SignIn
Kerala Kaumudi Online
Thursday, 25 April 2024 6.12 AM IST

തായ്‌വാന് മേലെ യുദ്ധമേഘങ്ങൾ ?​

nanci-pelosi

അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനു പിന്നാലെ തായ്‌വാൻ കടലിൽ വൻ സൈനികാഭ്യാസങ്ങളാണ് ചൈന നടത്തുന്നത്. ചൈന അരനൂറ്റാണ്ടായി അവകാശവാദം ഉന്നയിക്കുന്ന രാജ്യമാണിത്.

തായ്‌വാൻ കടലിടുക്കിലേക്ക് 11 ബാലസ്റ്റിക് മിസൈലുകൾ ചൈന തൊടുത്തു .തായ്‌വാൻ തീരത്ത് നിന്നും വെറും 19 കിലോമീറ്റർ അകലെയാണ് ഈ മിസൈലുകളിലൊന്ന് പതിച്ചത്. ചിലത് ജപ്പാന്റെ കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളിലും പതിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായർവരെ സൈനികാഭ്യാസം തുടരുമെന്നാണ് ചൈനയുടെ പ്രഖ്യാപനം.1996 നുശേഷം ഇത്രയും വിപുലമായ ചൈനീസ് സൈനികാഭ്യാസങ്ങൾ ഈ മേഖലയിൽ ആദ്യമാണ്. ഈ സൈനികനീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് അമേരിക്ക രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരത്തിൽ ലോകത്തിലെ പ്രബലശക്തികൾ പരസ്പരം പോർമുഖത്ത് വരുന്നത് ഒരു മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് ലോകത്തിന്റെ ആശങ്ക.

ചൈനയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന നിരവധി ദ്വീപുകൾ അടങ്ങിയ പ്രദേശമാണ് തായ്‌വാൻ. ഔദ്യോഗിക നാമം റിപ്പബ്ലിക്ക് ഓഫ് ചൈന. ജനസംഖ്യ 2.36 കോടി മാത്രം. ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ 21 എന്ന മികച്ച സ്ഥാനം. പീപ്പിൾസ് റിപ്പബ്ലിക്ക് ഒഫ് ചൈന അഥവാ മെയിൻലാന്റ് ചൈനയോട് ചരിത്രപരമായി അടുത്തബന്ധം പുലർത്തിയിരുന്നു തായ്‌വാൻ ദ്വീപുകൾ. തയ്‌വാന്റെ ജനസംഖ്യയിൽ 97 ശതമാനവും ചൈനീസ് ഹാൻ വംശജരാണ്. ഭൂരിപക്ഷത്തിന്റെയും ഭാഷ ചൈനീസ് മണ്ടാരിൻ. ജപ്പാന്റെ അധിനിവേശത്തിലായിരുന്ന ഈ പ്രദേശം രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനമാണ് സ്വതന്ത്രമായത്. ചൈനയിൽ ചിയാൻ കൈഷക്കിന്റെ കുമിന്താങ് വിഭാഗവും മാവോ സേതൂങ്ങിന്റെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അധികാരത്തർക്കത്തിൽ കമ്മ്യൂണിസ്റ്റുകാർ വിജയിക്കുകയും 1949 ഒക്ടോബർ ഒന്നിന് പീപ്പിൾസ് റിപ്പബ്ലിക്ക് ഒഫ് ചൈന എന്ന ഇന്നത്തെ ചൈന നിലവിൽവരികയും ചെയ്തു. പരാജയപ്പെട്ട കുമിന്താങ്ങുകൾ തായ്‌വാനിലേക്ക് രക്ഷപ്പെട്ടു. അവിടെ റിപ്പബ്ലിക്ക് ഓഫ് ചൈന ഭരണകൂടം സ്ഥാപിച്ച അവർ ഇപ്പോഴും അവകാശപ്പെടുന്നത് എല്ലാ ചൈനീസ് പ്രദേശങ്ങളുടെയും യഥാർത്ഥ അവകാശികൾ തങ്ങളാണെന്നാണ്. ചൈന ഇതിനെ നഖശിഖാന്തം എതിർത്തുപോന്നു. ചൈനീസ് ഭാഷ്യം ചൈനയുടെ ഭാഗമായ ഒരു സ്വയംഭരണ പ്രദേശമാണ് ഇതെന്നാണ്.

