തവണ തമിഴ്നാട് ലോബി കോഴിയുടെ ഉത്പാദനം കുറച്ചിരുന്നു. അതേസമയം കേരളത്തിൽ കൂടുകയും ചെയ്തു. ഇതു മനസ്സിലാക്കിയുള്ള തമിഴ്നാട് ലോബിയുടെ ആസൂത്രിത നീക്കമാണ് കോഴിയുടെ വില കുത്തനെ കുറയാൻ കാരണമെന്നും കേരളത്തിലെ കോഴി ഫാം മേഖലയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും കേരള പൗൾട്രി ഫാം അസോസിയേഷൻ ജനറൽ സെക്രട്ടി ഖാദറലി വറ്റല്ലൂർ പറഞ്ഞു.

ഉയരണം സർക്കാർ

സംവിധാനങ്ങൾ

വലിയ സാദ്ധ്യതകളുള്ള കോഴി ഫാം മേഖലയെ വളർത്തണമെങ്കിൽ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. കോഴി കുഞ്ഞുങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാമുകൾ നവീകരിച്ച് പേരന്റ് സ്റ്റോക്ക് ഫാമുകളാക്കണം. കൂടുതൽ ഹാച്ചറികൾ തുടങ്ങണം. ആവശ്യമായ കോഴി കുഞ്ഞുങ്ങളെയും മുട്ടയും ഉൽപാദിപ്പിക്കാൻ ഇതുവഴി സാധിക്കും. തീറ്റ ഉത്പാദിപ്പിക്കാൻ സർക്കാർ നേരിട്ടോ സഹകരണാടിസ്ഥാനത്തിലോ നിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങണം. കോഴി തീറ്റയിലെ മുഖ്യഘടകങ്ങളായ ചോളവും സോയാബീനും ആഗോള ടെണ്ടറിലൂടെ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. കേരളചിക്കൻ പദ്ധതിയെ കൂടുതൽ സജീവവും ജനകീയവുമാക്കി മാറ്റണം. കർഷക കൂട്ടായ്മകൾ രൂപീകരിച്ച് കോഴി വളർത്തലും വിൽപ്പനയും പ്രോത്സാഹിപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POULTRY FARMS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.