കൊച്ചി കടൽക്ഷോഭം മൂലം പൊറുതിമുട്ടുന്ന ചെല്ലാനത്തെ മാതൃക മത്സ്യഗ്രാമമാക്കി മാറ്റുന്നതിനുള്ള പുനരുദ്ധാരണ പദ്ധതിയുടെ അന്തിമരേഖ സർക്കാരിന് സമർപ്പിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കേരള സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനും (കെ.എസ്.സി.എ.ഡി.സി) സംയുക്തമായാണ് പദ്ധതിരേഖ തയാറാക്കിയത്.
941 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ചെല്ലാനത്തിനുവേണ്ടിയുള്ള പദ്ധതിയിലുള്ളത്. രണ്ടു മുതൽ മൂന്ന് വർഷത്തിനുള്ളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കുഫോസിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവിന്റെയും ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്റെയും സാന്നിദ്ധ്യത്തിൽ കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ.ഷേക്ക് പരീതും കുഫോസ് വൈസ് ചാൻസലർ കെ.റിജി ജോണും സംയുക്തമായി അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സർക്കാരിന് വേണ്ടി ഫിഷറീസ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള പദ്ധതിരേഖ ഏറ്റുവാങ്ങി. ചെല്ലാനം തീരദേശത്ത് മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണന്നും ശക്തമായ കാലവർഷത്തിനിടയിലും കടൽക്ഷോഭത്തെ പേടിക്കാതെ ചെല്ലാനത്ത് ജീവിക്കാം എന്ന നിലയിലായിട്ടുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതിലോല തീരദേശങ്ങളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് 5400 കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ചെല്ലാനം മാതൃക മത്സ്യഗ്രാമം ഇതിന്റെ പ്രാഥമിക പദ്ധതിയാണെന്നും രാജീവ് പറഞ്ഞു. 941.72 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കുന്ന പദ്ധതിയിൽ പുതിയതായി കണ്ടെത്തേണ്ടത് 421.55 കോടി രൂപയാണെന്ന് ഷേക്ക് പരീത് അറിയിച്ചു.ചെല്ലാനം പുനർനിർമാണത്തിന് 520.17 കോടി രൂപ വിവിധ വകുപ്പുകൾക്ക് സർക്കാർ അനുവദിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ ഫിഷറീസ് മന്ത്രി വി. വി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.മാക്സി എം.എൽ.എ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ, ചെല്ലാനം പദ്ധതി നോഡൽ ഓഫിസർ (കുഫോസ്) ഡോ.കെ.ദിനേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.