അറുപതുകളിൽ തുടങ്ങിയ വേഗതയാർന്ന വ്യവസായവൽക്കരണം വഴി മേഖലയിലെ പ്രബല ശക്തിയായി മാറാൻ തായ്‌വാന് കഴിഞ്ഞു. പട്ടാള ഭരണത്തിന് കീഴിലുള്ള ഒറ്റപ്പാർട്ടി ഏകാധിപത്യ ഭരണമായിരുന്നു 1987വരെ തായ് വാനിൽ നിലനിന്നിരുന്നത്. ഇന്ന് ഏറെക്കുറെ ഒരു ജനാധിപത്യ രാജ്യമാണിത് . 1950കൾ മുതൽതന്നെ തായ് വാൻ അമേരിക്കൻ സഹായം സ്വീകരിച്ചുപോന്നിരുന്നു. ഇരുരാജ്യങ്ങളും ചേർന്നുള്ള നിരവധി പരസ്പര സൈനിക സഹകരണ കരാറുകൾ നിലവിലുണ്ട്. തായ്‌വാൻ യു.എസ്. ഉടമ്പടികൾ പ്രകാരം അമേരിക്ക തായ്‌വാന് ആയുധ വിൽപ്പനയും സൈനിക പരിശീലനവും നൽകിപ്പോരുന്നു. ഇത് ചൈനയുടെ ശക്തമായ എതിർപ്പിന് കാരണമായിട്ടുണ്ട്.

1997ൽ അമേരിക്കൻ സ്പീക്കറായിരുന്ന ന്യൂവ് ജിൻഗ്രിച്ച് ഇവിടം സന്ദർശിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമേരിക്കയും ചൈനയും തമ്മിൽ കിടമത്സരം നടക്കുന്ന സമയം, യുക്രെയ്‌ൻ യുദ്ധത്തിൽ ചൈന നിഷ്പക്ഷത പാലിച്ചുകൊണ്ട് റഷ്യയെ പിന്തുണയ്‌ക്കുന്ന സമയം എന്നിവ ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. ലോകത്തിലെ പ്രബല ശക്തികൾ ആരെന്ന ചോദ്യത്തിന് ഈ രണ്ട് ശക്തികളുടെ പേരാണ് ഉയർന്നുവരിക. ആഭ്യന്തര ഭരണകൂടങ്ങളെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. ചൈനയിൽ 2012 മുതൽ അധികാരത്തിലിരിക്കുന്ന ഷി ജിൻപിങ് മൂന്നാമതും പ്രസിഡന്റായിരിക്കുന്ന സമയം, അടുത്ത കാലത്ത് ചൈന കണ്ട ഏറ്റവും ശക്തനായ നേതാവ്. അടുത്ത തവണയും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണെങ്കിലും രാഷ്ട്രത്തിനകത്തും പുറത്തും തന്റെ ഇമേജ് സംരക്ഷിക്കൽ അദ്ദേഹത്തിന് നിർബന്ധമാണ്. ഗ്രേറ്റർ ചൈന എന്ന ആശയത്തിനായി നിലകൊള്ളുന്ന അദ്ദേഹത്തെ സംബന്ധിച്ച് , അമേരിക്ക തന്നെ ഒരു രാഷ്ട്രമെന്ന് അംഗീകരിച്ച സ്ഥലത്തേക്കുള്ള പെലോസിയുടെ സന്ദർശനം അവഗണിക്കാവുന്നതല്ല. ജോ ബൈഡന്റെ പ്രതിയോഗികളായ റിപ്പബ്ലിക്കൻസിന്റെ പ്രധാന ആരോപണം അദ്ദേഹം ചൈനയോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നതാണ്. പൊതുവിൽ തിരഞ്ഞെടുപ്പിന് ശേഷം ബൈഡന് തണുപ്പൻ സമീപനമാണെന്ന് വിമർശനവുമുണ്ട്.
എന്തുകൊണ്ട് പെലോസിയുടെ സന്ദർശനം ഇപ്പോൾ ചർച്ചയാവുന്നു എന്ന ചോദ്യത്തിനുള്ള മറുപടികളിൽ ഒന്ന് അവരുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളാണ്. വർഷങ്ങളായി കടുത്ത ചൈനീസ് വിമർശകയാണ് ഈ 82 കാരി. ടിയാനെൻമൻ സ്‌ക്വയർ സംഭവം നടന്ന് രണ്ട് വർഷത്തിനകം അവിടം സന്ദർശിച്ച അവർ നിശിത വിമർശനമാണ് ചൈനയ്‌ക്കെതിരെ ഉന്നയിച്ചിരുന്നത്. ഹോങ്കോങ്, ടിബറ്റ് വിഷയങ്ങൾ അവർ എപ്പോഴും ഉന്നയിക്കാറുണ്ട്. ബെയ്ജിങ് ഒളിംപിക്സ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്‌ത നേതാവുകൂടിയാണ് പെലോസി. അവർ തായ്‌വാനിൽ വിമാനമറങ്ങിയതിന് ശേഷമുള്ള ട്വീറ്റുകളിലും പ്രസംഗങ്ങളിലും പറഞ്ഞത് ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയവയിലെ ചൈനയുടെ എതിർപ്പുകളെ സംബന്ധിച്ചാണ്.

സന്ദർശനത്തിന് തിരിച്ചടിയെന്നോണം സൈനിക നടപടികൾക്കൊപ്പം തന്നെ സാമ്പത്തികമായും ചൈന തായ്‌വാനെ വലിഞ്ഞുമുറുക്കുന്നുണ്ട്. തായ്‌വാൻ കമ്പനികളുടെ ഇറക്കുമതി നിരോധിച്ച ചൈന , തായ്‌വാനിലേക്കുള്ള പല വസ്തുക്കളുടെയും കയറ്റുമതിയും നിറുത്തി. തായ്‌വാൻ കമ്പനികളുടെ വൻ നിക്ഷേപമാണ് ചൈനയിലുള്ളത്. ചിപ്പുകളുടെ കയറ്റുമതിയാണ് തായ് വാൻ ജി.ഡി.പിയുടെ സിംഹഭാഗവും. ഇതിനുള്ള തടസം ആഗോള ഇലക്ട്രോണിക്സ്, ഓട്ടോ മൊബൈൽ ബിസിനസിനെ ബാധിക്കും.
ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണചൈന സമുദ്രത്തിൽ ചൈനീസ് ആധിപത്യ ശ്രമങ്ങൾ തടയാനായി അമേരിക്ക മുൻകൈയെടുത്ത് ഉണ്ടാക്കിയ ക്വാഡ് സഖ്യത്തിന്റെ ഭാഗമാണ് രാജ്യം. ഗാൽവൻ പ്രദേശത്തുള്ള ചൈനയുടെ കടന്നുകയറ്റം തർക്കങ്ങൾക്കൊടുവിൽ അവസാനിച്ചെങ്കിലും 2020 ന് മുൻപുള്ള അതിർത്തി പുനഃസ്ഥാപിക്കാൻ ഇനിയും ഇന്ത്യയ്ക്കായിട്ടില്ല. മാത്രമല്ല പല ഇന്ത്യൻ പ്രദേശങ്ങൾക്ക് മേലും ചൈന അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ ചൈനയ്‌ക്ക് പാകിസ്ഥാനുമായി സാമ്പത്തിക സൈനികതലത്തിൽ ഏറ്റവുമടുത്ത ബന്ധമാണ്. ഈ സാഹചര്യത്തിൽ വലിയ രീതിയിൽ ചൈന - അമേരിക്ക സംഘർഷം നടന്നാൽ ഇന്ത്യയെ സംബന്ധിച്ച് യുക്രെയ്ൻ വിഷയത്തിൽ എടുത്തതു പോലെ ഒരു തരം ചേരിചേരാ നിലപാട് സാദ്ധ്യമല്ല. പെലോസിയുടെ സന്ദർശനം ബൈഡന്റെ താത്‌പര്യം കൊണ്ടല്ലെന്ന വാദത്തിൽ വലിയ കഴമ്പില്ല. അധികാരമേറ്റശേഷം നടത്തിയ പല പ്രസ്താവനങ്ങളിലും ബൈഡൻ തായ്‌വാന് സായുധ സംരക്ഷണം നൽകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തായ്‌വാൻ തങ്ങളുടെ അവിഭാജ്യ പ്രദേശമാണെന്നാണ് പ്രഖ്യാപിത ചൈനീസ് നിലപാട് . ഇത് അമേരിക്ക ഏകദേശം അംഗീകരിച്ച സംഗതിയുമാണ്. അത്തരം പ്രദേശത്തേക്ക് ചൈനീസ് എതിർപ്പ് മറികടന്ന് അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കറുടെ സന്ദർശനം ചൈനീസ് ഗവൺമെന്റിന് കടുത്ത വെല്ലുവിളിയാണ്. ചൈനീസ് ഭരണകൂടം ലക്ഷ്യംവയ്ക്കുന്ന വിശാല ചൈനീസ് സാമ്രാജ്യത്തിന്റെ ഭാഗമായി ഇന്നല്ലെങ്കിൽ നാളെ ചേരേണ്ട പ്രദേശമായിട്ടാണ് ചൈന തായ്‌വാനെ കാണുന്നത്. 2049 ൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തിനു മുൻപായി ഇത് സാദ്ധ്യമാക്കുമെന്ന നിരീക്ഷണങ്ങൾ വളരെ പ്രബലമാണ്. പ്രവചനാതീതമാണ് ചൈനീസ് ഭരണകൂടത്തിന്റെ സ്വഭാവം. ഇപ്പോൾ തായ്‌വാന് ചുറ്റും മാത്രമല്ല, അവർ അവകാശമുന്നയിക്കുന്ന ഭൂപ്രദേശങ്ങൾക്ക് അകത്തും ചൈനീസ് റോക്കറ്റുകൾ പതിക്കുന്നു. ഇത് നേരിട്ടുള്ള ഒരു ലോകയുദ്ധത്തിന് വഴിവയ്‌ക്കാനുള്ള സാദ്ധ്യത കുറവാണ്. എങ്കിലും ചൈന തായ്‌വാനെ ഒരു ദിനം തങ്ങളുടെ അധികാര പരിധിയിലാക്കുമെന്നതിൽ സംശയമില്ല. അതിനോട് അമേരിക്കയും എങ്ങനെ പ്രതികരിക്കും എന്നതിന് അനുസരിച്ചായിരിക്കും ലോകത്തിന്റെ ഭാവി .

( കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്‌മാബി കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TAIWAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.